നിലമ്പൂര്‍ മണ്ഡലം : ഇരുമുന്നണികളിലും സ്ഥാനാര്‍ഥിത്വത്തില്‍ അനിശ്ചിതത്വം

നിലമ്പൂര്‍: ആര്യാടന്‍ മുഹമ്മദിന്‍െറ തട്ടകമായ നിലമ്പൂര്‍ മണ്ഡലത്തില്‍ ആര്യാടന്‍ തെരഞ്ഞെടുപ്പില്‍നിന്നും മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇരുമുന്നണികളിലും സ്ഥാനാര്‍ഥിത്വത്തിലെ അനിശ്ചിതത്വം തുടരുന്നു. ജില്ലയില്‍ കോണ്‍ഗ്രസിനുള്ള നാലു മണ്ഡലങ്ങളിലൊന്നാണ് നിലമ്പൂര്‍. രമേശ് ചെന്നിത്തലയുടെ കൂടെ കെ.പി.സി.സി സെക്രട്ടറിയായ വി.വി. പ്രകാശും മുന്‍ നഗരസഭ ചെയര്‍മാനും കെ.പി.സി.സി അംഗവുമായ ആര്യാടന്‍ ഷൗക്കത്തുമാണ് കോണ്‍ഗ്രസിന്‍െറ സ്ഥാനാര്‍ഥി പട്ടികയിലെ അവസാന പേരുകള്‍. ഇടതുപക്ഷത്ത് പ്രഫ. തോമസ് മാത്യുവും പി.വി. അന്‍വറുമാണ് അവസാന പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി, ഡി.ഐ.സി മുന്‍ ജില്ലാ സെക്രട്ടറി എന്നിങ്ങനെ രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിച്ച പി.വി. അന്‍വര്‍ 2011ല്‍ ഏറനാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച് 48176 വോട്ട് ഇദ്ദേഹം നേടി രണ്ടാം സ്ഥാനത്തത്തെി. സി.പി.ഐയുടെ ഇടതുപക്ഷ സ്ഥാനാര്‍ഥി അഷറഫ് കാളിയത്തിന് 2800 വോട്ട് മാത്രമേ ലഭിച്ചുള്ളു. 2014ല്‍ നടന്ന വയനാട് ലോക്സഭ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച പി.വി. അന്‍വര്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് 7800 വോട്ടുകള്‍ നേടി. അതേസമയം 1996ലും 2011ലും നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ആര്യാടന്‍െറ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെയാക്കി കുറച്ചത് പ്രൊഫ. തോമസ് മാത്യൂവാണ്. ചുങ്കത്തറ ഗ്രാമപഞ്ചായത്ത് അംഗം, കെ.പി.സി.സി അംഗം എന്നീ നിലകളില്‍ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ച ഇദ്ദേഹം 1995 ല്‍ ആര്യാടനുമായുള്ള അഭിപ്രായ വ്യത്യാസത്തില്‍ കോണ്‍ഗ്രസ് വിട്ട് 1995 ല്‍ തന്നെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായി ആര്യാടനെതിരെ തന്നെ മത്സരിക്കുകയായിരുന്നു. 5665 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് അന്ന് ആര്യാടന്‍ വിജയിച്ചത്. ശേഷം 2011ലും ഇവര്‍ ഇരുപേരും മത്സരരംഗത്ത് ഏറ്റുമുട്ടുകയും 5598 വോട്ടിന്‍െറ ഭൂരിപക്ഷത്തിന് ആര്യാടന്‍ ജയിക്കുകയും ചെയ്തു. എന്നാല്‍, മണ്ഡലത്തില്‍ ആര്യാടന് ലഭിച്ച ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നിത്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തോമസ് മാത്യുവിന്‍െറ അപരന്‍ 1012 വോട്ടുകള്‍ നേടിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി കൂടിയായിരുന്ന അന്‍വറിന് കോണ്‍ഗ്രസിന്‍െറ വോട്ടുകളില്‍ വിള്ളലുകളുണ്ടാക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്‍െറ വിലയിരുത്തല്‍. എന്നാല്‍ മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ തോമസ് മാത്യൂവിന് കഴിയുമെന്ന കണക്ക് കൂട്ടലും പാര്‍ട്ടിക്കുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, നഗരസഭ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ച ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ഥിത്വത്തിന് യോഗ്യനാണെന്നാണ് കോണ്‍ഗ്രസിന്‍െറ വിലയിരുത്തല്‍. മണ്ഡലത്തിലെ ആര്യാടന്‍െറ സ്വാധീനവും ഷൗക്കത്തിന്‍െറ പെട്ടിയില്‍ വോട്ടായി വീഴുമെന്നാണ് കണക്ക് കൂട്ടല്‍. അതേസമയം തുടര്‍ച്ചയായി നിലമ്പൂര്‍ മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെടുന്ന വി.വി. പ്രകാശിനെ ഇത്തവണ പരിഗണിക്കണമെന്നാണ് കോണ്‍ഗ്രസിലെ ശക്തമായ മറ്റൊരു അഭിപ്രായം. പ്രകാശ് സ്ഥാനാര്‍ഥിയായാല്‍ ആര്യാടന്‍ വിരുദ്ധ ലീഗ് വോട്ട് യു.ഡി.എഫിന്‍െറ പെട്ടിയില്‍ വീഴുമെന്നും രാഷ്ട്രീയ നേതൃത്വം കണക്ക് കൂട്ടുന്നു. ഇരുമുന്നണികളിലെയും ഈ സ്ഥാനാര്‍ഥികളെ തള്ളാനും കൊള്ളാനും കഴിയാതെ നേതൃത്വം വെട്ടിലായിരിക്കുകയാണ്. മണ്ഡലത്തിലെ സ്ഥാനാര്‍ഥി അനിശ്ചിതത്വം തുടരുന്നത് വോട്ടര്‍മാര്‍ക്കിടയിലും പാര്‍ട്ടി അണികള്‍ക്കിടയിലും മുഖ്യ ചര്‍ച്ചാവിഷയമായിട്ടുണ്ട്. മണ്ഡലത്തിലെ ചുങ്കത്തറ, പോത്ത്കല്ല്, കരുളായി പഞ്ചായത്തുകളില്‍ ഹൈന്ദവ വോട്ടും നിലമ്പൂര്‍ നഗരസഭ, വഴിക്കടവ്, മുത്തേടം, എടക്കര പഞ്ചായത്തുകളില്‍ മുസ്ലിം വോട്ടുമാണ് കൂടുതലുള്ളത്. 40 ശതമാനം ഹൈന്ദവര്‍, 36 ശതമാനം മുസ്ലിം, 24 ശതമാനം ക്രിസ്ത്യന്‍ എന്നിവയാണ് മണ്ഡലത്തിലെ ജാതിധ്രുവീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.