മലപ്പുറം: അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞ് ഒരുമാസം പിന്നിട്ടെങ്കിലും കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ ഫലം പൂര്‍ണമായി പുറത്തുവന്നില്ല. ഉത്തരപേപ്പര്‍ മൂല്യനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാകാത്തതാണ് കാരണം. ഇതിനാല്‍ ഉപരിപഠനത്തിനും മറ്റു കോഴ്സുകള്‍ക്കും അപേക്ഷിക്കാനാകാതെ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലായി. ഉത്തരപേപ്പര്‍ സമയബന്ധിതമായി മൂല്യനിര്‍ണയം നടക്കുന്ന ക്യാമ്പുകളിലേക്ക് മാറ്റാത്തതിനാല്‍ മലപ്പുറം ഗവ.കോളജിലെ ബി.എസ്സി, ബി.എ ഫലം പ്രഖ്യാപിക്കല്‍ വൈകുകയാണ്. ഏപ്രില്‍ അവസാന വാരം പരീക്ഷ പൂര്‍ത്തിയായെങ്കിലും മേയ് അവസാനമാണ് ഉത്തരപേപ്പറുകള്‍ മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് മാറ്റിയത്. മേയ് അഞ്ചിന് കേന്ദ്രീകൃത മൂല്യനിര്‍ണയം ആരംഭിച്ചെങ്കിലും മലപ്പുറം കോളജിലെ ഉത്തരപേപ്പറുകള്‍ കൊണ്ടുപോയിരുന്നില്ല. നിരന്തരം ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് മേയ് അവസാന വാരം അധികൃതര്‍ വഴങ്ങിയതെന്ന് കോളജ് അധ്യാപകര്‍ പറഞ്ഞു. മൂല്യനിര്‍ണയം വൈകിയതോടെ ഫലവും നീളുകയാണ്. ഫിസിക്സ്, കെമിസ്ട്രി എന്നിങ്ങനെ ശാസ്ത്രവിഷയങ്ങളിലും അറബിക്, മലയാളം, ഉറുദു, സാമ്പത്തികശാസ്ത്രം, ചരിത്രം, ഇസ്ലാമിക് ചരിത്രം, ബി.കോം എന്നിങ്ങനെ ഒമ്പത് വിഭാഗങ്ങളില്‍ മലപ്പുറം ഗവ. കോളജില്‍ ബിരുദപഠനമുണ്ട്. ഇതില്‍ ബി.കോം ഫലം മാത്രമാണ് പുറത്തുവന്നത്. വിവിധ സര്‍വകലാശാലകളുടെ പി.ജി പ്രവേശപരീക്ഷ എഴുതി കാത്തിരിക്കുന്നവരും ബി.എഡ് അടക്കമുള്ള കോഴ്സുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനിരിക്കുന്നവരും കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശം ആഗ്രഹിക്കുന്നവരും ഇതുമൂലം വെട്ടിലായിരിക്കുകയാണ്. ബി.എഡ് പ്രവേശത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഫലം പ്രസിദ്ധീകരിക്കുന്നത് ഇനിയും വൈകിയാല്‍ വിദ്യാര്‍ഥികളുടെ ഒരു വര്‍ഷം നഷ്ടപ്പെടും. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ്, നാട്ടിക എസ്.എന്‍. കോളജ് എന്നിവിടങ്ങളിലും സമാന പ്രശ്നമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.