എക്സൈസ് റെയ്ഡില്‍ നാലുപേര്‍ അറസ്റ്റില്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വിവിധയിടങ്ങളിലായി മലപ്പുറം എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ വില്‍പനക്കായി സൂക്ഷിച്ച ചാരായം, വിദേശമദ്യം, കഞ്ചാവ് എന്നിവ പിടികൂടി. വിവിധ സംഭവങ്ങളിലായി അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. കൊണ്ടോട്ടി തുറക്കല്‍ ഭാഗത്ത് മദ്യവില്‍പന നടത്തവേ 19 കുപ്പികളിലായി സൂക്ഷിച്ച മദ്യവുമായി തുറക്കല്‍ എടപ്പറ്റപറമ്പ് വീട്ടില്‍ വേലായുധനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. നീറാട് മുണ്ടപ്പലത്ത് ഓട്ടോയില്‍ മദ്യവില്‍പന നടത്തിയതിന് ഉള്ളാട്ടുപുറായ് രാജനെതിരെ കേസെടുത്തു. ഇയാള്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പത്ത് ലിറ്റര്‍ മദ്യമടക്കം ഓട്ടോറിക്ഷ കസ്റ്റഡിയിലാണ്. രാജനെയും കൂട്ടാളിയെയും ഉടനെ പിടികൂടുമെന്ന് ഇന്‍സ്പെക്ടര്‍ അറിയിച്ചു. എടവണ്ണപ്പാറ ചീടിക്കുഴിയില്‍നിന്ന് രണ്ട് ലിറ്റര്‍ ചാരായവുമായി ചീടിക്കുഴി സുരേഷിനെ റെയ്ഞ്ച് സംഘം പിടികൂടി. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കുട്ടികള്‍ക്കിടയിലും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും കഞ്ചാവത്തെിക്കുന്ന വില്‍പനക്കാരനും ഇടനിലക്കാരനും വള്ളുവമ്പ്രം, മലപ്പുറം എന്നിവിടങ്ങളില്‍നിന്ന് പിടികൂടി. വള്ളുവമ്പ്രത്ത് വില്‍പനക്കായി എത്തിച്ച 200 ഗ്രാം കഞ്ചാവുമായി വള്ളുവമ്പ്രം പാലക്കപള്ളിയാളി പോക്കുട്ടിയെയും ചില്ലറ വില്‍പനക്കാരന് കൈമാറുന്നതിനിടെ 500 ഗ്രാം കഞ്ചാവുമായി മഞ്ചേരി തൃക്കലങ്ങോട് ആമയൂര്‍ സ്വദേശി കൈപ്പകശ്ശേരി അബ്ദുല്‍ ലത്തീഫ് വാറങ്കോട് സ്വകാര്യ ആശുപത്രിക്ക് മുന്നിലുമാണ് പിടിയിലായത്. ഇയാള്‍ കഞ്ചാവുകാര്‍ക്കിടയില്‍ സില്‍ക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇരുവരെയും മലപ്പുറം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.എന്‍. സുധീര്‍, പ്രിവന്‍റീവ് ഓഫിസര്‍മാരായ അനീഷ് കുമാര്‍ പുത്തില്ലന്‍, വി. മായിന്‍കുട്ടി, ഒ. അബ്ദുല്‍ നാസര്‍ (മലപ്പുറം ഐ.ബി), സിവില്‍ ഓഫിസര്‍മാരായ വി. അരവിന്ദന്‍, എം. ജയപ്രകാശ്, പ്രമോദ് ദാസ്, എം.കെ. ഷിജു, ജ്യോതിഷ്ചന്ദ്, സതീഷ് കുമാര്‍, മുഹമ്മദാലി, ജിഷ, സിന്ധു, പി.വി. ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.