ദേശീയപാത വികസനം: ജില്ലയില്‍ എതിര്‍പ്പ് വീണ്ടും ശക്തമാകുന്നു

കൊണ്ടോട്ടി: ദേശീയപാത വികസനം 45 മീറ്ററിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഭൂമിയേറ്റെടുക്കുന്നതിനെതിരെ ജില്ലയില്‍ വീണ്ടും പ്രതിഷേധം ശക്തമാകുന്നു. ദേശീയപാത-66ന്‍െറ വികസനത്തിനായി 45 മീറ്ററില്‍ ഭൂമിയേറ്റെടുക്കുമെന്ന പ്രഖ്യാപനം വന്നതോടെയാണിത്. രണ്ട് റീച്ചുകളിലായി 87 കിലോമീറ്ററാണ് 45 മീറ്ററില്‍ വികസിപ്പിക്കാനുളളത്. കൊടുങ്ങല്ലൂര്‍ എന്‍.എച്ച് ഡിവിഷനില്‍പ്പെടുന്ന ജില്ലാതിര്‍ത്തിയായ കാപ്പിരിക്കാട് മുതല്‍ കുറ്റിപ്പുറം പാലം വരെയുള്ള 31.65 കിലോമീറ്ററും കോഴിക്കോട് എന്‍.എച്ച് ഡിവിഷനില്‍പ്പെടുന്ന കുറ്റിപ്പുറം പാലം മുതല്‍ ഇടിമൂഴിക്കല്‍ വരെ 56 കിലോമീറ്ററിലുമാണ് വീതി കൂട്ടാനുള്ളത്. ഇതില്‍ പൊന്നാനി താലൂക്കില്‍ ഉള്‍പ്പെടുന്ന കാപ്പിരിക്കാട് മുതല്‍ കുറ്റിപ്പുറം പാലം വരെ 2013 നവംബറില്‍ സര്‍വേ നടത്തിയിരുന്നു. ബാക്കിയുളള കുറ്റിപ്പുറം പാലം മുതല്‍ ഇടിമൂഴിക്കല്‍ വരെ സര്‍വേ നടത്താനായുള്ള നാലാമത്തെ വിജ്ഞാപനം 2014 സെപ്റ്റംബര്‍ 18ന് പുറത്തിറങ്ങി. തിരൂര്‍, തിരൂരങ്ങാടി താലൂക്കില്‍ നിന്ന് ഭൂമി ഏറ്റെടുക്കാനാണ് അവസാനം വിജ്ഞാപനം ഇറങ്ങിയത്. പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ നടപടികളുമായി മുന്നോട്ടു പോകാനാകാത്തതിനാല്‍ ഇവയെല്ലാം കാലഹരണപ്പെടുകയും ചെയ്തു. തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകളില്‍ നിന്നായാണ് ഭൂമിയേറ്റെടുക്കേണ്ടത്. ഇതുപ്രകാരം ഭൂമിയേറ്റെടുക്കുകയാണെങ്കില്‍ വന്‍ കുടിയൊഴിപ്പിക്കല്‍ വേണ്ടിവരും. 900 ഏക്കറോളം ഭൂമിയാണ് ദേശീയപാതയുടെ വികസനത്തിനായി ജില്ലയില്‍ ഏറ്റെടുക്കാനുള്ളത്. ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ സര്‍വേ പ്രകാരം ആയിരക്കണക്കിന് കെട്ടിടങ്ങളാണ് പൊളിക്കേണ്ടി വരിക. ദേശീയപാത അതോറിറ്റി ഭൂമിയേറ്റെടുക്കല്‍ വിഷയത്തില്‍ ഇതുവരെ ഇരകളെ കബളിപ്പിക്കുകയാണുണ്ടായതെന്നാണാക്ഷേപം. 2013ലെ വിജ്ഞാപനത്തോടനുബന്ധിച്ച് സ്ഥലമുടമകളുടെ ആക്ഷേപങ്ങള്‍ക്ക് അതോറിറ്റി ഒരിടത്തും വില കല്‍പ്പിച്ചില്ല. തിരൂരങ്ങാടിയില്‍ ആക്ഷേപം സമര്‍പ്പിച്ച 1261 സ്ഥലമുടമകളില്‍ 985 പേരും തിരൂരില്‍ ആക്ഷേപം നല്‍കിയ 892 സ്ഥലമുടമകളില്‍ 732 പേരും ഹിയറിങിന് ഹാജരായിരുന്നു. ഉന്നയിച്ച ആവശ്യം പരിഗണിച്ചില്ല. തണ്ണീര്‍ത്തടങ്ങള്‍ നികത്തിയുള്ള പാത വികസനം ഒഴിവാക്കണമെന്ന പാടശേഖര സമിതി ആവശ്യവും നിരസിച്ചു. പൊന്നാനി താലൂക്കില്‍ 349 ആക്ഷേപങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍, ഒരാളുടെ പോലും ആക്ഷേപം ഉദ്യോഗസ്ഥര്‍ അന്ന് ഗൗരവത്തിലെടുത്തില്ല. പരാതി പരിഗണിക്കുകപോലും ചെയ്യാതെ ഒറ്റവാക്കില്‍ നിരസിച്ചതായി രജിസ്ട്രേഡ് കത്തിലൂടെ സ്ഥലമുടമകളെ അറിയിക്കുകയായിരുന്നു. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നിലവിലെ നിയമപ്രകാരം തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് ലഭിക്കുക. സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിച്ചാല്‍ മാത്രമേ ഇരകള്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരതുക ലഭിക്കൂ. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനൊട്ടാകെ അനുവദിച്ചിരിക്കുന്നത് 3,000 കോടി രൂപ മാത്രമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.