മികവുത്സവം: പുറത്തൂര്‍ ഗവ. യു.പി സ്കൂളിന് അംഗീകാരം

പുറത്തൂര്‍: സാമൂഹിക പങ്കാളിത്തത്തോടെയുള്ള പുറത്തൂര്‍ വിദ്യാലയ വികസന മോഡലിന് വീണ്ടും അംഗീകാരം. സംസ്ഥാന വിദ്യാഭ്യാസ വകുപ്പും എസ്.എസ്.എയും സംയുക്തമായി തിരുവനന്തപുരത്ത് നടത്തിയ സംസ്ഥാനതല മികവുത്സവത്തില്‍ പുറത്തൂര്‍ ഗവ. യു.പി സ്കൂള്‍ അവതരിപ്പിച്ച പ്രബന്ധം മികച്ചതായി അംഗീകരിക്കപ്പെട്ടു. സാമൂഹിക പങ്കാളിത്തം എന്ന മേഖലയിലാണ് നേട്ടം. വിദ്യാലയത്തിന്‍റ ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിച്ച് അക്കാദമിക മികവുകള്‍ ഉയര്‍ത്താനും പൊതുവിദ്യാലയങ്ങള്‍ ശാക്തീകരിക്കാനും പി.ടി.എ നടത്തിയ ഇടപെടലുകളാണ് അംഗീകരിക്കപ്പെട്ടത്. തിരൂര്‍, എടപ്പാള്‍ ഉപജില്ലകളിലെ 160ഓളം വിദ്യാലയങ്ങളിലെ 29,000ല്‍ പരം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് തിരൂര്‍ സേഫ്റ്റി ഗ്രൂപ്പിന്‍െറ സഹായത്തോടെ നടത്തുന്ന എവറസ്റ്റ് ടാലന്‍റ് സ്കോളര്‍ഷിപ്പ് പദ്ധതി, പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കളിയോട്ടം പദ്ധതി, സോഷ്യല്‍ ഓഡിറ്റിങ് തുടങ്ങി ഈ വിദ്യാലയം തുടങ്ങിവെച്ച നൂതന പ്രവര്‍ത്തനങ്ങളെ വിധികര്‍ത്താക്കള്‍ പ്രത്യേകം പരാമര്‍ശിച്ചു. മികവുത്സവത്തില്‍ പങ്കെടുത്ത 42 വിദ്യാലയങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയവും ഇതായിരുന്നു. മികച്ച പി.ടി.എക്കുള്ള സംസ്ഥാന അവാര്‍ഡ്, ഹരിത വിദ്യാലയം, ടി.വി റിയാലിറ്റി ഷോ അവാര്‍ഡ്, മികച്ച ലൈബ്രറിക്കുള്ള എസ്.എസ്.എ അവാര്‍ഡ്, സീഡ് അവാര്‍ഡ് എന്നിവ ഈ വിദ്യാലയത്തിന്‍െറ നേട്ടപ്പട്ടികയില്‍ ചിലതാണ്. സ്കൂളിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് പി.ടി.എ പ്രസിഡന്‍റ് ടി. കുഞ്ഞികൃഷ്ണന്‍, വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്‍റ് സി.പി. കുഞ്ഞിമൂസ, പ്രധാനാധ്യാപിക രമണി, എസ്.എം.സി ചെയര്‍മാന്‍ എന്‍. സദക്ക് എന്നിവര്‍ നേതൃത്വം നല്‍കുന്നു. മികവുത്സവത്തില്‍ മലപ്പുറം ജില്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. വിജയികള്‍ക്ക് ചലച്ചിത്രതാരം ഷോബി തിലകന്‍ സമ്മാനം വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.