കാര്‍ഷിക, ഉല്‍പാദന മേഖലകള്‍: കോര്‍പറേഷനുകളില്‍ നിര്‍ബന്ധ വിഹിതം 10 ശതമാനമായി കുറച്ചു

മഞ്ചേരി: പദ്ധതി വിഹിതത്തില്‍ കാര്‍ഷിക, ഉല്‍പാദന മേഖലകളില്‍ നിര്‍ബന്ധിതമായി ചെലവഴിക്കേണ്ട ഫണ്ടിന്‍െറ കാര്യത്തില്‍ കോര്‍പറേഷനുകള്‍ക്ക് ഇളവ്. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും 20 ശതമാനം ഫണ്ട് കാര്‍ഷിക ഉല്‍പാദന മേഖലയില്‍ ചെലവഴിക്കേണ്ടതുണ്ടെന്ന രണ്ടാഴ്ച മുമ്പുള്ള ഉത്തരവില്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, കോര്‍പറേഷനുകളില്‍ ഇത് പത്തു ശതമാനമാക്കി ചുരുക്കി സര്‍ക്കാര്‍ പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഗ്രാമപഞ്ചായത്തുകളും നഗരസഭകളും വികസന ഫണ്ടിന്‍െറ 20 ശതമാനം നിര്‍ബന്ധമായും വെക്കണം. കാര്‍ഷിക ഉല്‍പാദന രംഗത്ത് 20 ശതമാനം ചെലവഴിക്കേണ്ടതിന് കൂടുതല്‍ വ്യക്തത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കി. പട്ടികജാതി, വര്‍ഗ ക്ഷേമ ഫണ്ട് അടക്കം നേരത്തേ നിര്‍ബന്ധിതമായി വകയിരുത്താന്‍ നിര്‍ദേശിച്ച തുക മാറ്റിവെച്ച് ബാക്കിവരുന്ന വികസന ഫണ്ടിന്‍െറ 20 ശതമാനമാണ് കാര്‍ഷിക ഉല്‍പാദന മേഖലക്ക് മാറ്റിവെക്കേണ്ടതെന്ന് തദ്ദേശ മന്ത്രി ഡോ. കെ.ടി. ജലീലിന്‍െറ അധ്യക്ഷതയില്‍ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ച് മാര്‍ഗനിര്‍ദേശങ്ങളിറക്കി. ശുചിത്വം, മാലിന്യ നിര്‍മാര്‍ജനം എന്നിവക്ക് വകയിരുത്തേണ്ട പത്തു ശതമാനം ഫണ്ട് വകയിരുത്തേണ്ടതും ഇപ്രകാരമാണ്. നേരത്തേയുള്ള പട്ടികജാതി, വര്‍ഗ ക്ഷേമ ഫണ്ട് കേന്ദ്ര ധനകാര്യകമീഷന്‍ ഗ്രാന്‍റ്, കെ.എല്‍.ജി.എസ്.ഡി.പി ഫണ്ട് എന്നിവ മാറ്റിവെച്ച് ബാക്കിയുള്ളതിന്‍െറ പത്തുശതമാനമാണിത്. ജൈവവള നിര്‍മാണത്തിനും വിതരണത്തിനും ചെലവു ചെയ്യുന്ന തുക ഉല്‍പാദന മേഖലയില്‍ ഉള്‍പ്പെടുത്താം. ഉല്‍പാദന മേഖലയുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകള്‍ നല്‍കുന്ന വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് പഞ്ചായത്തുകളിലേക്ക് ബ്ളോക് പഞ്ചായത്തുകള്‍ നല്‍കുന്ന 20 ശതമാനം ഫണ്ടില്‍നിന്ന് അനുവദിക്കാവുന്നതാണ്. എന്നാല്‍, ഇതിനുള്ള ഗുണഭോക്താക്കളെ പഞ്ചായത്തിന്‍െറ ഗുണഭോക്തൃ പട്ടികയില്‍നിന്നുതന്നെ കണ്ടത്തെണം. നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മറ്റു വികസന പദ്ധതികള്‍ക്ക് വകയിരുത്തുന്ന തുക മേല്‍പറഞ്ഞ ശുചിത്വം, മാലിന്യ സംസ്കരണം എന്നിവക്കുള്ള നിര്‍ബന്ധിത തുകയില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്യാം. ഗ്രാമപഞ്ചായത്തുകള്‍ക്ക് ഇത്തരം പദ്ധതികളില്‍ ബ്ളോക് പഞ്ചായത്തുകള്‍ വഴി ലഭിക്കുന്ന വിഹിതത്തില്‍നിന്ന് മാറ്റിവെക്കാനും നിര്‍ദേശിച്ചു. ശുചിത്വ മിഷന്‍ വഴി ലഭിക്കാവുന്ന തുകക്ക് കൂടി പദ്ധതി തയാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി. കൈവശാവകാശ രേഖകളില്ലാത്ത ഭൂമിയില്‍ താമസിക്കുന്നവരും പുഴയുടെ പുറമ്പോക്ക് ഭൂമികളില്‍ താമസിക്കുന്നവരുമായ കുടുംബങ്ങള്‍ക്ക് മറ്റു വികസന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി ശൗചാലയം നല്‍കാനും അനുമതി നല്‍കി. ശൗചാലയം നിര്‍മിക്കാന്‍ കേന്ദ്ര സഹായം മാത്രം ഉള്‍പ്പെടുത്തിയ പദ്ധതിയും സംസ്ഥാന സര്‍ക്കാറിന്‍െറ വിഹിതം മുന്നില്‍ കണ്ട് തയാറാക്കിയ പദ്ധതിയും മരവിപ്പിച്ച് ആദ്യം പദ്ധതി വിഹിതം കൊണ്ട് പൂര്‍ത്തിയാക്കുന്നവ നടപ്പാക്കണം. ശുചിത്വമിഷന്‍ വഴി കേന്ദ്രവിഹിതം ലഭിക്കുന്ന മുറക്ക് അത് അധിക വിഭവമായി ചെലവു ചെയ്യാമെന്നും സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.