വെള്ളം പൊങ്ങിയപ്പോള്‍ പരിഹാരം തേടി ഉദ്യോഗസ്ഥയോഗം: മഞ്ചേരിയില്‍ വയല്‍ നികത്തലുകള്‍ക്ക് നഗരസഭ സാക്ഷി

മഞ്ചേരി: നഗരത്തില്‍ അനധികൃതമായി വയല്‍ നികത്തുന്നതിന് കാഴ്ചക്കാരായി നിന്ന നഗരസഭ ഭരണസമിതി തിങ്കളാഴ്ച യോഗം ചേര്‍ന്നത് വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍. നഗരത്തില്‍ പകല്‍പോലും ലോറിയില്‍ മണ്ണുകൊണ്ടുവന്നിട്ടാണ് ചതുപ്പുകള്‍ നികത്തിയത്. ഏതാനും മാസം മുമ്പായിരുന്നു ഇതിലേറെയും. ചതുപ്പുനിലങ്ങള്‍ ഏറെയുള്ള രാജീവ് ഗാന്ധി ബൈപ്പാസ്, സി.എച്ച് ബൈപ്പാസ് എന്നിവിടങ്ങളില്‍ നടന്ന വയല്‍നികത്തല്‍ വലിയതോതില്‍ വെള്ളപ്പൊക്കത്തിനും കുടിവെള്ളക്ഷാമത്തിനും കാരണമാവുമെന്ന് പരിസരവാസികള്‍ നഗരസഭയെയും റവന്യു ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. ഭൂമി നികത്തിക്കഴിഞ്ഞെന്ന് ഉറപ്പാക്കിയ ശേഷം നഗരസഭ ഉടമകള്‍ക്ക് നോട്ടിസ് അയച്ച് നടപടിയെടുത്തെന്ന് വരുത്താറാണ് പതിവ്. റവന്യു ഉദ്യോഗസ്ഥര്‍ വയല്‍ നികത്തുന്ന ഭാഗത്തേക്ക് തിരിഞ്ഞുനോക്കാതെയാണ് സഹായിച്ചത്. കഴിഞ്ഞ രണ്ടുദിവസമായി മഴ കനത്തുപെയ്തതോടെ മഞ്ചേരിയില്‍ പലയിടത്തായി വെള്ളം പൊങ്ങുകയും ഒഴുകിപ്പോകാന്‍ ഇടമില്ലാതെ വരികയും ചെയ്തതോടെയാണ് നഗരസഭാ അധ്യക്ഷ വി.എം. സുബൈദയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. തോടുകള്‍ കൈയേറിയതാണ് വെള്ളം പൊങ്ങാന്‍ കാരണമെന്നും കൈയേറ്റം ഒഴിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ബുധനാഴ്ച താലൂക്ക് സര്‍വേയറുടെ സേവനം ഉറപ്പാക്കി തോടുകള്‍ സര്‍വേ നടത്തി കൈയേറ്റം ഒഴിപ്പിക്കാമെന്ന് തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്. മഞ്ചേരിയില്‍ ചതുപ്പുഭൂമി ചുളുവിലയ്ക്ക് വാങ്ങി ചില ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ രാത്രിയില്‍ മണ്ണിട്ടുമൂടുകയാണ് ചെയ്യുന്നത്. ഇതുസംബന്ധിച്ച് ജനങ്ങള്‍ നല്‍കിയ പരാതിയില്‍ പോലും മഞ്ചേരി നഗരസഭയോ ഏറനാട് തഹസില്‍ദാറോ അടുത്തകാലത്തൊന്നും നടപടിയെടുത്തിട്ടില്ളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, സ്വകാര്യവ്യക്തികള്‍ ചിലയിടങ്ങളില്‍ തോടുകൈയേറിയതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്നും അവ ഒഴിപ്പിക്കാനാണ് തീരുമാനമെന്നും ഭരണസമിതി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.