നിലമ്പൂര്‍ സര്‍ക്കിളിന് കീഴില്‍ 35 പ്രശ്നബാധിത ബൂത്തുകള്‍

നിലമ്പൂര്‍: മാവോവാദി സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിലമ്പൂര്‍ സര്‍ക്കിളിന് കീഴില്‍ 35 പ്രശ്നബാധിത ബൂത്തുകളെന്ന് പൊലീസ് വിലയിരുത്തല്‍. വണ്ടൂര്‍ മണ്ഡലത്തില്‍ വരുന്ന മമ്പാട് പഞ്ചായത്തും ഏറനാട് മണ്ഡലത്തില്‍ വരുന്ന ചാലിയാര്‍ പഞ്ചായത്തും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ സര്‍ക്കിള്‍. പൂക്കോട്ടുംപാടം, നിലമ്പൂര്‍, പോത്തുകല്‍, എടക്കര, വഴിക്കടവ് എന്നീ സ്റ്റേഷനുകളാണ് നിലമ്പൂര്‍ സര്‍ക്കിള്‍ ഓഫിസിന് കീഴിലുള്ളത്. വഴിക്കടവ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ പ്രശ്നബാധിത ബൂത്തുകളുള്ളത്. തണ്ണിക്കടവ്, മുണ്ടപ്പൊട്ടി, വെള്ളക്കട്ട, കാഞ്ഞിരത്തിങ്ങല്‍, പൂവ്വത്തിപ്പൊയില്‍ എന്നിവയാണിവ. ഇവിടങ്ങളില്‍ ഒരുകേന്ദ്രത്തില്‍ തന്നെ ഒന്നിലധികം ബൂത്തുകളുണ്ട്. എടക്കര സ്റ്റേഷന്‍ പരിധിയില്‍ വരുന്ന മൂത്തേടം പഞ്ചായത്തില്‍ താളിപ്പാടം (മൂന്ന്), കല്‍ക്കുളം (രണ്ട്), ചോളമുണ്ട (രണ്ട്), പൂക്കോട്ടുംപാടം സ്റ്റേഷന്‍ പരിധിയില്‍വരുന്ന കരുളായി പഞ്ചായത്തിലെ ടി.കെ കോളനി, നെടുങ്കയം, പുഞ്ച, കവളമുക്കട്ട, പോത്തുകല്‍ സ്റ്റേഷന് കീഴിലെ തമ്പുരാട്ടിക്കല്ല് ട്രൈബല്‍ സ്കൂള്‍, ശാന്തിഗ്രാം ഗ്രാമസഭ സ്കൂള്‍, നിലമ്പൂര്‍ സ്റ്റേഷന് കീഴില്‍ വരുന്ന വാളാംതോട് സ്കൂള്‍ തുടങ്ങിയവയാണ് പ്രശ്നബാധിത ബൂത്തുകളായി പൊലീസ് കാണുന്നത്. ഇവിടങ്ങളില്‍ ഭൂരിഭാഗവും ആദിവാസികളാണ് വോട്ടര്‍മാരായുള്ളത്. അന്തിമ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം തയാറാക്കുമെന്ന് നിലമ്പൂര്‍ സി.ഐ ടി. സജീവന്‍ പറഞ്ഞു. ഇതിന്‍െറ ഭാഗമായി സര്‍ക്കിളിന് കീഴിലെ എസ്.ഐമാരുടെ യോഗം ഞായറാഴ്ച ചേരും. നേരത്തേ പ്രശ്നങ്ങളുണ്ടായതും പ്രശ്നസാധ്യത കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയേറിയതുമായവ മാത്രമേ പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തൂവെന്നും സി.ഐ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.