യാത്രാദുരിതം: അന്തിയായാലും വീടണയാനാവാതെ വിദ്യാര്‍ഥികള്‍

പുലാമന്തോള്‍: ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് കട്ടുപ്പാറ, ചെറുകര ഭാഗത്തേക്കുള്ള വിദ്യാര്‍ഥികള്‍ക്ക് അന്തിമയങ്ങിയാലും വീടണയാനാവുന്നില്ല. പുലാമന്തോളില്‍നിന്ന് പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള ബസിനായി വൈകീട്ട് നാലോടെ തുടങ്ങുന്ന കാത്തുനില്‍പ്പ് മണിക്കൂറുകള്‍ നീളും. ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ കയറ്റാന്‍ മടിക്കുന്നതാണ് കാത്തുനില്‍പ്പ് നീണ്ടുപോവാന്‍ കാരണം. ചില ബസുകളില്‍ പേരിന് മാത്രം വിദ്യാര്‍ഥികളെ കയറ്റിയാലായി. ചില ബസുകള്‍ സ്റ്റോപ്പില്‍ വിദ്യാര്‍ഥികളെ കണ്ടാല്‍ നിര്‍ത്താതെ വഴിയില്‍ യാത്രക്കാരെ ഇറക്കിവിടുന്നതാണ് പതിവ്. ഇനി സ്റ്റോപ്പില്‍ നിര്‍ത്തിയാലും വിദ്യാര്‍ഥികളെ മാറ്റിനിര്‍ത്തി യാത്രക്കാരെ കയറ്റി സ്ഥലംവിടും. വൈകുന്നേരങ്ങളില്‍ പുലാമന്തോളിലൂടെ സഞ്ചരിക്കുന്ന ബസുകളിലധികവും ലിമിറ്റഡ് സ്റ്റോപ്പ് ബോര്‍ഡ് വെച്ച ബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളുമാണ്. ഇവര്‍ വിദ്യാര്‍ഥികളെ ബസിനടുത്തേക്കടുപ്പിക്കാറില്ല. ഇങ്ങനെ കാത്തുനില്‍ക്കേണ്ടി വരുന്നതിലധികവും പെണ്‍കുട്ടികളാണ്. ആണ്‍കുട്ടികള്‍ ബസ് ജീവനക്കാരുടെ ചീത്തവിളി കേട്ടാലും എങ്ങനെയെങ്കിലും ബസില്‍ കയറിപ്പറ്റാന്‍ ശ്രമിക്കും. എന്നാല്‍, വിദ്യാര്‍ഥിനികള്‍ ബസ് ജീവനക്കാരുടെ പരിഹാസവും ചീത്തവിളിയും ഭയന്ന് മാറിനില്‍ക്കും. പരിസരങ്ങളിലെ സ്വകാര്യ-പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം വിദ്യാര്‍ഥികള്‍ക്കായി സ്കൂള്‍ ബസുകളുണ്ട്. എന്നാല്‍, പേരിന് പോലും ഒരു സ്കൂള്‍ ബസില്ലാത്ത ഏക പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനമാണ് പുലാമന്തോള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. വളപുരം, വടക്കന്‍ പാലൂര്‍ ഭാഗങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ രൂക്ഷമായ യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങിയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്കൂള്‍ ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എങ്കിലും ഈ വിദ്യാലയത്തിലെ 90 ശതമാനം വിദ്യാര്‍ഥികളും ആശ്രയിക്കുന്നത് ലൈന്‍ ബസുകളെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.