യാത്രക്കാരില്‍നിന്ന് അമിത നിരക്ക് ഈടാക്കല്‍: ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍െറ മിന്നല്‍ പരിശോധന

കോട്ടക്കല്‍: യാത്രക്കാരില്‍നിന്ന് അമിതനിരക്ക് വാങ്ങുന്നുവെന്ന ‘മാധ്യമം’ വാര്‍ത്തയെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന്‍െറ മിന്നല്‍ പരിശോധന. പത്ത് ബസുകളില്‍ നടത്തിയ പരിശോധനയില്‍ നാല് ബസുകള്‍ക്കെതിരെ നടപടിയെടുത്തു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ആര്‍.ടി.ഒ എം.കെ. ഷാജിയുടെ നേതൃത്വത്തില്‍ ചങ്കുവെട്ടി ജങ്ഷനില്‍ പരിശോധന ആരംഭിച്ചത്. നാല് ബസുകള്‍ക്ക് പിടി വീണതോടെ ഇതുവഴിയുള്ള റൂട്ടുകള്‍ പലരും റദ്ദ് ചെയ്തു. തൃശൂരിലേക്കുള്ള ബസുകള്‍ എടരിക്കോട്ട്നിന്ന് തിരിച്ചുവിട്ടു. കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകള്‍ പുത്തനത്താണി വഴിയാണ് കടന്നുപോയത്. യാത്രക്കാരെ കൊള്ളയടിക്കുന്നുവെന്നതിന്‍െറ ഏറ്റവും വലിയ തെളിവായിരുന്നു ബസ് ജീവനക്കാരുടെ ഈ നിലപാട്. ഒന്നര മണിക്കൂറായിരുന്നു പരിശോധന. ഡോറിന് മുകളില്‍ സൂപ്പര്‍ഫാസ്റ്റ് സ്റ്റിക്കര്‍ പതിച്ച ബസ്, ലൈന്‍ സൂപ്പര്‍, ഫാസ്റ്റ് ടൈം എന്നിങ്ങനെ എഴുതിയ ബസുകള്‍ക്കെതിരെയും ടിക്കറ്റ് നിരക്ക് കൂടുതല്‍ വാങ്ങിയ ബസിനെതിരെയുമാണ് നടപടി സ്വീകരിച്ചത്. ആര്‍.ടി.ഒ, മലപ്പുറം എം.വി.ഐ, തിരൂര്‍, തിരൂരങ്ങാടി സ്ക്വാഡുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. എം.വി.ഐമാരായ അനുമോദ്, പി.പി. സതീശന്‍, അനസ് മുഹമ്മദ്, അജില്‍ കുമാര്‍, എ.എം.വി.ഐമാരായ അഷ്റഫ് സൂര്‍പ്പില്‍, രണ്‍ദീപ്, ധനേഷ് എന്നിവര്‍ നേതൃത്വം നല്‍കി. കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കും –ആര്‍.ടി.ഒ കോട്ടക്കല്‍: പരിശോധനയില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഇത്തരം ബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ കെ.എം. ഷാജി ‘മാധ്യമത്തോട്’ പറഞ്ഞു. പല ബസുകളിലും സമാനമായ തട്ടിപ്പാണ് കണ്ടത്തെിയത്. അനുമതിയില്ലാതെയാണ് ലിമിറ്റഡ്, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് ബോര്‍ഡുകള്‍ വെച്ചിരിക്കുന്നത്. നിരക്ക് കൂടുതല്‍ വാങ്ങുന്നുവെന്ന പരാതി കണ്ടത്തെിയാല്‍ റൂട്ടും കണ്ടക്ടറുടെ ലൈസന്‍സും റദ്ദ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പരിശോധനയെ തുടര്‍ന്ന് പല ട്രിപ്പുകളും ഓട്ടം നിര്‍ത്തുകയും വഴി തിരിച്ചുവിടുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ശനിയാഴ്ച വരെ തുടര്‍ പരിശോധന നടത്തും. പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി ജോയന്‍റ് ആര്‍.ടി.ഒമാരുടെ നേതൃത്വത്തിലായിരിക്കം പരിശോധനയെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.