ചാലിയാര്‍ സംരക്ഷണം: മാലിന്യമുക്ത പദ്ധതിയുമായി നിലമ്പൂര്‍ ബ്ളോക്ക് പഞ്ചായത്ത്

നിലമ്പൂര്‍: മാലിന്യപ്രശ്നത്തില്‍നിന്ന് ചാലിയാര്‍പുഴയെ സംരക്ഷിക്കുന്നതിന് മാലിന്യമുക്ത പദ്ധതിയുമായി നിലമ്പൂര്‍ ബ്ളോക്ക് പഞ്ചായത്ത്. ബ്ളോക്ക് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളെയും നിലമ്പൂര്‍ നഗരസഭയെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടത്തിപ്പ്. 2016-17ലെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി സമ്പൂര്‍ണ ചാലിയാര്‍ സംരക്ഷണ പ്രോജക്ടിന് രൂപം നല്‍കും. ഇതുമായി ബന്ധപ്പെട്ട ആലോചനായോഗം ചൊവ്വാഴ്ച ബ്ളോക്ക് പഞ്ചായത്തില്‍ ചേര്‍ന്നു. മാലിന്യ സംസ്കരണത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ബ്ളോക്ക് പഞ്ചായത്തിലോ ഗ്രാമപഞ്ചായത്തുകളിലോ ഇല്ലാത്ത സാഹചര്യത്തില്‍ ചാലിയാര്‍ പുഴ മാലിന്യ നിക്ഷേപകേന്ദ്രമായി മാറുന്ന സാഹചര്യത്തിലാണ് പദ്ധതിക്ക് ആലോചനയിട്ടതെന്ന് പദ്ധതി വിശദീകരണത്തില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സുഗതന്‍ പറഞ്ഞു. പഞ്ചായത്തിലെയും വാര്‍ഡ് തലങ്ങളിലെയും ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനും അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യുന്നതിനും മുന്‍ഗണന നല്‍കിക്കൊണ്ടുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. നഴ്സറി മുതലുള്ള കുട്ടികള്‍, അധ്യാപകര്‍ എന്നിവര്‍ക്കും മത-സാമൂഹിക-സാംസ്കാരിക സംഘടനകള്‍, വ്യാപാരികള്‍ എന്നിവര്‍ക്ക് ബോധവത്കരണ ക്യാമ്പുകള്‍ നടത്തും. പദ്ധതിക്ക് എല്ലാ പഞ്ചായത്തുകളും നഗരസഭയും പിന്തുണ പ്രഖ്യാപിച്ചു. ബ്ളോക്ക് വൈസ് പ്രസിഡന്‍റ് സജിന സക്കരിയ അധ്യക്ഷത വഹിച്ചു. ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. ഉസ്മാന്‍, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീന ആനപ്പാന്‍ പി.ടി. ഉഷ, കെ.ടി. കുഞ്ഞാന്‍, ബൈജു, പരപ്പന്‍ ഹംസ, പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.കരുണന്‍ പിള്ള, ഡോ. നൗഷാദ്, കെ. രാജേന്ദ്രന്‍, അബ്ദുല്‍ റഫീക്ക് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.