കൊണ്ടോട്ടി: മുതുവല്ലൂര്‍, കുഴിമണ്ണ പഞ്ചായത്തുകളിലെ കുന്നുകളിടിച്ച് തമിഴ്നാട്ടിലേക്ക് മണ്ണ് കടത്തുന്നത് തുടരുന്നു. നിരവധി നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് കുന്നുകളിടിക്കുന്നത്. നേരത്തേ പത്രങ്ങളില്‍ വാര്‍ത്ത വന്നതോടെ ആര്‍.ഡി.ഒ നേരിട്ടത്തെി ഖനനം നിര്‍ത്തിവെപ്പിച്ചിരുന്നു. ഇപ്പോള്‍ പൂര്‍വ ശക്തിയോടെയാണ് തുടങ്ങിയത്. ഖനനത്തിനെതിരെ പ്രദേശവാസികള്‍ നിരവധി വാതിലുകള്‍ മുട്ടിയെങ്കിലും ഉന്നതങ്ങളിലെ ബന്ധംമൂലം ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. കുഴിമണ്ണയിലെ മേല്‍മുറിക്കടുത്ത ചെനിയംകുന്ന് മലയിലെ ചെറിയ സ്ഥലത്തിനാണ് ഖനനത്തിന് അനുമതിയെങ്കിലും കുഴിമണ്ണയിലെയും മുതുവല്ലൂരിലെയും സമീപ കുന്നുകളില്‍ നിന്നെല്ലാം മണ്ണ് എടുക്കുന്നുണ്ട്. കുന്നിടിച്ച മണ്ണ് ടിപ്പര്‍ ലോറികളില്‍ കടുങ്ങല്ലൂര്‍ പാലത്തിന് സമീപം കൊണ്ടുവന്നിടുകയും ഇവിടെനിന്ന് ലോറികളില്‍ തമിഴ്നാട്ടിലേക്ക് കയറ്റി വിടുകയുമാണ്. ഓരോ ദിവസവും ഇത്തരത്തില്‍ നിരവധി ലോഡ് മണ്ണാണ് വാളയാര്‍ കടക്കുന്നത്. പാരിസ്ഥിതിക ആഘാത പഠനം നടത്താതെയും പാരിസ്ഥിതിക അനുമതി ലഭിക്കാതെയുമാണ് ഖനനം നടത്തുന്നത്. ഖനനം നടത്തുന്നതിന്‍െറ 25 മീറ്റര്‍ ചുറ്റളവിലുള്ള വസ്തു ഉടമകളുടെ സമ്മതം വാങ്ങണമെന്ന നിയമവും കാറ്റില്‍ പറത്തിയതായി പുളിയക്കോട് മേല്‍മുറി ചെനിയംകുന്ന് സംരക്ഷണ സമിതി ഭാരവാഹികള്‍ പറയുന്നു. എന്‍വയണ്‍മെന്‍റല്‍ ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയാല്‍ മാത്രമേ ഇത്തരം ഖനനങ്ങള്‍ക്ക് അനുമതി നല്‍കാവൂവെന്ന സുപ്രീം കോടതി വിധിയും ഖനന മാഫിയ കാറ്റില്‍ പറത്തിയിരിക്കുകയാണ്. ജിയോളജി വകുപ്പ് ഡയറക്ടറുടെ ശിപാര്‍ശ പ്രകാരം വ്യവസായ വകുപ്പ് സെക്രട്ടറിയാണ് അനുമതി നല്‍കിയത്. അതുകൊണ്ടുതന്നെ വില്ളേജ്, താലൂക്ക് അധികൃതരെല്ലാം കൈമലര്‍ത്തുകയാണ്. ചെങ്കല്ല് ഖനനത്തിനാണ് അനുമതി ലഭിച്ചതെന്നും ചെമ്മണ്ണ് ഖനനത്തിനല്ളെന്നുമാണ് സംരക്ഷണ സമിതിയുടെ മറ്റൊരു ആരോപണം. ജില്ലാ ജിയോളജിസ്റ്റ് നല്‍കിയ വിവരാവകാശ മറുപടിയിലും ചെങ്കല്ല് ഖനനമാണെന്നാണ് സമിതി നേതാക്കള്‍ പറയുന്നത്. കുഴിമണ്ണ ഗ്രാമപഞ്ചായത്ത് കഴിഞ്ഞ ജനുവരിയില്‍ ഖനനം റദ്ദ് ചെയ്യാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഐകകണ്ഠ്യേന പാസാക്കിയ പ്രമേയത്തിന് ഒരു വിലയും നല്‍കിയിട്ടില്ല. ഇപ്പോള്‍ പരിസരങ്ങളിലെല്ലാം കുടിവെള്ള ക്ഷാമം രൂക്ഷമാണ്. മഴക്കാലത്ത് കടുങ്ങല്ലൂര്‍ തോടിന് ഭീഷണിയാവുന്ന രീതിയിലാണ് കൊണ്ടോട്ടി-അരീക്കോട് സംസ്ഥാന പാതയില്‍ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. ഇതിനെതിരെയും പരിസരവാസികള്‍ പരാതി നല്‍കിയെങ്കിലും അധികൃതര്‍ തിരിഞ്ഞ് നോക്കിയിട്ടില്ല. 1.2 ഹെക്ടര്‍ സ്ഥലത്തുനിന്ന് വര്‍ഷംതോറും 15,000 മെട്രിക് ടണ്‍ മണ്ണ് ഖനനം ചെയ്യാന്‍ പത്ത് വര്‍ഷത്തേക്കാണ് അനുമതി ലഭിച്ചത്. ഇപ്പോള്‍ നടക്കുന്ന ഖനനം അനുസരിച്ച് ഓരോ വര്‍ഷവും ഇതിന്‍െറ പല മടങ്ങ് മണ്ണ് തമിഴ്നാട്ടിലേക്ക് പോവും. അരീക്കോട്, ചീക്കോട് ഭാഗങ്ങളില്‍നിന്നും അനുമതിയില്ലാതെ മണ്ണെടുക്കുന്നുണ്ട്. പത്ത് വര്‍ഷം കഴിയുമ്പോഴേക്കും മേഖലയിലെ മുഴുവന്‍ മലകളും തമിഴ്നാട്ടിലെ സിമന്‍റ് ഫാക്ടറികളിലത്തെുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്ഥലം ഉടമകളില്‍നിന്ന് കുറഞ്ഞ പണത്തിന് കൈക്കലാക്കുന്ന മണ്ണിന് പത്തിരട്ടിയിലേറെ ലാഭം വാങ്ങിയാണ് തമിഴ്നാട്ടിലെ സിമന്‍റ് കമ്പനികള്‍ക്ക് കൈമാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.