ജില്ലയെ പച്ചപുതപ്പിക്കാന്‍ അഞ്ചര ലക്ഷം വൃക്ഷതൈകള്‍

നിലമ്പൂര്‍: സാമൂഹിക വനവത്കരണ വിഭാഗവും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് സംസ്ഥാനത്ത് നടപ്പാക്കുന്ന ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ അഞ്ചര ലക്ഷത്തോളം വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. ഹരിതകേരളം, ഒരാള്‍ ഒരു മരം, വഴിയോര തണല്‍ എന്നീ പദ്ധതികള്‍ സംയോജിപ്പിച്ചാണ് ഈ വര്‍ഷം പദ്ധതി നടത്തിപ്പ്. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് മുതല്‍ 20 വരെയാണ് തൈ വിതരണം ചെയ്യുക. തൈകളുടെ വിതരണത്തിനായി മലപ്പുറം മുണ്ടുപറമ്പില്‍ മൂന്ന് ലക്ഷം തൈകളും എടക്കര ഉദിരംകുളത്ത് 2,14,000 തൈകളും സാമൂഹികവനവത്കരണ വിഭാഗം ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ഒരുവര്‍ഷം പ്രായമായ 20,000 മുളം തൈകളും വിതരണം ചെയ്യും. ഭാരതപുഴ, ചാലിയാര്‍ എന്നിവയുടെ ഓരങ്ങളിലാവും മുളം തൈകള്‍ വെച്ച് പിടിപ്പിക്കുക. ഇതിന് ക്ളബുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടും. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് എല്‍.പി മുതല്‍ ഹൈസ്കൂള്‍ തലങ്ങളിലുള്ള സ്കൂളുകളില്‍ തൈകള്‍ വിതരണം ചെയ്യും. വിദ്യാലയങ്ങളില്‍ സൗജന്യമായാണ് വിതരണം. യൂത്ത് ഓര്‍ഗനേഷന്‍, ക്ളബുകള്‍, സന്നദ്ധ സംഘടനകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവക്ക് 50 പൈസ നിരക്കിലാവും തൈകളുടെ വിതരണം. റോഡരികുകളിലും പൊതുനിരത്തുകളിലും പഞ്ചായത്തുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ തൈകള്‍ നടും. കുറ്റിപ്പുറം-പൊന്നാനി ബൈപാസ് റോഡരികുകളില്‍ പദ്ധതിയുടെ ഭാഗമായി ഇക്കുറി തണല്‍ മരങ്ങള്‍ നടും. നെല്ലി, മഹാഗണി, കണിക്കൊന്ന, കൂവളം, ഉങ്ങ്, മന്ദാരം, സീതപഴം, പൂവരശ്, ഉറുമാമ്പഴം, ആര്യവേപ്പ്, അത്തി, മുള തുടങ്ങി 12 ഇനം വൃക്ഷതൈകളാണ് വിതരണം ചെയ്യുക. പദ്ധതിയുടെ ഉദ്ഘാടനങ്ങള്‍ ജൂണ്‍ ആറിനാണ് നടക്കുക. ഹരിത കേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എരഞ്ഞിമങ്ങാട് ഗവ. യു.പി സ്കൂളില്‍ ജില്ലാ കലക്ടര്‍ നിര്‍വഹിക്കും. വഴിയോര തണല്‍ പദ്ധതി കുറ്റിപ്പുറം-പൊന്നാനി ബൈപാസ് റോഡരികില്‍ മന്ത്രി ജലീല്‍ നിര്‍വഹിക്കും. കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ ‘ഒരാള്‍ക്ക് ഒരു മരം’ പദ്ധതി നടന്‍ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 70 ലക്ഷം തൈകളാണ് വിതരണം നടത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.