അനധികൃത പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടി

പെരിന്തല്‍മണ്ണ: വാഹനങ്ങളുടെ ആധിക്യവും റോഡുകളുടെ വീതി കാരണവും പൊറുതിമുട്ടിയ പെരിന്തല്‍മണ്ണയില്‍ ഗതാഗത കുരുക്കഴിക്കാനായി വിവിധ പദ്ധതികളൊരുക്കാന്‍ ട്രാഫിക് നിയന്ത്രണ സമിതി യോഗത്തില്‍ തീരുമാനം. ഇതിന്‍െറ ഭാഗമായി ഒരു മാസത്തിനകം പ്രധാന ജങ്ഷനുകളോട് ചേര്‍ന്ന് വിവിധ റോഡുകളിലേക്കുള്ള ദിശാ സൂചക ബോര്‍ഡുകള്‍ സ്ഥാപിക്കും. നഗരത്തിലെ കുഴികള്‍ മുഴുവന്‍ തിങ്കളാഴ്ച തന്നെ കോറി അവശിഷ്ടം ഉപയോഗിച്ച് നികത്തും. മഴ മാറുന്നസമയങ്ങളില്‍ ടാറിങ് നടത്തും. മാഞ്ഞുകിടക്കുന്ന സീബ്രാ വരകളും മഴ മാറുന്ന മുറക്ക് സ്ഥാപിക്കും. തിരക്കേറിയ സ്ഥലങ്ങളില്‍ നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിക്കും. അനധികൃത പാര്‍ക്കിങ്ങിനെതിരെ ട്രാഫിക് പൊലീസ് കര്‍ശന നടപടികള്‍ കൈക്കൊള്ളും. പ്രധാന ജങ്ഷനുകളില്‍ കാമറകളും സ്കാനറുകളും സ്ഥാപിക്കും. പൊന്ന്യാകുര്‍ശി ശിഫാ ജങ്ഷന്‍ മുതല്‍ അങ്ങാടിപ്പുറം മേല്‍പ്പാലം വരെ നാലുവരിപ്പാത സ്ഥാപിക്കാന്‍ ദേശീയപാത അധികൃതര്‍ സര്‍ക്കാറിന് സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരം നേടിയെടുക്കാന്‍ സമ്മര്‍ദം ചെലുത്തും. സ്വകാര്യ പങ്കാളിത്തത്തോടെ ഡിവൈഡറുകള്‍ സ്ഥാപിക്കും. അങ്ങാടിപ്പുറം മേല്‍പ്പാലത്തോട് ചേര്‍ന്ന് പെരിന്തല്‍മണ്ണ ഭാഗത്തേക്ക് ബസ് ബേകള്‍ സ്ഥാപിക്കും. ഓട്ടോ ടാക്സി വാഹങ്ങനങ്ങളുടെ പാര്‍ക്കിങ് നഗത്തില്‍നിന്ന് മാറ്റി കാള്‍ ടാക്സി സംവിധാനത്തെക്കുറിച്ചും ഫൂട്പാത്തുകള്‍ നിര്‍മിച്ച് നഗരത്തിന്‍െറ മോടി കൂട്ടുന്നതിനെ കുറിച്ചും ആലോചിക്കും. അങ്ങാടിപ്പുറം മേല്‍പ്പാലം യാഥാര്‍ഥ്യമായതോടെ നിര്‍മാണ സമയത്ത് നടപ്പാക്കിയ ട്രാഫിക് പരിഷ്കരണങ്ങള്‍ പിന്‍വലിച്ച് പഴയ രീതിയില്‍ ബസ് റൂട്ടുകള്‍ ക്രമീകരിക്കുന്നതിനെക്കുറിച്ച് പഠനം നടത്തി ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കാനും. ആയിഷ ജങ്ഷനില്‍ മാനത്തുമംഗലം ബൈപാസ് റോഡില്‍ രണ്ട് ബസ്സ്റ്റോപ്പുകള്‍ സ്ഥാപിക്കാനും തീരുമാനമായി. നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് കേശവന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുല്‍ അസീസ്, പെരിന്തല്‍മണ്ണ സി.ഐ എ.എം. സിദ്ദീഖ്, എം.വി.ഐ ഇ.ജെ. ജോയ്സണ്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ടി. ജാഫറലി, എസ്.ഐ എസ.് സന്തോഷ്, ട്രാഫിക് എസ്.ഐ സി.എന്‍. സുകുമാരന്‍, അഡീഷനല്‍ എസ്.ഐ എം. ഉസ്മാന്‍, ദേശീയപാത അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ഷമീര്‍ ബാബു, പി. ഡബ്ള്യു.ഡി അസിസ്റ്റന്‍റ് എന്‍ജിനീയര്‍ കെ.എസ്. സജീവ്, മുനിസിപ്പല്‍ എന്‍ജിനീയര്‍ എന്‍. പ്രസന്നകുമാര്‍, പി. ഡബ്ള്യു.ഡി പ്രതിനിധി കുഞ്ഞാലന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.