അഞ്ച് വര്‍ഷത്തിനകം 1000 പേര്‍ക്ക് ഭവന നിര്‍മാണത്തിന് സഹായം

കൊണ്ടോട്ടി: അഞ്ചു വര്‍ഷത്തിനകം 1000 പേര്‍ക്ക് വീട് നിര്‍മാണത്തിന് തുക നല്‍കുന്നതടക്കം സേവന മേഖലക്ക് പ്രാമുഖ്യം നല്‍കി നഗരസഭയുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം. 13 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്കാണ് വെള്ളിയാഴ്ച ചേര്‍ന്ന നഗരസഭായോഗം അംഗീകാരം നല്‍കിയത്. 1000 വീട് പദ്ധതി, വീട് പുനരുദ്ധാരണം, നഗരസഭയുടെ സ്ഥലം പ്രയോജനപ്പെടുത്തി സ്നേഹാലയം ഫ്ളാറ്റ്, നഗരത്തില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കല്‍, ജൈവ പച്ചക്കറി വിപണനം, കോളനികളില്‍ കുടിവെള്ളം എന്നിവക്കാണ് ഫണ്ട് വിനിയോഗിക്കുക. ചിറയിന്‍ ചുങ്കം സ്കൂളില്‍ ശാസ്ത്ര ലാബിനായി 10 ലക്ഷം രൂപയും വകയിരുത്തി. ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനത്തിന് മേലങ്ങാടി ജി.വി.എച്ച്. എസ്.എസില്‍ ലാംഗ്വേജ് ലാബ് ആരംഭിക്കും. നഗരസഭാ പരിധിയിലെ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന ലാബിന് 10 ലക്ഷം രൂപയാണ് വകയിരുത്തിയത്. കോട്ടാശ്ശേരി-കല്ലാംശ്ശേരി കുടിവെള്ള പദ്ധതിക്ക് 30 ലക്ഷവും പനയംപറമ്പ് പദ്ധതിക്ക് 15 ലക്ഷവും വകയിരുത്തി. എന്‍.എച്ച് കോളനിയിലെ യു.പി സ്കൂളിന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നഗരത്തില്‍ പൊലീസ് സഹായത്തോടെ കാമറകള്‍ സ്ഥാപിക്കും. ബൈപാസ് 17 മുതല്‍ കുറുപ്പത്ത് വരെയുള്ള ഭാഗങ്ങളും പഴയങ്ങാടി പഴയ ബസ്സ്റ്റാന്‍ഡ് പരിസരങ്ങളിലുമാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുക. മാലിന്യം തള്ളലും കഞ്ചാവ്, മയക്കുമരുന്ന് വില്‍പനയും തടയാനാണ് 10 ലക്ഷം രൂപ ചെലവില്‍ ഇവ സ്ഥാപിക്കുന്നത്. കൊണ്ടോട്ടി പഞ്ചായത്തിന്‍െറ പഴയ കെട്ടിടം പൊളിച്ച് രണ്ട് ഷോപ്പിങ് കോംപ്ളക്സ് പണിയും. ഇതില്‍ ഒന്ന് പബ്ളിക് ലൈബ്രറിക്കായി നല്‍കും. എല്ലാ വാര്‍ഡിനും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെയാണ് ഫണ്ട് വകയിരുത്തിയതെന്ന് തുടര്‍ന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ സി. നാടിക്കുട്ടി വ്യക്തമാക്കി. അഡ്വ. കെ.കെ. സമദ്, അബ്ദുറഹ്മാന്‍, മുഹമ്മദ് ഷാ, പുലാശ്ശേരി മുസ്തഫ, പി. മൂസ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.