കാളികാവ്: കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യത്തില്‍നിന്ന് സംരക്ഷണത്തിനായി ചിങ്കക്കല്ലില്‍ സൗരോര്‍ജ വേലി സ്ഥാപിച്ചപ്പോള്‍ ആദിവാസി വീടുകളെ ഒഴിവാക്കിയ നടപടി വനംവകുപ്പ് തിരുത്തി. കല്ലാമൂല ചിങ്കകല്ല് ആദിവാസി കോളനിക്കു സമീപം സംരക്ഷണ വേലി നിര്‍മാണത്തിലെ അപാകതയാണ് വനംവകുപ്പ് തിരുത്തുന്നത്. കോളനിക്ക് ചുറ്റും സോളാര്‍ വേലി നിര്‍മാണം തുടങ്ങി. നാട്ടുകാര്‍ക്കും കാര്‍ഷിക മേഖലക്കും വന്യമൃഗങ്ങളില്‍നിന്ന് സംരക്ഷണം ഏര്‍പ്പെടുത്തുന്നതിനാണ് കല്ലാമൂലമുതല്‍ പത്ത് കിലോമീറ്റര്‍ ദൂരം വനാതിര്‍ത്തിയിലൂടെ അരക്കോടി രൂപ ചെലവില്‍ വേലി നിര്‍മിക്കാന്‍ തീരുമാനമായത്. ജനുവരി ആറിന് പുല്ലങ്കോട് എസ്റ്റേറ്റിലെ ജീവനക്കാരനെ കാട്ടാന കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് വന്യമൃഗങ്ങളില്‍നിന്ന് സംരക്ഷണമാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭമുണ്ടായിരുന്നു. തുടര്‍ന്ന് ഡി.എഫ്.ഒ അടക്കമുള്ള വനം ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സമിതിയാണ് കാര്‍ഷിക മേഖലയും വനവും വേര്‍തിരിച്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സോളാര്‍ വേലി നിര്‍മിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ചിങ്കകല്ല് ഭാഗത്ത് വേലി നിര്‍മിച്ചപ്പോള്‍ ആദിവാസി കോളനിയെ അപ്പാടെ വേലിക്കു പുറത്താക്കിയാണ് നിര്‍മാണം നടന്നത്. ഇവിടെ പന്ത്രണ്ടോളം ആദിവാസി കുടുംബങ്ങളാണ് താമസിക്കുന്നത്. വീടുകളുടെ നിര്‍മാണം പാതി വഴിയിലായതിനാല്‍ ഇവരില്‍ പലരും താല്‍ക്കാലിക പ്ളാസ്റ്റിക് ഷെഡുകളിലാണ് താമസം. കാട്ടാനയും കാട്ടുപന്നിയും ഉള്‍പ്പെടെ വന്യമൃഗശല്യം കോളനിയിലെ വീടുകളിലും പതിവാണ്. കുട്ടികളും പ്രായമായവരും കിടപ്പു രോഗികളുമെല്ലാം ഭയത്തോടെയാണ് വീടുകളില്‍ കഴിയുന്നത്. അതേസമയം സൈലന്‍റ്വാലി നാഷനല്‍ പാര്‍ക്ക് വനം, വന്യജീവി ഡിവിഷനു കീഴിലുള്ള ക്യാമ്പ് ഷെഡ് വന്യമൃഗ ശല്യത്തില്‍നിന്ന് സംരക്ഷിക്കാന്‍ വേലിക്കു പുറമെ ചുറ്റുമതിലും കിടങ്ങും നിര്‍മിച്ച് സുരക്ഷിതമാക്കുകയും 12 ആദിവാസി വീടുകളെ ഒഴിവാക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. ‘മാധ്യമം’ അടക്കമുള്ള പത്രങ്ങളില്‍ വാര്‍ത്ത വന്നതോടെ സംഭവം വിവാദമായി. ഇതോടെ വനം അധികൃതര്‍ നിലപാട് തിരുത്തി. നെല്ലിക്കര മലവാരത്തോട് ചേര്‍ന്ന ചിങ്കക്കല്ല് കോളനിയിലെ പതിനാല് ആദിവാസി വീടുകള്‍ക്ക് ചുറ്റും സോളാര്‍ വേലി നിര്‍മിക്കാന്‍ വനംവകുപ്പ് നടപടി തുടങ്ങി. വേലി നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ കാട്ടാന ആക്രമണത്തില്‍നിന്ന് കോളനി സുരക്ഷിതമാവുമെന്ന പ്രതീക്ഷയിലാണ് ആദിവാസി കുടുംബങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.