ചോക്കാട് നാല്‍പത് സെന്‍റില്‍ പുകപ്പുര കത്തി; ലക്ഷങ്ങളുടെ നഷ്ടം

കാളികാവ്: ചോക്കാട് നാല്‍പത് സെന്‍റില്‍ കോട്ടമ്മല്‍ എസ്റ്റേറ്റിലെ പുകപ്പുര പൂര്‍ണമായി കത്തിനശിച്ചു. വണ്ടൂര്‍ പള്ളിക്കുന്ന് സ്വദേശി കോട്ടമ്മല്‍ സുബൈദയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ റബര്‍ഷീറ്റ് ഉണക്കുന്ന പുകപ്പുരക്കാണ് തീ പിടിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. 2000ത്തോളം റബര്‍ ഷീറ്റുകള്‍ ഉണക്കാനിട്ടിരുന്ന കെട്ടിടമാണ് കത്തിയമര്‍ന്നത്. പുരക്കുള്ളില്‍ ഒട്ടുപാലും കൂട്ടിയിട്ടിരുന്നു. ഇത്രയും ഷീറ്റും ഒട്ടുപാലും കത്തിയ ചാരമോ മറ്റ് അവശിഷ്ടങ്ങളോ കാണാനില്ലാത്തതാണ് മോഷണമാണെന്ന് സംശയിക്കാന്‍ കാരണം. പുകപ്പുരയുടെ ജനല്‍ പൊളിച്ചത് പോലെ തോന്നുന്നതും സംശയത്തിനിടയാക്കുന്നുണ്ട്. മോഷണം നടത്തിയതിന് ശേഷം തെളിവ് നശിപ്പിക്കാനും അന്വേഷണം വഴിതിരിച്ച് വിടാനുമാണ് കുറച്ച് റബര്‍ ഷീറ്റുകള്‍ക്കും ഒട്ടുപാലിനും തീ കൊടുത്തതെന്നാണ് നിഗമനം. സമീപത്ത് കൂട്ടിയിട്ട വിറകും കത്തിനശിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് തീ പൂര്‍ണമായി അണക്കാനായത്. കാട്ടാനകളുടെയും മറ്റ് വന്യ മൃഗങ്ങളുടെയും ആക്രമണ ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇവിടെ രാത്രി കാവല്‍ക്കാര്‍ ഉണ്ടാകാറില്ല. രാവിലെ ടാപ്പിങ് തൊഴിലാളികളാണ് പുകപ്പുര കത്തുന്നത് കണ്ടത്. ഒരുവര്‍ഷം മുമ്പ് സമീപത്തെ തോട്ടം കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ സംഭവം പൊലീസ് ഗൗരവമായെടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ധര്‍ സംഭവ സ്ഥലം പരിശോധിച്ചു. മലപ്പുറം സയന്‍റിഫിക് അസിസ്റ്റന്‍റ് ഇന്ന് സ്ഥലം സന്ദര്‍ശിക്കും. വണ്ടൂര്‍ സി.ഐ പി.എ. രവീന്ദ്രന്‍, ഗ്രേഡ് എസ്.ഐ ജോര്‍ജ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കേസെടുത്തു. ചോക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഷാഹിന ഗഫൂര്‍, വൈസ് പ്രസിഡന്‍റ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍, ബ്ളോക്ക് പഞ്ചായത്തംഗം പൈനാട്ടില്‍ അശ്റഫ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ പുകപ്പുര നശിച്ചത് ഉള്‍പ്പെടെ അഞ്ച് ലക്ഷം രൂപയോളം നഷ്ടമുണ്ടായതായി ഉടമകള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.