മലപ്പുറം: എക്സൈസ് വകുപ്പിന് പുറമെ സന്നദ്ധസംഘടനകളും നാട്ടുകാരും ജാഗരൂകരായിട്ടും ജില്ലയിലേക്ക് ലഹരിക്കടത്ത് വര്‍ധിക്കുന്നതായി കണക്കുകള്‍. അഞ്ചരമാസം കൊണ്ട് 105 കിലോ കഞ്ചാവാണ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം ആകെ 55 കിലോ പിടികൂടിയ സ്ഥാനത്താണ് ആറ് മാസം തികയുന്നതിന് മുമ്പ് നൂറ് കിലോയും കടന്നത്. 149 കേസുകളിലാണ് ഇത്രയും അളവ് കഞ്ചാവ് കണ്ടെടുത്തത്. 572 അബ്കാരി കേസുകളും അഞ്ചര മാസം കൊണ്ട് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ കഞ്ചാവ് കേസുകളില്‍ സംസ്ഥാനത്ത് ജില്ല രണ്ടാമതാണ്. പാലക്കാട് ജില്ലയാണ് ഒന്നാമത്. എക്സൈസ് ഏറ്റവും കൂടുതല്‍ കേസുകള്‍ എടുത്ത ജില്ലയിലൊന്നും മലപ്പുറമാണ്. കഞ്ചാവുചെടി വളര്‍ത്തിയതിന് വിവിധ ഭാഗങ്ങളില്‍നിന്ന് അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നാലെണ്ണം നിലമ്പൂരും ഒന്ന് തിരൂരും. കഞ്ചാവുചെടി വളര്‍ത്തുന്ന വിവരം ഒരു സന്നദ്ധ സംഘടനയാണ് എക്സൈസിനെ അറിയിച്ചത്. ഇതിന് പുറമെ 3186 ലിറ്റര്‍ അരിഷ്ടവും പിടികൂടി. ഇത്തരം കേസുകള്‍ കൂടുതലും വന്നത് മഞ്ചേരി സര്‍ക്ക്ള്‍ ഓഫിസിന് കീഴിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കണ്ടുകെട്ടിയതും മലപ്പുറത്താണ്. അഞ്ച് കാര്‍, 16 ഓട്ടോറിക്ഷ, 49 ഇരുചക്രവാഹനങ്ങള്‍ അടക്കം 70 വാഹനങ്ങള്‍ വിവിധ കേസുകളിലായി ജില്ലയിലുടനീളം പിടികൂടി. ഇതില്‍ 45 ലിറ്റര്‍ മാഹി വിദേശമദ്യവുമായി നിലമ്പൂരില്‍നിന്ന് പിടികൂടിയത് രജിസ്ട്രേഷന്‍ പോലും കഴിയാത്ത പുതിയ മോഡല്‍ കാറായിരുന്നു. ഈ വര്‍ഷം ഇതുവരെ ജില്ലയിലാകമാനം പിടികൂടിയ മാഹിമദ്യം 92 ലിറ്ററാണ്. 63 ലിറ്റര്‍ ചാരായം, 2661 ലിറ്റര്‍ വാഷ്, ഒരു ഗ്രാം ബ്രൗണ്‍ഷുഗര്‍ എന്നിവയും പിടികൂടി. എന്നാല്‍, മുമ്പുള്ളതിനെക്കാളും പരിശോധന ശക്തമാക്കിയതിനാലാണ് കുറഞ്ഞ കാലയളവിനുള്ളില്‍ ഇത്രയും കേസുകളുണ്ടായതെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ ടി.വി. റാഫേല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കഞ്ചാവ് കടത്ത് മുമ്പത്തേതിനെക്കാളും ശക്തമായതായും അദ്ദേഹം സൂചിപ്പിച്ചു. സ്കൂള്‍, കോളജ് പരിസരങ്ങളിലെ ലഹരിവില്‍പ്പനക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തുന്നതോടൊപ്പം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നതായി റാഫേല്‍ പറഞ്ഞു. അതേസമയം, ജില്ലയില്‍ ജനസംഖ്യക്കനുസരിച്ച് എക്സൈസില്‍ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തത് തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.