മലപ്പുറം: സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന സംഭവങ്ങള്‍ ജില്ലയില്‍ വര്‍ധിക്കുന്നു. ഇതുസംബന്ധിച്ച് വ്യാഴാഴ്ച മലപ്പുറത്ത് നടന്ന വനിതാ കമീഷന്‍ അദാലത്തില്‍ ലഭിച്ച പരാതികളില്‍ തുടര്‍നടപടി കൈക്കൊള്ളാന്‍ കമീഷന്‍ തീരുമാനിച്ചു. ചില കേസുകള്‍ കുടുംബ കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ മാറ്റിവെച്ചു. ഫോട്ടോയും അശ്ളീല കമന്‍റും വാട്സാപ്പിലൂടെ അയച്ച് മുന്‍ ഭര്‍ത്താവ് അപകീര്‍ത്തിപ്പെടുത്തുന്നതായി ആരോപിച്ച് യുവതി കമീഷന് പരാതി നല്‍കി. കമീഷന് മുമ്പാകെ ഹാജരായ പ്രതി ആദ്യം സംഭവം നിഷേധിച്ചെങ്കിലും തെളിവ് നിരത്തിയപ്പോള്‍ സമ്മതിച്ചു. ഇത് കുറ്റകരമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പ്രതി അശ്ളീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതെന്ന് കമീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു. വഴിക്കടവ് പഞ്ചായത്തില്‍ മഹിളാ സമഖ്യയുടെ അംഗം കൂടിയായ സ്ത്രീ നല്‍കിയ പരാതിയില്‍ അധ്യാപകനെതിരെ തുടര്‍നടപടിയെടുക്കാന്‍ വഴിക്കടവ് പൊലീസിന് നിര്‍ദേശം നല്‍കി. തനിക്കെതിരെ മോശമായ രീതിയില്‍ അപവാദ പ്രചാരണം നടത്തുന്നെന്ന സ്ത്രീയുടെ പരാതി നേരത്തെ പരിഗണിച്ചിരുന്നെങ്കിലും പരസ്യമായി മാപ്പ് പറയാമെന്ന് പറഞ്ഞതിനാല്‍ മാറ്റിവെക്കുകയായിരുന്നു. എന്നാല്‍, ക്ഷമാപണം നടത്തുന്നതിന് പകരം അധ്യാപകന്‍ വെല്ലുവിളിക്കുന്നതായി ആരോപിച്ചാണ് സ്ത്രീ വീണ്ടും പരാതിയുമായി എത്തിയത്. സ്ത്രീകള്‍ക്ക് നിയമപ്രകാരം ലഭിക്കേണ്ട സ്വത്ത് നിഷേധിക്കുന്ന കേസുകളും ജില്ലയില്‍ വര്‍ധിക്കുകയാണ്. മരിച്ചുപോയ ഭര്‍ത്താവിന്‍െറ സ്വത്ത് ഭാര്യക്ക് നിഷേധിക്കുന്ന കേസുകളുടെ എണ്ണവും മരിച്ച രക്ഷിതാക്കളുടെ സ്വത്ത് പെണ്‍മക്കള്‍ക്ക് നിഷേധിക്കുന്ന കേസുകളുമാണ് കൂടുതല്‍. മൊത്തം 67 കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. 44 കേസുകള്‍ തീര്‍പ്പാക്കുകയും 20 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെക്കുകയും ചെയ്തു. മൂന്ന് കേസുകള്‍ അന്വേഷണത്തിനായി പൊലീസിന് കൈമാറി. ആറ് പുതിയ പരാതികളും ലഭിച്ചു. ജില്ലയില്‍ സ്ത്രീധന സംബന്ധമായ പരാതികളുടെയും ഗാര്‍ഹിക പീഡന പരാതികളുടെയും എണ്ണം ഗണ്യമായി കുറഞ്ഞതായും കമീഷന്‍ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ അഡ്വ. സുജാത വര്‍മ, അഡ്വ. കെ.വി. ഹാറൂന്‍ റഷീദ്, അഡ്വ. കെ. സൗദാ ബീഗം, പൊലീസ് ഉദ്യോഗസ്ഥര്‍, സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.