മഞ്ചേരി വൈക്കം മുഹമ്മദ് ബഷീര്‍ ലൈബ്രറി അവഗണനയില്‍

മഞ്ചേരി: വായനാ പ്രേമികള്‍ക്ക് ഏറെ സഹായകരമായിരുന്ന മഞ്ചേരി പഴയ ബസ്സ്റ്റാന്‍ഡിലെ വൈക്കം മുഹമ്മദ് ബഷീര്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം പേരിന് മാത്രം. സ്ഥിരം ലൈബ്രേറിയനും സ്ഥിരം പത്രങ്ങളും ഇല്ലാത്തതിനാല്‍ പേരിന് മാത്രമാണ് ഇപ്പോള്‍ ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. 1998ല്‍ അസൈന്‍ കാരാട് മഞ്ചേരി നഗരസഭാ ചെയര്‍മാനായിരിക്കുമ്പോള്‍ നഗരസഭയുടെ കീഴിലെ ബസ്സ്റ്റാന്‍ഡ് കെട്ടിടത്തില്‍ ആരംഭിച്ചതാണ് വൈക്കം മുഹമ്മദ് ബഷീര്‍ ലൈബ്രറി. ലൈബ്രേറിയന്‍ തസ്തിക അനുവദിച്ച് കിട്ടാന്‍ സര്‍ക്കാറിനോട് അപേക്ഷിക്കുകയും ചെയ്തിരുന്നു. തുടക്കത്തില്‍ മലയാളത്തിലെ മിക്ക പത്രങ്ങളും മാസികകളും ലൈബ്രറിയില്‍ എത്തിയിരുന്നു. ഏജന്‍സി മുഖേനയാണ് പത്രങ്ങള്‍ എത്തിയിരുന്നത്. ലൈബ്രേറിയന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുകയും ചെയ്തിരുന്നു. നിയമനം സ്ഥിരമാകുമെന്ന് കരുതി മൂന്നു വര്‍ഷം നാമമാത്രമായ ശമ്പളത്തിനാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. എന്നാല്‍, നിയമനം സ്ഥിരമാകാതെ വന്നപ്പോള്‍ ഇദ്ദേഹം ജോലി രാജിവെച്ചു. ശേഷം പുതിയ ലൈബ്രേറിയനെ കണ്ടത്തൊന്‍ നഗരസഭ ശ്രമിച്ചിട്ടില്ല. ഇപ്പോള്‍ ലൈബ്രറി തുറക്കുന്നതും അടക്കുന്നതും നഗരസഭയിലെ ശുചീകരണ തൊഴിലാളിയാണ്. പത്ര ഏജന്‍റിന് പത്രവും മാസികകളും വരുത്തിയ വകയില്‍ കുടിശിക തുക നല്‍കാന്‍ വൈകിയതിനാല്‍ പത്രവും മാസികകളും എത്തുന്നത് നിലച്ചു. ഏജന്‍റിന് നല്‍കാനുണ്ടായിരുന്ന 70,000 രൂപ നാല് വര്‍ഷത്തിന് ശേഷം രണ്ട് ഗഡുക്കളായാണ് നല്‍കിയത്. ഇപ്പോള്‍ നഗരസഭ പത്രങ്ങളും മാസികകളുമൊന്നും ലൈബ്രറിയില്‍ എത്തിക്കുന്നില്ല. വ്യക്തികളും സ്ഥാപനങ്ങളും നല്‍കുന്ന അഞ്ച് പത്രങ്ങളും ഏതാനും മാസികകളുമാണ് ലൈബ്രറി നടത്തിക്കൊണ്ടു പോകുന്നത്. എന്നാല്‍, നഗരസഭയുടെ സ്വന്തം സ്ഥലത്ത് നഗരസഭയുടെ നിയന്ത്രണത്തിലാണ് ഈ അക്ഷര കേന്ദ്രം. ഈ സ്ഥിതിക്ക് മാറ്റം വേണമെന്നാണ് ഇവിടെ സ്ഥിരമായി എത്തുന്ന വായനക്കാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.