അങ്ങാടിപ്പുറത്തെ അഴിയാക്കുരുക്കിന് വിട

പെരിന്തല്‍മണ്ണ: ഗതാഗത കുരുക്കിന്‍െറ നാളുകള്‍ക്ക് അന്ത്യംകുറിച്ച് അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലം പൊതുജനങ്ങള്‍ക്ക് ശനിയാഴ്ച തുറന്ന് കൊടുക്കും. ഇതോടെ പാലക്കാട്-കോഴിക്കോട് ദേശീയപാത 213ലെ യാത്ര ഏറക്കുറെ സുഗമമാവും. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പെരിന്തല്‍മണ്ണയില്‍നിന്ന് അങ്ങാടിപ്പുറത്തേക്ക് നിറപ്പകിട്ടാര്‍ന്ന ഘോഷയാത്ര നടത്തി ജനകീയ ഉദ്ഘാടനം നടത്താനുള്ള ആലോചന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ വേണ്ടെന്ന് വെക്കുകയായിരുന്നു. പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചതാണ് ആഘോഷം സംഘടിപ്പിക്കാന്‍ തയാറെടുത്തവര്‍ക്ക് തിരിച്ചടിയായത്. ജനകീയ ഉദ്ഘാടനം നടത്തുന്നത് അഴിയാക്കുരുക്കില്‍നിന്നുള്ള മോചനത്തിന്‍െറ ആഹ്ളാദം പ്രകടിപ്പിക്കാന്‍ മാത്രമാണെന്നാണ് വെള്ളിയാഴ്ച സബ്കലക്ടര്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്ത പലരും സൂചിപ്പിച്ചത്. പണിപൂര്‍ത്തിയായ ഉടന്‍ പാലം തുറന്ന് കൊടുക്കാനുള്ള തീരുമാനത്തെ സര്‍വകക്ഷിയോഗം സ്വാഗതം ചെയ്തു. മര്‍ച്ചന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് ചമയം ബാപ്പു, എ.കെ. നാസര്‍ (മുസ്ലിം ലീഗ്), വി. രമേശന്‍ (സി.പി.എം), വി.വി.ആര്‍. പിള്ള (സി.പി.ഐ), ഹംസ പാലൂര്‍ (എന്‍.സി.പി), പി. രാധാകൃഷ്ണന്‍ (കോണ്‍), കെ.എച്ച്. അബൂബക്കര്‍ (ആര്‍.എസ്.പി), ശിവദാസന്‍ (ബി.ജെ.പി), കെ. മുഹമ്മദലി ഹാജി (ബസുടമ സംഘം ജന. സെക്രട്ടറി) തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. മേല്‍പ്പാലം സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധിപേര്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. കാണാന്‍ എത്തുന്നവരെ നിര്‍മാണമേല്‍നോട്ടം നടത്തിയ ആര്‍.ബി.ഡി.സി ജീവനക്കാര്‍ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.