കാന്‍സര്‍ വിമുക്ത കരുവാരകുണ്ടിനായി കാമ്പയിന്‍ തുടങ്ങുന്നു

കരുവാരകുണ്ട്: മലബാര്‍ മേഖലയില്‍ കൂടുതല്‍ കാന്‍സര്‍ ബാധിതരുള്ള പ്രദേശങ്ങളിലൊന്നായ കരുവാരകുണ്ടിനെ കാന്‍സര്‍ മുക്തമാക്കാന്‍ വിവിധ പദ്ധതികള്‍ വരുന്നു. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററിന്‍െറ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടിയെന്ന് കാന്‍സര്‍ വിമുക്ത കരുവാരകുണ്ട് കാമ്പയിന്‍ ഭാരവാഹികളായ എ. പ്രഭാകരന്‍, ഇ.ബി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു. സ്തനാര്‍ബുദം ഉള്‍പ്പെടെയുള്ള കാന്‍സര്‍ ബാധിതര്‍ മലബാറില്‍ കൂടുതലുള്ളത് കരുവാരകുണ്ട് മേഖലയിലാണ്. ലഹരി വസ്തുക്കളുടെ അമിതോപയോഗം, വിഷജന്യ പച്ചക്കറി ഉപയോഗം എന്നിവയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍, ബോധവത്കരണം, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ നടത്തുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ഏപ്രില്‍ ഒമ്പതിന് ബോധവത്കരണ ക്യാമ്പ് നടത്തും. കവല യോഗങ്ങള്‍, നോട്ടീസ് വിതരണം, മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കല്‍, പച്ചക്കറി വിത്ത് വിതരണം എന്നിവയും നടത്തും. ഗ്രാമപഞ്ചായത്ത്, കരുവാരകുണ്ട് ഉള്‍ത്തുടിപ്പ് ഫേസ്ബുക് കൂട്ടായ്മ, പാലിയേറ്റിവ് കെയര്‍ ക്ളിനിക്, പ്രവാസി കൂട്ടായ്മകള്‍ എന്നിവ സംയുക്തമായാണ് പ്രചാരണം നടത്തുക.വാര്‍ത്താസമ്മേളനത്തില്‍ എം.പി. ലത്തീഫ്, അയ്യൂബ് പുലിയോടന്‍, കെ. അബ്ദുസ്സലാം എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.