ജില്ലയില്‍ മണലെടുപ്പ് നിരോധം ഏര്‍പ്പെടുത്തിയിട്ട് ഒരുവര്‍ഷം

മലപ്പുറം: ജില്ലയിലെ പുഴകളില്‍നിന്ന് മണലെടുക്കാന്‍ നിരോധം ഏര്‍പ്പെടുത്തിയിട്ട് ഒരു വര്‍ഷമാകുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ജില്ലയില്‍നിന്ന് അവസാനമായി മണലെടുക്കുന്നത്. സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ടിന് പാരിസ്ഥിതിക വകുപ്പിന്‍െറ അംഗീകാരം ലഭിക്കാത്തതിനാലായിരുന്നു മണല്‍ നിരോധം നീണ്ടുപോയത്. ഇതിന് അനുമതി ലഭിക്കാനിരിക്കെ പുഴകളില്‍നിന്ന് മണലെടുക്കുന്നതിന് പുതിയ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയതോടെയാണ് മണല്‍ വാരല്‍ വീണ്ടും നീളുന്നത്. മണലെടുക്കാന്‍ അനുമതിയില്ളെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി അനധികൃത മണലെടുപ്പ് നടക്കുന്നുണ്ട്. സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട് വൈകിയതിനെ തുടര്‍ന്ന് ജില്ലക്ക് നേരത്തേ ഇളവ് അനുവദിച്ചിരുന്നു. ഇളവ് ലഭിച്ചതിനാല്‍ 2014 ഡിസംബര്‍ മുതല്‍ 2015 ഫെബ്രുവരി വരെ ഇ-മണല്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് മണല്‍ ലഭിച്ചിരുന്നു. എന്നാല്‍, സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത ജില്ലകളില്‍നിന്നുള്ള മണലെടുപ്പിന് അനുമതി നല്‍കരുതെന്ന ഹരിത ടൈബ്ര്യൂണലിന്‍െറ നിര്‍ദേശം വന്നിരുന്നു. ഇതോടെയാണ് ജില്ലയില്‍നിന്നുള്ള മണലെടുപ്പ് നിര്‍ത്തിയത്. സ്വകാര്യ ഏജന്‍സികള്‍ പഠനം നടത്തി സമര്‍പ്പിച്ച സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ടിന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ റവന്യു വകുപ്പിന്‍െറ അനുമതി ലഭിച്ചു. ചാലിയാര്‍, കടലുണ്ടി പുഴകളില്‍ പഠനം നടത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പഠന റിപ്പോര്‍ട്ട് പ്രകാരം രണ്ട് പുഴകളില്‍നിന്ന് എടുക്കുന്ന മണലിന്‍െറ തോതില്‍ വന്‍കുറവ് വരുത്തിയിട്ടുണ്ട്. റവന്യു വകുപ്പിന്‍െറ അനുമതി ലഭിച്ചതിന് ശേഷം മണലെടുക്കുന്നത് തുടരാനായി പരിസ്ഥിതി ആഘാത പഠനവകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയില്‍ തുടര്‍നടപടികള്‍ നീണ്ടുപോകുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാറിന്‍െറ പുതിയ വിജ്ഞാപനം ഈ വര്‍ഷം വരുന്നത്. ഇതുപ്രകാരം ജില്ലാതലത്തില്‍ രൂപവത്കരിക്കുന്ന സമിതികളാണ് അതാത് ജില്ലയില്‍നിന്ന് മണലെടുക്കുന്നതിന് അനുമതി നല്‍കേണ്ടത്. സമിതി രൂപവത്കരിക്കുന്നതിന് അനുമതി അതാത് ജില്ലാഭരണകൂടങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നുമായിട്ടില്ളെന്ന് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.