ആര്‍.എം.എസ്.എ സ്കൂളുകളിലെ ഒഴിവുകള്‍ നികത്തണമെന്ന് കോഓഡിനേഷന്‍ കമ്മിറ്റി

മലപ്പുറം: ആര്‍.എം.എസ്.എ പ്രകാരം ഹൈസ്കൂളാക്കി ഉയര്‍ത്തിയ സ്കൂളുകളില്‍ അധ്യപകരെ നിയമിക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് വിവേചനം കാണിക്കുന്നതായി ആക്ഷേപം. ഹൈസ്കൂളാക്കി ഉയര്‍ത്തിയ തിരൂരങ്ങാടി ഉപജില്ലയിലെ തൃക്കുളം ഗവ. എച്ച്.എസില്‍ 17 അധ്യപകരെ വര്‍ക്കിങ് അറേഞ്ച്മെന്‍റില്‍ നിയമിച്ച് കഴിഞ്ഞദിവസം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ആര്‍.എം.എസ്.എ പ്രകാരം ഒരേസമയം ഹൈസ്കൂളാക്കി ഉയര്‍ത്തിയ ജില്ലയിലെ മറ്റു 11 സ്കൂളുകളില്‍ ഒരാളെ പോലും അനുവദിക്കാതെ ഒരു സ്കൂളിന് മാത്രം ഒറ്റയടിക്ക് ഇത്രയും അധ്യാപകരെ അനുവദിച്ചത് നീതികേടാണെന്നാണ് ഹൈസ്കൂള്‍ കോഓഡിനേഷന്‍ കമ്മിറ്റിയുടെ ആക്ഷേപം. എല്ലാ സ്കൂളുകളിലും ആവശ്യത്തിന് അധ്യാപകരെ അടിയന്തരമായി അനുവദിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ഹൈസ്കൂള്‍ കോ ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ഡി.പി.ഐക്ക് പരാതി നല്‍കി. അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ എല്ലാവര്‍ക്കും ഹൈസ്കൂള്‍ വിദ്യാഭ്യാസം ലഭ്യമാക്കാന്‍ നടപ്പാക്കിയ പദ്ധതിയാണ് ആര്‍.എം.എസ്.എ. അതേസമയം, ബാക്കി 11 സ്കൂളുകളിലും ഒഴിവുള്ള തസ്തികകളില്‍ അധ്യാപകരെ നിയമിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി. സഫറുല്ല അറിയിച്ചു. തൃക്കുളത്ത് സെഷനല്‍ സമ്പ്രദായം അനുവദിച്ച് ഡി.പി.ഐ ഉത്തരവിറക്കിയിരുന്നു. സെഷനല്‍ സമ്പ്രദായം നടപ്പാക്കുമ്പോള്‍ കൂടുതല്‍ അധ്യാപകരുടെ സേവനം ഉറപ്പാക്കാനും ഡി.പി.ഐ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് തൃക്കുളത്തിന് 17 അധ്യാപരെ അനുവദിച്ചത്. എയ്ഡഡ് പ്രൊട്ടക്റ്റഡ് അധ്യാപകരെയാണ് പുനര്‍വിന്യസിച്ചത്. ഇതേ രീതിയില്‍ മറ്റു സ്കൂളുകളിലെ ഒഴിവുകളും നികത്തുമെന്ന് അദ്ദേഹം അറിയിച്ചു. ആര്‍.എം.എസ്.എ പ്രകാരം ഹൈസ്കൂളാക്കി ഉയര്‍ത്തിയ ജില്ലയിലെ 12 സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കിയും നാട്ടുകാരില്‍നിന്ന് സംഭാവന സ്വീകരിച്ചുമാണെന്ന വാര്‍ത്ത ജൂലൈ ഒന്നിന് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഞ്ചച്ചവിടി, നീലാഞ്ചേരി, മരുത, ആതവനാട്, കുറുക, കരിപ്പോള്‍, മിനടത്തൂര്‍, ചാലിപ്പുറം, ചേരിയം, നെടുവ, കൊളപ്പുറം, തൃക്കുളം ഗവ. ഹൈസ്കൂളുകളാണ് ഈ അവസ്ഥ നേരിടുന്നത്. 2013-14 വര്‍ഷം ഹൈസ്കൂളാക്കി ഉയര്‍ത്തിയത് മുതല്‍ ഈ സ്കൂളുകളില്‍ മുഴുവന്‍ തസ്തികകളിലും സര്‍ക്കാര്‍ അധ്യാപകരെ നിയമിച്ചിട്ടില്ല. തസ്തിക നിര്‍ണയം നടക്കാത്തതിനാല്‍ ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനം പോലും അസാധ്യമാണ്. പകരം ചുരുങ്ങിയ വേതനത്തിന് താല്‍ക്കാലിക അധ്യാപകരെ നിയമിച്ചാണ് അധ്യയനം നടത്തുന്നത്. ചില സ്കൂളുകളില്‍ ഒരു വിദ്യാര്‍ഥി 200ഉം 300ഉം രൂപ വരെ പ്രതിമാസം ഫീസായി നല്‍കുന്നു. ഒരോ സ്കൂളിലും ആറും ഏഴും തസ്തികകളാണ് സര്‍ക്കാര്‍ അനുവദിച്ചത്. പ്രധാനാധ്യാപക തസ്തിക എവിടെയും അനുവദിച്ചിട്ടില്ല. ഇംഗ്ളീഷ് അധ്യാപക തസ്തികയും ഇല്ല. ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ വര്‍ഷം ഡി.ഡി.ഇ ഓഫിസ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ കോഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ചിരുന്നു. പുതിയ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ വിഷയം എത്തിച്ചെങ്കിലും അനുകൂല നടപടികളൊന്നുമുണ്ടായില്ല. ആവശ്യമായ അത്രയും തസ്തികകള്‍ ഉടന്‍ സൃഷ്ടിച്ചെങ്കിലേ ഈ സ്കൂളുകളിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ നേരിടുന്ന ദുരിതത്തിന് അറുതിയാകൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.