ഇന്ന് ലോക യോഗാദിനം: ആലങ്കോടിന് അഭിമാനമായി ആര്യ എസ്. സുരേഷ്

ചങ്ങരംകുളം: യോഗാദിനത്തോടനുബന്ധിച്ച് പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും യോഗ ക്ളാസുകള്‍ എടുത്ത് യോഗ പ്രകടനത്തിലൂടെ അദ്ഭുതങ്ങള്‍ കാണിക്കുന്ന കൊച്ചുമിടുക്കിയായ ആര്യ സുരേഷ് നാടിനഭിമാനമാകുന്നു. കോക്കൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളിലെ എട്ടാം ക്ളാസുകാരിയായ 13കാരി എട്ടാം വയസ്സ് മുതല്‍ യോഗ അഭ്യസിച്ചുവരുന്നു. ഫിസിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് യൂനിവേഴ്സിറ്റി ഓഫ് ഇന്ത്യ നടത്തുന്ന യോഗ മത്സരങ്ങള്‍ തുടര്‍ച്ചയായി മൂന്നാംതവണ സബ്ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനവും ഇന്ത്യന്‍ യോഗ അസോസിയേഷന്‍ മത്സരങ്ങളില്‍ ദേശീയ തലത്തില്‍ മുന്‍ നിരയിലുമാണ്. സ്കൂള്‍ ഓഫ് യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി നാല് തവണ സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനക്കാരിയാണ്. ഈ വര്‍ഷം നടന്ന 15ാമത് വുഷു ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും സ്വര്‍ണമെഡല്‍ നേടുകയും ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടന്ന വുഷു ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനം നേടുകയും ചെയ്തു. പിതാവ് സുരേഷ് ആലങ്കോടിന്‍െറ ശിക്ഷണത്തിലാണ് യോഗ അഭ്യസിക്കാന്‍ തുടങ്ങിയത്. മത്സരങ്ങള്‍ നടക്കുമ്പോള്‍ പ്രത്യേക പരിശീലനത്തിനായി തൃശൂര്‍ അയ്യന്തോളില്‍ സ്കൂള്‍ ഓഫ് യോഗയില്‍നിന്ന് ബിനിത, ബെന്നി, സുരേഷ് എന്നിവരുടെ ശിക്ഷണത്തില്‍ യോഗ അഭ്യസിക്കാറുണ്ട്. ഈ യോഗ ദിനത്തില്‍ പെരുമ്പടപ്പ് ബ്ളോക്ക് ഗ്രാമതല യുവ പാര്‍ലമെന്‍റും നെഹ്റു യുവകേന്ദ്രയും ചേര്‍ന്ന് അസ്സബാഹ് കോളജ് വളയംകുളത്ത് സംഘടിപ്പിച്ച യോഗ ക്യാമ്പില്‍ പരിശീലകയായി. എസ്.എം ഇംഗ്ളീഷ് സ്കൂള്‍ ചങ്ങരംകുളം, ഗവ. ടെക്നിക്കല്‍ സ്കൂള്‍ കോക്കൂര്‍, കോട്ടൂര്‍ ഗവ. ഹൈസ്കൂള്‍, കുടുംബശ്രീ യൂനിറ്റുകള്‍, കാരുണ്യം പാലിയേറ്റിവ് കെയര്‍, സംഘമിത്ര ഭിന്നശേഷി കലാകാരന്മാര്‍ക്കും ആര്യ യോഗപരിശീലനം നല്‍കുന്നു. ആലങ്കോട് ഗ്രാമപഞ്ചായത്തുതല യോഗ പരിശീലനത്തിന് ഈ കൊച്ചുമിടുക്കിതന്നെയാണ് പരിശീലകയാവുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.