പടിഞ്ഞാറെക്കര അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാളെ കാണാതായി

പുറത്തൂര്‍: പടിഞ്ഞാറെക്കര അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. മൂന്നുപേരെ രക്ഷപ്പെടുത്തി. വെട്ടം വാക്കാട് വട്ടിയംവീട്ടില്‍ സൂപ്പിയുടെ മകന്‍ മൊയ്തീന്‍കുട്ടിയെയാണ് (55) കാണാതായത്. വാക്കാട് വടക്കേ കാരണവളപ്പില്‍ കുഞ്ഞിമോന്‍ (50), വടക്കേ കാരണവളപ്പില്‍ മുഹമ്മദ്കുട്ടി (55), താണിക്കാട് അന്‍ഫാര്‍ (37) എന്നിവരെ മറ്റ് വള്ളങ്ങളിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് അഴിമുഖത്തിനടുത്ത് അപകടമുണ്ടായത്. വാക്കാടുനിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളക്കാര്‍ മത്സ്യം കിട്ടാതെ തിരിച്ച് കരയിലേക്ക് വരുന്നതിനിടെ ശക്തമായ തിരയടിയില്‍പെട്ട് വള്ളം മറിഞ്ഞ് അഴിമുഖത്തെ പുലിമുട്ടില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വള്ളം പൂര്‍ണമായി തകര്‍ന്നു. അപകടം നടന്നയുടന്‍ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വഞ്ചിയിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. മൊയ്തീന്‍കുട്ടിയെ രക്ഷിക്കാന്‍ കയര്‍ ഇട്ടുകൊടുങ്കിലും രക്ഷിക്കാനായില്ല. മൊയ്തീന്‍കുട്ടിയെ കണ്ടത്തൊന്‍ നാട്ടുകാരും ഫയര്‍ഫോഴ്സും കോസ്റ്റ്ഗാര്‍ഡും പ്രതികൂല കാലാവസ്ഥയിലും തിരച്ചില്‍ തുടരുകയാണ്. ഡെപ്യൂട്ടി തഹസില്‍ദാര്‍ മധുസൂദനന്‍, ഡിവൈ.എസ്.പി കെ.വി. സന്തോഷ്, തിരൂര്‍ എസ്.ഐ രഞ്ജിത്, തിരൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍.കെ. ഹഫ്സത്ത്, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റഹ്മത്ത് സൗദ, വൈസ് പ്രസിഡന്‍റ് കെ.വി. സുധാകരന്‍, റവന്യൂ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചിലിനും നേതൃത്വം നല്‍കി. തിങ്കളാഴ്ചയും അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.