സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി സി.പി.ഐയുടെ രംഗപ്രവേശം

വണ്ടൂര്‍: അംബേദ്കര്‍ കോളജ് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിലുണ്ടായ ഭിന്നത വരുംനാളുകളില്‍ രൂക്ഷമാകുമെന്ന് സൂചന. സി.പി.എം പിന്‍വാങ്ങിയ സമരരംഗത്തേക്കുള്ള സി.പി.ഐയുടെ കടന്നുവരവാണ് പാര്‍ട്ടിയെ അസ്വസ്ഥമാക്കുന്നത്. പട്ടികജാതി വിഭാഗത്തിനായി ഇന്ദിരാജി മെമ്മോറിയല്‍ സൊസൈറ്റിക്ക് കീഴില്‍ കഴിഞ്ഞ സര്‍ക്കാറാണ് കോളജ് അനുവദിച്ചത്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ ഉന്നമനമാണ് ലക്ഷ്യമെന്നായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇതിന് നല്‍കിയ ന്യായീകരണം. പുല്ലൂരിലെ മിച്ചഭൂമിയിലെ അഞ്ചേക്കര്‍ ഭൂമിയും കോളജിനായി സര്‍ക്കാര്‍ അനുവദിച്ചു. എന്നാല്‍, സൊസൈറ്റി അനില്‍കുമാര്‍ എം.എല്‍.എയുടെ സ്വന്തക്കാരെ ഉള്‍പ്പെടുത്തി തട്ടിക്കൂട്ടിയുണ്ടാക്കിയതാണെന്ന ആരോപണം തുടക്കം മുതല്‍തന്നെ ഉയര്‍ന്നു. സി.പി.എമ്മടക്കമുള്ള കക്ഷികള്‍ ഭൂമി വിട്ടുനല്‍കുന്നതിനെതിരെ പ്രക്ഷോഭവുമായി മുന്നോട്ടുവരികയും ചെയ്തിരുന്നു. എന്നാല്‍, ഇടക്കാലത്ത് കേസില്‍നിന്ന് പാര്‍ട്ടി പിന്മാറിയത് സി.പി.എമ്മിനകത്ത് വന്‍ കോലാഹലമാണുണ്ടാക്കിയത്. ഭൂരഹിതര്‍ക്ക് വിട്ടുനല്‍കേണ്ട ഭൂമി വിദ്യാഭ്യാസ കച്ചവടത്തിന്‍െറ മറവില്‍ ചിലര്‍ സ്വന്തമാക്കുമ്പോള്‍ മൗനം പാലിക്കുന്നത് ദുരൂഹമാണെന്നാരോപണവുമായി രംഗത്തത്തെിയ കര്‍ഷക തൊഴിലാളി യൂനിയന്‍ നേതാവിനെതിരെ പാര്‍ട്ടി നടപടിയെടുക്കുകയും ചെയ്തു. കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് വാങ്ങി കോളജിന്‍െറ കെട്ടിടം പ്രവൃത്തി ഇപ്പോള്‍ പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ ശക്തമായ വാദവുമായി കോടതിയിലത്തെുമ്പോള്‍ നിയമപരമായ പോരാട്ടത്തിനു സാധ്യതയില്ലാത്തതിനാല്‍ തന്ത്രപരമായി പാര്‍ട്ടി പിന്‍വാങ്ങുകയായിരുന്നെന്നും ഭരണം മാറിയ പശ്ചാത്തലത്തില്‍ കേസുമായി മുന്നോട്ടു പോകുമെന്നും സി.പി.എം ഏരിയാ സെക്രട്ടറി പി.ആര്‍. രാധാകൃഷ്ണന്‍ രണ്ടുദിവസം മുമ്പ് പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് സി.പി.ഐ ജില്ലാ സെക്രട്ടറിയടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രക്ഷോഭം ശക്തമാക്കുമെന്ന് പറഞ്ഞത്. കോളജുമായി ബന്ധപ്പെട്ട നിലപാടില്‍ സി.പി.എമ്മിനകത്ത് പുകയുന്ന അതൃപ്തി മുതലെടുക്കുക എന്നതിനോടൊപ്പം അവരെ സമ്മര്‍ദത്തിലാക്കുകയെന്ന ലക്ഷ്യം കൂടി സി.പി.ഐക്കുണ്ടെന്നാണ് സൂചന. സി.പി.ഐ രംഗത്തത്തെിയതോടെ വരുംനാളുകളില്‍ കോളജുമായി ബന്ധപ്പെട്ട വിവാദം കൂടുതല്‍ സജീവമാകുമെന്നുറപ്പാണ്. ഇതിനിടെ കോണ്‍ഗ്രസിലെ പ്രമുഖര്‍ ചേര്‍ന്ന് നടത്തുന്ന സ്വാശ്രയ കോളജിനായി പാര്‍ട്ടിക്കകത്തെ ചിലര്‍ കോളജ് വിരുദ്ധ പ്രചാരണത്തിന് സഹായം നല്‍കുന്നുണ്ടെന്ന് കോണ്‍ഗ്രസിലും ആരോപണമുയര്‍ന്നിട്ടുണ്ട്. ചിലരുടെ കോളജ് വ്യവസായ താല്‍പര്യമാണ് എം.എല്‍.എയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള ഇടതു പ്രചാരണങ്ങളെ വേണ്ടവിധം ചെറുക്കാന്‍ പാര്‍ട്ടിക്ക് കഴിയാത്തതിന് പിന്നിലെന്ന് ഇവര്‍ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.