ഉദ്യോഗസ്ഥര്‍ നിശ്ശബ്ദര്‍; വയല്‍ നികത്തല്‍ സജീവം

എടപ്പാള്‍: പൊലീസും റവന്യൂ ഉദ്യോഗസ്ഥരും നിശ്ശബ്ദരാകുന്നതോടെ എടപ്പാള്‍, പൊന്നാനി മേഖലകളിലെ വയല്‍ നികത്തല്‍ സജീവമാവുകയാണ്. രാഷ്ട്രീയ നേതാക്കളില്‍ ഒരുവിഭാഗം പരസ്യമായി സംരക്ഷണം തീര്‍ത്ത് രംഗത്തും എത്തിയതോടെ വയലുകള്‍ നികത്താനും കുന്നിടിക്കാനും നിര്‍ഭയത്തോടെ മണ്ണ് മാഫിയ രാപ്പകലില്ലാതെ ഓടുകയാണ്. മലപ്പുറം പാലക്കാട് ജില്ലാ അതിര്‍ത്തിയിലെ കരിമ്പ മേഖലയില്‍നിന്നും പടിഞ്ഞാറങ്ങാടി, കൂനംമൂച്ചി, ആനക്കര മേഖലകളില്‍നിന്നും അമ്പതില്‍പ്പരം ടിപ്പര്‍ ലോറികളാണ് മണ്ണുമായി എടപ്പാള്‍, പൊന്നാനി മേഖലകളിലെ വയലുകള്‍ നികത്താനായി രാപ്പകലില്ലാതെ ഓടിക്കൊണ്ടിരിക്കുന്നത്. പൊന്നാനി കോള്‍ മേഖലയില്‍ കെ.എല്‍.ഡി.സി നിര്‍മിക്കുന്ന ബണ്ടുകളുടെ നിര്‍മാണത്തിന് അനുവദിച്ച പാസിന്‍െറ മറവിലാണ് ടിപ്പര്‍ ലോറികളില്‍ മണ്ണ് എത്തിക്കുന്നത്. പൊന്നാനി കോള്‍ മേഖലയില്‍ നിലവില്‍ ബണ്ട് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നത്. ഒളമ്പക്കാവ്, തുറവാണം, ചേലക്കടവ്, പതുക്കുഴി, വള്ളുവമ്പായി, തേരേറ്റ് കായല്‍ എന്നിവിടങ്ങളിലാണ്. ഈ ബണ്ടുകളെല്ലാം കോള്‍മേഖലയുടെ തെക്കന്‍ ഭാഗത്താണ്. എടപ്പാള്‍ വഴി കടന്നുപോകുന്ന ടിപ്പര്‍ ലോറികള്‍ മണ്ണെത്തിക്കുന്ന പൊന്നാനി കുണ്ടുകടവ് ജങ്ഷന് സമീപത്തെ വയല്‍ പ്രദേശത്തേക്കും തുയ്യം ഐ.ജെ പടിക്ക് സമീപത്തെ വയല്‍ പ്രദേശത്തേക്കുമാണ്. ടിപ്പര്‍ ലോറികളുടെ സുഗമമായ യാത്രക്ക് എസ്കോര്‍ട്ട് തൊഴിലാളികളെയും മണ്ണുമാഫിയ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പത്തോളം വരുന്ന മണ്ണ് മാഫിയ നേതൃത്വങ്ങള്‍ എടപ്പാള്‍ ജങ്ഷനിലെ പാലക്കാട് റോഡിലുള്ള പെട്രോള്‍ ബങ്കില്‍ സദാ ജാഗരൂകരായി നില്‍ക്കുന്നുമുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ആരംഭിച്ച മണ്ണ് നിറച്ച ടിപ്പര്‍ ലോറികളുടെ യാത്ര ശ്രദ്ധയില്‍പ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകര്‍ ചങ്ങരംകുളം, പൊന്നാനി, തൃത്താല പൊലീസ് സ്റ്റേഷനുകളിലും റവന്യൂ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരോടും വിവരം അറിയിച്ചു. എന്നാല്‍, ഒരു വകുപ്പില്‍നിന്നും ഒരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ ദിവസം ചങ്ങരംകുളം പൊലീസ് അനധികൃതമായി മണ്ണ് നിറച്ച ഒരു ടിപ്പര്‍ ലോറി പിടികൂടിയപ്പോള്‍ മണ്ണ് മാഫിയക്കുവേണ്ടി രംഗത്തത്തെിയത് പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ പൊന്നാനിയിലെ ജനപ്രതിനിധിയായിരുന്നു. കോള്‍ മേഖലയിലെ ബണ്ട് നിര്‍മാണത്തിന് കൊണ്ടുവരുന്ന മണ്ണ് തടയരുതെന്നും കര്‍ഷകരുടെ വിഷയമാണിതെന്നുമാണ് ജനപ്രതിനിധിയുടെ വാദം. കോള്‍പടവിലെ ബണ്ട് നിര്‍മാണത്തിന് കൊണ്ടുപോകേണ്ട മണ്ണ് വഴിമാറി സഞ്ചരിച്ചതിനിടയിലാണ് ചങ്ങരംകുളം പൊലീസ് പിടികൂടിയതെന്ന യാഥാര്‍ഥ്യം മറച്ചുവെച്ചായിരുന്നു ജനപ്രതിനിധിയുടെ ഇടപെടല്‍. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ മണ്ണ് കടത്തിനെതിരെ രംഗത്തിറങ്ങാന്‍ കഴിയുന്നില്ളെന്ന് പൊലീസും റവന്യൂ വകുപ്പും രഹസ്യമായി സമ്മതിക്കുന്നു. 2500 രൂപ മുതല്‍ 4000 രൂപ വരെ ഒരു ലോഡ് മണ്ണിന് മണ്ണ് മാഫിയ ഈടാക്കുന്നുണ്ട്. പത്ത് ടിപ്പറിലധികം കൈവശം വെക്കുന്ന മണ്ണ് മാഫിയകളാണ് എടപ്പാള്‍ മേഖലയിലുള്ളത്. പ്രതിദിനം 50,000ല്‍പരം രൂപ ഈ സംഘങ്ങള്‍ സമ്പാദിക്കുന്നതായാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.