നിര്‍മാണത്തിലെ പിഴവ് : താഴെപ്പാലം സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക് തകര്‍ച്ചയില്‍

തിരൂര്‍: അഞ്ച് കോടിയോളം രൂപ ചെലവഴിച്ച് നവീകരിച്ച താഴെപ്പാലം രാജീവ്ഗാന്ധി സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക് തകര്‍ച്ചയില്‍. നിര്‍മാണത്തിലെ പിഴവാണ് തകര്‍ച്ചക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. ഒരു ഭാഗത്ത് ട്രാക്കിന്‍െറ മേല്‍ഭാഗം അടര്‍ന്നു പോയിട്ടുണ്ട്. ഓടയുടെ സ്ളാബിന് മുകളിലൂടെ ട്രാക് നിര്‍മിച്ച ഭാഗമാണ് തകര്‍ന്നത്. സ്റ്റേഡിയത്തിലെ വെള്ളം ഒഴുകിപ്പോകുന്നതിനുള്ളതാണ് ഓട. നിശ്ചിത ഉയരത്തില്‍ ക്വാറിവേസ്റ്റും മറ്റും പാകി ഉയര്‍ത്തിയാണ് ട്രാക് ഒരുക്കേണ്ടത്. ഇവിടെ സ്ഥലപരിമിതി വന്നപ്പോള്‍ ഓടക്ക് മുകളിലൂടെയും ട്രാക് നിര്‍മിക്കുകയായിരുന്നു. ഇതാണ് വിനയായത്. 100 മീറ്റര്‍ ട്രാക് എട്ട് ലൈന്‍ ആക്കേണ്ടി വന്നതോടെയാണ് ഇത്തരം മാറ്റം ആവശ്യമായതെന്ന് നവീകരണത്തിന് മേല്‍നോട്ടം വഹിച്ച ‘സില്‍ക്’ അധികൃതര്‍ പറഞ്ഞു. കൊറിയയില്‍നിന്ന് ഇറക്കുമതി ചെയ്ത സാമഗ്രികള്‍ ഉപയോഗിച്ച് നിര്‍മിച്ചതാണ് സിന്തറ്റിക് ട്രാക്. ഓടക്ക് മുകളിലെ സ്ളാബ് ചൂടാകുമ്പോള്‍ ട്രാക്കിന് മുകളിലെ റബര്‍ ഉരുകുന്നതാണ് പ്രശ്നത്തിന് കാരണമെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. ഇത് മറ്റ് മേഖലകളിലേക്ക് വ്യാപിക്കില്ളെന്നും തകര്‍ച്ച രണ്ട് ദിവസത്തിനകം പരിഹരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നഗരസഭയും എം.എല്‍.എയും തമ്മിലുള്ള ചേരിപ്പോരില്‍ സ്റ്റേഡിയം നാഥനില്ലാതെ തുടരുന്നതിനിടെയാണ് ട്രാക് തകര്‍ച്ച പ്രശ്നമാകുന്നത്. നവീകരണം ശാസ്ത്രീയമായല്ല നടത്തിയതെന്ന നഗരസഭാ ആരോപണത്തിന് ഇത് ശക്തി പകരും. നാഥനില്ലാ അവസ്ഥയായതോടെ സ്റ്റേഡിയത്തിലെ പുല്‍മൈതാനിയും നശിക്കുകയാണ്. കൃത്യമായ നനയില്ലാത്തതിനാലും പുല്ല് വെട്ടിമിനുക്കാത്തതിനാലും പല ഭാഗത്തും മൈതാനിയുടെ മോടി നഷ്ടമായിട്ടുണ്ട്. ദിവസവും രണ്ടുനേരം നനക്കുകയും വളരുന്നതിനനുസരിച്ച് പുല്ല് വെട്ടിയൊതുക്കുകയും വേണം. നഗരസഭ ഏറ്റെടുത്തിട്ടില്ലാത്തതിനാല്‍ ഇത് രണ്ടും നടക്കുന്നില്ല. സുരക്ഷാ സംവിധാനങ്ങളില്ലാത്തതിനാല്‍ ശക്തമായ മഴയത്ത് പോലും മൈതാനിയില്‍ ഫുട്ബാള്‍ നടന്നിരുന്നു. ഇതുമൂലം ചളിയുയര്‍ന്നും പുല്ലിന് പല ഭാഗത്തും കേട് പറ്റിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.