മഞ്ചേരി: വര്‍ഗീയ ചേരിതിരിവുണ്ടാക്കി അധികാരം നേടാനുള്ള ആര്‍.എസ്.എസ്-ബി.ജെ.പി അജണ്ടയാണ് കേരളത്തിലും നടപ്പാക്കാന്‍ ശ്രമിച്ചതെന്നും മതേതരവിശ്വാസികളുടെ ജാഗ്രതകൊണ്ട് അവര്‍ ഉദ്ദേശിച്ച ഫലം ലഭിക്കാതെ പോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ചേരിയില്‍ ‘ഇ.എം.എസിന്‍െറ ലോകം’ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുമായുള്ള കൂട്ടുകച്ചവടത്തിലൂടെ യു.ഡി.എഫിന് ചില സ്ഥലങ്ങളില്‍ സീറ്റ് ലഭിച്ചു. വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടില്ലാത്തതിനാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബി.ജെ.പിയിലേക്ക് മാറുകയെന്നത് പ്രയാസമുള്ള കാര്യമല്ലാതായിരിക്കുന്നു. പാരമ്പര്യമായി ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നവര്‍ക്ക് പുറമെ മതനിരപേക്ഷത സ്വപ്നം കാണുന്നവരുടെ സഹായം കൂടിയാണ് ഇടതുമുന്നണി വിജയത്തിന് കാരണമെന്നും പിണറായി പറഞ്ഞു. ബി.ജെ.പി നേമത്ത് ജയിച്ചത് കോണ്‍ഗ്രസിന്‍െറ പൂര്‍ണ സഹായത്തോടെയാണ്. ആര്‍.എസ്.എസിന്‍െറ ജനകീയത കൊണ്ടോ ബി.ജെ.പിയുടെ സ്വീകാര്യത കൊണ്ടോ ലഭിച്ചതല്ല. ഇടതുമുന്നണി വിജയിച്ചുവരുന്ന മണ്ഡലമാണത്. ഇടതുമുന്നണിക്ക് എന്നിട്ടും 15,000 വോട്ടിന്‍െറ വര്‍ധനവാണുണ്ടായത്. കോണ്‍ഗ്രസിന് കെട്ടിവെച്ച തുക നഷ്ടമാവുകയും ചെയ്തു. കേരളത്തില്‍ 12 സീറ്റിലെങ്കിലും വിജയം ഉറപ്പിച്ചായിരുന്നു ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തനം. ഫലം വരുന്നത് വരെ അവര്‍ ആ വിശ്വാസത്തിലുമായിരുന്നു. എന്നാല്‍, നിരാശയായിരുന്നു ഫലം. വെള്ളാപ്പള്ളി നടേശന്‍െറ ബി.ഡി.ജെ.എസ് കാര്യമായ ഒരു ശക്തിയേയല്ളെന്ന് തെളിഞ്ഞു. ജാതീയതക്കും വര്‍ഗീയതക്കും എതിരെ സന്ദേശമുയര്‍ത്തിയ ശ്രീനാരായണ ഗുരുവിന്‍െറ പേരില്‍ മതവും വര്‍ഗീയതയും പറഞ്ഞ് അധികാരം നേടാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. വീട്ടില്‍ ഇറച്ചി സൂക്ഷിച്ചതിന് ഒരാളെ തല്ലിക്കൊലപ്പെടുത്തുന്ന രാജ്യത്ത് പ്രധാനമന്ത്രി അതിനെ അപലപിക്കാന്‍കൂടി മുതിര്‍ന്നില്ല. ഫാഷിസ്റ്റ് പരീക്ഷണം വിജയിച്ച ജര്‍മനിയെ മാതൃകയാക്കുകയാണ് ബി.ജെ.പിയെന്നും പിണറായി പറഞ്ഞു. സംസ്ഥാനത്ത് സാമൂഹികനീതിയും തുല്യതയും ഉറപ്പാക്കുന്ന സര്‍വതല സ്പര്‍ശിയായ ഭരണമാണ് ലക്ഷ്യം. എല്ലാ മേഖലയിലും ഇതുറപ്പാക്കും. നാടിന് പറ്റാത്തതും യോജിക്കാത്തതുമായ വികസന പദ്ധതികളൊന്നും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. കേരളത്തിന് യോജിക്കുന്നതുതന്നെ ഏറെയാണ് നടപ്പാക്കാന്‍. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്താനും അവ നേരിടുന്ന ഭീഷണി ഇല്ലാതാക്കാനും സര്‍ക്കാര്‍ കാര്യമായി ശ്രമിക്കും. മാലിന്യമാണ് കേരളം നേരിടുന്ന ഒരു പ്രധാന പ്രശ്നം. നമ്മുടെ പുഴകളെല്ലാം മലിനമായി. ശുദ്ധമായ കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയാണിന്ന്. ഭൂപരിഷ്കരണം, ഭവനപദ്ധതി, പൊതുവിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഇ.എം.എസ് സര്‍ക്കാര്‍ നല്‍കിയ സംഭാവനകളാണ് കേരളത്തെ മാറ്റിമറിച്ചതെന്നും പിണറായി പറഞ്ഞു. മുന്‍മന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്നായിക് സംസാരിച്ചു. എം.എല്‍.എമാരായ വി. അബ്ദുറഹ്മാന്‍, പി.വി. അന്‍വര്‍ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.