വിഷ പച്ചക്കറി ഇറക്കുമതി: ഭക്ഷ്യസുരക്ഷയുടെ ബദല്‍ മാര്‍ഗം എങ്ങുമത്തെിയില്ല

നിലമ്പൂര്‍: ഇതര സംസ്ഥാനങ്ങളില്‍നിന്ന് വിഷം തീണ്ടിയ പച്ചക്കറികള്‍ കേരളത്തിലത്തെുന്നത് കുറക്കാന്‍ ബദല്‍ മാര്‍ഗം കാണുമെന്ന സംസ്ഥാന ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍െറ വാഗ്ദാനം എങ്ങുമത്തെിയില്ല. കേരള ഭക്ഷ്യസുരക്ഷാ കമീഷണര്‍ ടി.വി. അനുപമയുടെ നേതൃത്വത്തിലാണ് ബദല്‍ മാര്‍ഗം ആലോചിച്ചിരുന്നത്. ജൈവ പച്ചക്കറി കൃഷിക്ക് കൂടുതല്‍ സബ്സിഡിയും ആനുകൂല്യങ്ങളും നല്‍കി ആകര്‍ഷിക്കാനായിരുന്നു നീക്കം. ജൈവപച്ചക്കറി വ്യാപനത്തിന് സംസ്ഥാനത്ത് പദ്ധതികള്‍ ഏറെയുണ്ടെങ്കിലും കര്‍ഷകരില്‍ പദ്ധതി ആനുകൂല്യം എത്തുന്നില്ല. സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുമ്പോഴും ആനുപാതികമായി മേഖലയില്‍ വളര്‍ച്ചയോ ഉല്‍പാദന വര്‍ധനവോ കാണുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് 20 രൂപയുടെ വിത്ത് പാക്കറ്റ് സൗജന്യമായി നല്‍കുന്നുണ്ടെങ്കിലും ഇത് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടോയെന്ന നിരീക്ഷണമോ ഗുണനിലവാര പരിശോധനയോ ഇല്ല. കുടുംബശ്രീ വഴി സംഘകൃഷിക്ക് വീട്ടമ്മമാര്‍ക്ക് സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണം നല്‍കുന്നതില്‍ വ്യാപക ക്രമക്കേടുണ്ട്. രേഖകളില്‍ കൃഷി ഇരട്ടിയാക്കി കാണിച്ചാണ് സര്‍ക്കാര്‍ ആനുകൂല്യം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തട്ടിയെടുക്കുന്നത്. അതേസമയം, ഇപ്പോഴും പച്ചക്കറി ഇറക്കുമതി വര്‍ധിക്കുകയാണ്. 2015 വരെ 75 ശതമാനമായിരുന്നത് 78 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്ന് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് പച്ചക്കറി ഇറക്കുമതി ചെയ്യുന്ന മൊത്ത വിതരണക്കാരനായ വ്യാപാരി പറയുന്നു. കേരളത്തില്‍ കാന്‍സര്‍ രോഗികള്‍ വര്‍ധിച്ചതോടെയാണ് ഇറക്കുമതി പച്ചക്കറിയിലെ വിശാംഷത്തെ കുറിച്ച് പഠിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് തയാറായത്. പരിശോധനയില്‍ മാരക കീടനാശിനികളും അനിയന്ത്രിതമായി രാസവളവും ഉപയോഗിച്ചാണ് തമിഴ്നാട്ടില്‍ പച്ചക്കറി കൃഷി ചെയ്യുന്നതെന്ന് കണ്ടത്തെിയിരുന്നു. നടപടിയെടുക്കണമെന്ന് കേരള ഭക്ഷ്യവകുപ്പ് തമിഴ്നാട് കാര്‍ഷികോല്‍പാദന കമീഷണര്‍ രാജേഷ് ലഖാനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തമിഴ്നാട് വേണ്ടത്ര താല്‍പര്യം കാണിച്ചില്ല. തുടര്‍ന്നാണ് ഇറക്കുമതി പച്ചക്കറി ഉപയോഗം കുറക്കാന്‍ ബദല്‍ മാര്‍ഗം ആലോചിച്ചത്. സംസ്ഥാനത്ത് 50,000 ഹെക്ടര്‍ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി ഇറക്കുമെന്നും ഇറക്കുമതി കുറച്ചുകൊണ്ടുവരുമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍െറ പ്രഖ്യാപനം പ്രതീക്ഷയോടെയാണ് ജനം നോക്കിക്കാണുന്നത്. ചെക്ക്പോസ്റ്റുകളില്‍ പരിശോധന സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഉറപ്പുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.