ഡിഫ്തീരിയ: താനൂരില്‍ വീടുകള്‍ കേന്ദ്രീകരിച്ചും പ്രതിരോധ കുത്തിവെപ്പ്

താനൂര്‍: നഗരസഭയിലെ 44 വാര്‍ഡുകളിലും പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും കുത്തിവെപ്പെടുക്കാത്ത എല്ലാ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കാനും താനൂരില്‍ ജില്ലാ കലക്ടറുടെയും മെഡിക്കല്‍ ഓഫിസറുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ഓരോ വാര്‍ഡിലെയും കുത്തിവെപ്പെടുക്കാത്ത കുട്ടികളുള്ള വീടുകള്‍ കണ്ടത്തൊന്‍ ഡി.എം.ഒ ഡോ. ഉമര്‍ ഫാറൂഖിന്‍െറയും മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ സി.കെ. സുബൈദയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന നഗരസഭാ കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ പ്രത്യേകം തീരുമാനമായി. ഇതിനായി കര്‍മപദ്ധതി തയാറാക്കും. താനൂരിലെ രണ്ട്, 43 വാര്‍ഡുകളില്‍ 100 ശതമാനം പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുള്ളതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം, ഡിസ്തീരിയ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിന് സമീപത്തെ ചില വീടുകളിലും കാരാട് ഭാഗത്തും ഇനിയും കുത്തിവെപ്പെടുക്കാത്ത കുട്ടികളുണ്ടെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. സ്കൂള്‍ തലത്തിലും മദ്റസകളിലും അധ്യാപകരുടെ സഹകരണത്തോടെ പ്രതിരോധ കുത്തിവെപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പള്ളികള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. മത പണ്ഡിതരെയും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും യോഗത്തില്‍ തീരുമാനമായി. ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ജീവനക്കാരും നഗരപരിധിയിലെ സ്കൂളുകളിലെ പ്രധാനാധ്യാപകരും മതനേതാക്കളും യോഗത്തില്‍ പങ്കെടുത്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ സി.കെ. സുബൈദ, ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി, ഡി.എം.ഒ ഡോ. ഉമര്‍ ഫാറൂഖ്, മുന്‍ മന്ത്രി കെ. കുട്ടി അഹമ്മദ്കുട്ടി എന്നിവരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.