മലപ്പുറം: ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത് 800ലധികം കേസുകള്‍. അഞ്ചും ആറും വര്‍ഷങ്ങള്‍ക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഉള്‍പ്പെടെയാണിത്. 2012ല്‍ രജിസ്റ്റര്‍ ചെയ്ത 43 കേസുകള്‍, 2013ല്‍ രജിസ്റ്റര്‍ ചെയ്ത 111 കേസുകള്‍, 2014ലെ 209 കേസുകള്‍ എന്നിവ ഇനിയും തീര്‍പ്പാക്കാനുണ്ട്. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ് ഈ കണക്കുകള്‍. കേസുകള്‍ അനന്തമായി നീളുന്നത് കാരണം പല പരാതിക്കാരും പാതിവെച്ച് കേസ് നടത്തിപ്പ് ഉപേക്ഷിക്കാറുണ്ട്. ഓരോ കേസിനും ശരാശരി 30 മുതല്‍ 40 വരെ ഹിയറിങ്ങുകള്‍ നടന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കേസുകള്‍ ഇഴഞ്ഞുനീങ്ങുന്നത് ഉപഭോക്താക്കള്‍ക്ക് വലിയ സാമ്പത്തിക നഷ്ടത്തിന് പുറമെ സമയനഷ്ടവും ഉണ്ടാക്കുന്നു. മിക്കവാറും കേസുകളില്‍ അഭിഭാഷകരാണ് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരാകുന്നത്. അഭിഭാഷകര്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താതെ ഹാജരാകുന്നതും കേസ് നീളാന്‍ കാരണമാകുന്നുണ്ട്. ഹിയറിങ് എണ്ണം കൂടുന്നതിനനുസരിച്ച് അഭിഭാഷകന് നല്‍കാനുള്ള ഫീസും കൂടും. ഇതെല്ലാം ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാണ്. ഫയല്‍ ചെയ്യുന്ന കേസുകളില്‍ അന്തിമവിധി ഉത്തരവാക്കാന്‍ നിശ്ചിത സമയപരിധി ഇല്ളെന്നാണ് ഉപഭോക്തൃ ഫോറം വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നത്. കേസുകളുടെ സ്വഭാവം അനുസരിച്ച് കാലയളവ് വ്യത്യസ്തമായിരിക്കും. കേസുകളില്‍ വിദഗ്ധ അഭിപ്രായം തേടാന്‍ വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍, മെഡിക്കല്‍ ബോര്‍ഡ്, ഫോറന്‍സിക് ലാബ്, ലീഗല്‍ കമീഷനുകള്‍ എന്നിവയെ കൂടി ആശ്രയിക്കേണ്ടതിനാലാണ് സമയപരിധി നിശ്ചയിക്കാന്‍ കഴിയാത്തതെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. മലപ്പുറം സിവില്‍ സ്റ്റേഷനിലാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഓഫിസും കോടതിയും. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ കോടതി വാദം കേള്‍ക്കും. പ്രസിഡന്‍റ് അടക്കം മൂന്ന് അംഗങ്ങള്‍ അടങ്ങുന്ന ജഡ്ജിങ് പാനലാണ് കേസ് പരിഗണിക്കുക. ടെലിഫോണ്‍, ഗ്യാസ്, ഇന്‍ഷുറന്‍സ്, ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, മറ്റു സേവന ധാതാക്കള്‍ തുടങ്ങിയവയില്‍നിന്ന് അര്‍ഹതപ്പെട്ട സേവനകള്‍ ലഭ്യമാകാതിരിക്കുകയോ കഷ്ട-നഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്ത കേസുകളാണ് കൂടുതലായും ഫോറത്തിന് മുന്നില്‍ എത്തുന്നത്. കേസിന് ആസ്പദമായ സംഭവം നടന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ ഉപഭോക്താവിന് നേരിട്ട് പരാതി സമര്‍പ്പിക്കാം. കഴിഞ്ഞ വര്‍ഷം മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 500ലധികം കേസുകളാണ്. ഈ വര്‍ഷം ഇതുവരെ 240 കേസുകള്‍ വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.