നിലമ്പൂര്‍: തമിഴ്നാടിനോട് അതിര്‍ത്തി പങ്കിടുന്ന വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഇറക്കുമതി വിഷപച്ചക്കറി പാടെ ഉപേഷിക്കാനുള്ള പദ്ധതിയുമായി മുന്നേറുന്നു. തരിശുഭൂമിയിലെ ജൈവ പച്ചക്കറി, സുരക്ഷിത പച്ചക്കറി പദ്ധതികളുമായാണ് വഴിക്കടവ് പഞ്ചായത്ത് രംഗത്തുള്ളത്. ജൈവ പച്ചക്കറിയിലേക്ക് കൂടുതല്‍ കര്‍ഷകരെ ആകര്‍ഷിക്കാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതി റിസര്‍വ് ഫണ്ട് ഒരുക്കി. ജൈവ പച്ചക്കറി കൃഷിയൊരുക്കുന്ന കര്‍ഷകര്‍ക്ക് മുന്‍കൂറായി നല്‍കാന്‍ മൂന്നരലക്ഷം രൂപയാണ് റിസര്‍വ് ഫണ്ടില്‍ മാറ്റിവെച്ചിട്ടുള്ളത്. 10 അംഗങ്ങള്‍ അടങ്ങുന്ന ഏഴ് കര്‍ഷക ഗ്രൂപ്പുകള്‍ രൂപവത്കരിച്ച് ഇതിനകം 10 ഹെക്ടര്‍ തരിശുഭൂമിയില്‍ പച്ചക്കറി കൃഷിയിറക്കി കഴിഞ്ഞു. തൊഴിലുറപ്പുമായി ബന്ധപ്പെടുത്തിയാണ് കൃഷിയിറക്കുന്നത്. സര്‍ക്കാര്‍ ബോണസിന് പുറമെ തൊഴിലുറപ്പ് കൂലിയും കര്‍ഷക ഗ്രൂപ് അംഗങ്ങള്‍ക്ക് നല്‍കും. പച്ചക്കറി ഉല്‍പാദന ബോണസായി ഒരു ഏക്കറിന് 10,000 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇത് മുന്‍കൂറായി റിസര്‍വ് ഫണ്ടില്‍നിന്ന് ഗ്രാമപഞ്ചായത്ത് നല്‍കും. സര്‍ക്കാറില്‍നിന്ന് കര്‍ഷകന് അനുവദിക്കുന്ന ബോണസ് പിന്നീട് പഞ്ചായത്ത് വകയിരുത്തും. കൃഷിഭവന്‍െറ സഹായത്തോടെയുള്ള പദ്ധതിക്ക് കൂടുതല്‍ കര്‍ഷകര്‍ താല്‍പര്യപ്പെടുന്നുണ്ട്. കര്‍ഷകര്‍ക്ക് നല്ലയിനം വിത്തുകള്‍ കൃഷിഭവനില്‍നിന്ന് നല്‍കും. തുടക്കത്തിലെ ഉല്‍പാദനച്ചെലവ് താങ്ങാന്‍ കഴിയാതെയാണ് പലകര്‍ഷകരും കൃഷിയില്‍നിന്ന് അകലുന്നത്. ഇത് മനസ്സിലാക്കിയാണ് റിസര്‍വ് ഫണ്ട് ഒരുക്കിയത്. റിസര്‍വ് ഫണ്ടില്‍നിന്ന് ഇതിനകം രണ്ടരലക്ഷം രൂപയോളം രണ്ട് ഘട്ടമായി കര്‍ഷകര്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞു. സര്‍ക്കാറില്‍ നിന്നുള്ള ബോണസ് കിട്ടുന്ന മുറക്ക് കൂടുതല്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പഞ്ചായത്ത് ഓഫിസിന് സമീപമുള്ള അശോക് കുമാറിന്‍െറ മൂന്ന് ഏക്കര്‍ തരിശുഭൂമിയില്‍ വ്യാഴാഴ്ച ആശ സംഘകൃഷി ജൈവ പച്ചക്കറി കൃഷിയിറക്കി. കര്‍ഷകന്‍ അമയോലിക്കല്‍ ഇമ്മാനുവേലിന്‍െറ മേല്‍നോട്ടത്തിലാണ് കൃഷി. വിത്ത് നടല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഇ.എ. സുകു നിര്‍വഹിച്ചു. കൃഷി ഓഫിസര്‍ ഉമ്മര്‍കോയ, ബ്ളോക്ക് പഞ്ചായത്ത് അംഗം ബൈജു, പഞ്ചായത്ത് അംഗങ്ങളായ ഹക്കിം, മുന്‍ പഞ്ചായത്ത് അംഗങ്ങളായ അബ്ദുല്‍കരീം, മുജീബ് തുറക്കല്‍, കൃഷി അസിസ്റ്റന്‍റുമാരായ സുഭാഷ്, ജബീന എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.