മഞ്ചേരി: മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നിലനിര്‍ത്താന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ നിര്‍മിച്ച റെസിഡന്‍റ് ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ കനത്ത മഴയില്‍ തകരാറിലായി. തിരുവനന്തപുരം കഴക്കൂട്ടത്ത് ദേശീയ ഗെയിംസ് വില്ലയിലെ താല്‍ക്കാലിക കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ മഞ്ചേരിയിലത്തെിച്ചാണ് ഹോസ്റ്റലുകള്‍ നിര്‍മിച്ചത്. ഇവക്ക് വേണ്ടത്ര ബലത്തില്‍ അടിത്തറ നിര്‍മിച്ചിരുന്നില്ല. ഇളക്കിയ മണ്ണിലും ചെങ്കുത്തായ സ്ഥലത്തും നിര്‍മിച്ച കെട്ടിടങ്ങളാണ് അടിത്തറയിളകി നിലംപൊത്താറായ സ്ഥിതിയിലായത്. 14 റെസിഡന്‍റ്് ഹോസ്റ്റലുകളാണ് നിര്‍മിച്ചത്. ഇതില്‍ ഏഴെണ്ണത്തിനും തകരാറുണ്ട്. നിര്‍മാണത്തിലെ ക്രമക്കേടാണ് തകര്‍ച്ചക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒന്നരക്കോടി രൂപയാണ് ഇതിന് സര്‍ക്കാര്‍ മുടക്കിയത്. കിറ്റ്കോയുടെ നിയന്ത്രണത്തിലായിരുന്നു നിര്‍മാണം. ജൂലൈയില്‍ പുതിയ ബാച്ച് വിദ്യാര്‍ഥികളും അധ്യാപകരും വരുന്നതിന് മുമ്പ് ധൃതിയില്‍ പൂര്‍ത്തിയാക്കിയതാണ് കെട്ടിടങ്ങള്‍. മൂന്നു ബെഡ്റൂമും ചെറിയ ഹാളും ബാത്ത്റൂമും ഇടവഴിയും അടക്കമാണ് ഓരോ കെട്ടിടവും. സാനിറ്റേഷന്‍, വൈദ്യുതീകരണ പ്രവൃത്തികളും പൂര്‍ത്തിയാവാറായി. കുന്നിടിച്ച് നിരത്തി ഇളകിയ മണ്ണിലാണ് താല്‍ക്കാലികമായി സിമന്‍റുകട്ടകൊണ്ട് തറ കെട്ടിയത്. ഇതിന് സംരക്ഷണഭിത്തി നിര്‍മിച്ചിട്ടുണ്ടായിരുന്നില്ല. മാത്രമല്ല നിര്‍മാണത്തിന് വേണ്ടത്ര ആസൂത്രണമോ മേല്‍നോട്ടമോ ഉണ്ടായിട്ടുമില്ല. ഇതേ മാതൃകയില്‍ 3.5 കോടി രൂപ ചെലവില്‍ നിര്‍മിച്ച രണ്ട് ഫ്രിഫാബ്രിക്കറ്റഡ് കെട്ടിടങ്ങളും വെറുതെയായി. മെഡിക്കല്‍ കോളജിന് പുതിയ അക്കാദമി മന്ദിരം നിര്‍മിക്കാന്‍ കാലതാമസമുണ്ടാവുമെന്ന് കണ്ടത്തെി വേണ്ടത്ര ആലോചനയില്ലാതെയാണ് 3.5 കോടി രൂപ ചെലവില്‍ കിറ്റ്കോയെ കൊണ്ട് രണ്ട് കെട്ടിടങ്ങള്‍ നിര്‍മിച്ചത്. അക്കാദമിക് മന്ദിരം പൂര്‍ത്തിയാവാറായിട്ടും താല്‍ക്കാലിക കെട്ടിടം ഉയര്‍ന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഇത് ഉപയോഗിക്കേണ്ടി വന്നില്ല. ഗത്യന്തരമില്ലാതെ അതില്‍ ഒന്ന് വിദ്യാര്‍ഥികള്‍ക്കുള്ള ഓഡിറ്റോറിയവും മറ്റൊന്ന് ചെറിയ മുറികളാക്കി തിരിച്ച് വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലുമാക്കി. ഇവ രണ്ടും നിര്‍മിക്കാന്‍ വേറെ എസ്റ്റിമേറ്റ് തയാറാക്കി കാത്തിരിക്കുകയാണ്. പുതിയ മെഡിക്കല്‍ കോളജിന്‍െറ നിര്‍മാണ പ്രവൃത്തികളും അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള ഒരുക്കങ്ങളും വേണ്ടവിധം മോണിറ്ററിങ് നടത്താത്തതാണ് ഈ സ്ഥിതിക്ക് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.