കാലിക്കറ്റ്: സി.എല്‍.ആര്‍ പ്യൂണ്‍ റാങ്ക്ലിസ്റ്റ് ചോര്‍ന്നു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ 54 സി.എല്‍.ആര്‍ തൊഴിലാളികളെ പ്യൂണ്‍-വാച്ച്മാന്‍ തസ്തികയിലേക്ക് നിയമിക്കുന്നതിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു മുമ്പേ പുറത്തായി. നിയമനത്തില്‍ ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി ഇടത് അനുകൂല എംപ്ളോയീസ് യൂനിയന്‍ പ്രവര്‍ത്തകര്‍ രജിസ്ട്രാറെ ഉപരോധിച്ചു. സംഭവത്തില്‍ പ്രോ ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സര്‍വകലാശാലയോട് വിശദീകരണം തേടി. റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് ഹൈകോടതി സ്റ്റേ ചെയ്തിരിക്കയാണ്. ഉദ്യോഗാര്‍ഥിയുടെ പേര്, റാങ്ക് നമ്പര്‍, ജാതി, ഇന്‍റര്‍വ്യൂ മാര്‍ക് തുടങ്ങിയ വിവരങ്ങളുള്ള പട്ടികയാണ് ചോര്‍ന്നത്. കോടതി വിലക്കിയ വിവരങ്ങള്‍ ചോര്‍ത്തിയത് അഴിമതിക്കാണെന്ന് ആരോപിച്ചാണ് ഇടതു ജീവനക്കാര്‍ രംഗത്തത്തെിയത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ സി.പി. ജോണിനെ ചുമതലപ്പെടുത്തി. അതേസമയം, രജിസ്ട്രാര്‍ ഒപ്പിട്ട റാങ്ക്ലിസ്റ്റ് അല്ല ചോര്‍ന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഒരാളുടെയും ഒപ്പില്ലാത്ത ഫയല്‍ എവിടെനിന്ന് ലഭിച്ചതെന്ന് പറയാനാവില്ളെന്നും അന്വേഷണത്തില്‍ തെളിയുമെന്നും രജിസ്ട്രാറുടെ ഓഫിസ് പറഞ്ഞു. സര്‍വകലാശാലയില്‍ പതിറ്റാണ്ടുകളായി കരാര്‍ജോലി ചെയ്യുന്നവരാണ് കാഷ്വല്‍ ലേബറര്‍ എന്ന സി.എല്‍.ആര്‍മാര്‍. പ്യൂണ്‍-വാച്ച്മാന്‍ നിയമനത്തില്‍ ഇവര്‍ക്ക് 30ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് 54 പേരുടെ നിയമന സാധ്യത തെളിഞ്ഞത്. പ്യൂണ്‍-വാച്ച്മാന്‍ വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടാതെ പിന്നീട് സി.എല്‍.ആര്‍മാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ ചിലര്‍ കോടതിയെ സമീപിച്ചിരുന്നു. പുതിയ സംഭവത്തോടെ ഇവരുടെ നിയമനം അനിശ്ചിതത്വത്തിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.