വ്യാജ പണപ്പിരിവ്; മദ്റസ അധ്യാപകന്‍ പിടിയില്‍

വാഴക്കാട്: പത്തുവര്‍ഷം മുമ്പ് ജോലിചെയ്ത മദ്റസയുടെ പേരില്‍ വ്യാജ പണപ്പിരിവ് നടത്തിയ മദ്റസാ അധ്യാപകനെ വാഴക്കാട് പൊലീസ് പിടികൂടി. നീലഗിരി പന്തല്ലൂര്‍ സ്വദേശി പുതിയേടത്ത് അബ്ദുറസാഖ് മുസ്ലിയാരാണ് (55) പിടിയിലായത്. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് ഇയാള്‍ വ്യാപകമായി പണപ്പിരിവ് നടത്തിയത്. കണ്ണൂരില്‍ പിരിവ് നടത്തവെ സംശയം തോന്നിയ നാട്ടുകാര്‍ പിടികൂടി മലപ്പുറം വാഴക്കാട് പഞ്ചായത്തിലെ ചൂരപ്പട്ടയില്‍ എത്തിക്കുകയായിരുന്നു. ചൂരപ്പട്ടയിലെ മദ്റസയില്‍ ഇയാള്‍ 10 വര്‍ഷം മുമ്പ് ജോലിചെയ്തിരുന്നു. മദ്റസ പുനര്‍നിര്‍മാണം നടന്നുകൊണ്ടിരിക്കെ ജോലി മതിയാക്കി മറ്റൊരിടത്തേക്ക് പോയ അബ്ദുറസാഖ് മുസ്ലിയാര്‍ ഇക്കാലമത്രയും മദ്റസയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി പണപ്പിരിവ് നടത്തുകയായിരുന്നു. മദ്റസ നിര്‍മാണം പൂര്‍ത്തിയായിട്ട് പത്തുവര്‍ഷമായെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ചൂരപ്പട്ടയിലെ മദ്റസ കമ്മിറ്റി ഭാരവാഹികളാണ് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്. ഇയാളുടെ കൈയില്‍നിന്ന് നിര്‍മാണത്തിലിരിക്കുന്ന മദ്റസ കെട്ടിടത്തിന്‍െറ വിവിധ ഫോട്ടോകള്‍, മദ്റസ കമ്മിറ്റിയുടെതായി സ്വന്തം തയാറാക്കിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍, പാന്‍ കാര്‍ഡ്, കേരള മുസ്ലിം ജമാഅത്ത് അംഗത്വ കാര്‍ഡ്, തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഫോട്ടോ പതിച്ച കാര്‍ഡ് തുടങ്ങിയ വ്യാജരേഖകള്‍ പൊലീസ് പിടിച്ചെടുത്തു. 23,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് വാഴക്കാട് എസ്.ഐ ദയാശീലന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.