കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം പകര്‍ച്ചവ്യാധികള്‍ തടയാന്‍ പത്ത് നിര്‍ദേശം

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് കോളറ പടര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ നടന്ന ഭരണസമിതി അടിയന്തര യോഗത്തില്‍ മാലിന്യസംസ്കരണത്തിനും ഓടകള്‍ ശുചീകരിക്കാനും കര്‍ശന നിര്‍ദേശം. തിങ്കളാഴ്ച പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തിലാണ് പകര്‍ച്ചവ്യാധികള്‍ തടയാന്‍ പത്ത് നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് പാസാക്കിയത്. ബോര്‍ഡ് യോഗത്തില്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇത് അംഗീകരിച്ച് നടത്തിയ ചര്‍ച്ചയിലാണ് ടൗണുകളിലെ മാലിന്യം നീക്കുക, മാലിന്യമടഞ്ഞ് കിടക്കുന്ന ഓടകള്‍ ശുചീകരിക്കുക, കോടതി വിധിയെ തുടര്‍ന്ന് അടഞ്ഞ് കിടക്കുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, കലക്ടര്‍ പൂട്ടാന്‍ ഉത്തരവിടാത്ത ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കുക, അഴുക്കുചാലിന് മുകളിലും കാല്‍നടക്കാര്‍ക്കായുള്ള പാതയിലുമുള്ള കച്ചവടം അവസാനിപ്പിക്കുക, ഹോട്ടല്‍ മാലിന്യം അഴുക്കുചാലിലേക്ക് ഒഴുക്കിവിടുന്നത് തടയുക തുടങ്ങിയ നിര്‍ദേശങ്ങളാണ് യോഗം അംഗീകരിച്ചത്. ഓട ശുചീകരിക്കുന്ന പദ്ധതി ചൊവ്വാഴ്ച യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങാന്‍ പ്രസിഡന്‍റ് വസീമ വേളേരി നിര്‍ദേശം നല്‍കി. പഞ്ചായത്തിന്‍െറ തനത് ഫണ്ടില്‍നിന്ന് തുക വകയിരുത്തി മുന്‍കൂര്‍ പദ്ധതിയായി സമര്‍പ്പിച്ച് സര്‍ക്കാറിന്‍െറ അനുമതി വാങ്ങാനാണ് തീരുമാനം. എന്നാല്‍, ഭരണസമിതി നടപ്പാക്കുന്ന പദ്ധതികളും മറ്റും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ മടക്കുകയാണെന്നും ഉദ്യോഗസ്ഥരുടെ അലംഭാവമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ഭരണസമിതിയോഗത്തില്‍ ആരോപണമുയര്‍ന്നു. എന്നാല്‍, എന്‍ജിനീയറും ഓവര്‍സിയറും ഇല്ലാത്ത പഞ്ചായത്തില്‍ അസി. സെക്രട്ടറിയായ തനിക്ക് അധിക ചുമതലയാണെന്നും പദ്ധതി സമര്‍പ്പിക്കാതെ ഫണ്ട് വിനിയോഗിച്ചാല്‍ നടപടി നേരിടേണ്ടിവരുമെന്നാണ് സെക്രട്ടറിയുടെ വാദം. കഴിഞ്ഞ ഭരണസമിതിയിലെ പദ്ധതികള്‍ നടപ്പാക്കിയ വകയില്‍ അരക്കോടിയിലേറെ തുക കരാറുകാര്‍ക്ക് നല്‍കാനുണ്ട്. വാര്‍ഡൊന്നിന് ലഭിക്കുന്ന 5000 രൂപയുടെ തനത് ഫണ്ട് ഉപയോഗിച്ച് ടൗണ്‍ ശുചീകരണം നടപ്പാക്കാനുള്ള തീരുമാനത്തിലാണ് ഭരണസമിതി. അതേസമയം, കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുമ്പോഴും കുറ്റിപ്പുറത്തെ മാലിന്യം സംസ്കരിക്കാന്‍ ഇടമില്ലാത്തതും ഗ്രാമപഞ്ചായത്ത് ഭരണസമിതി നേരിടുന്ന പ്രതിസന്ധിയാണ്. ടൗണിലെ കച്ചവടക്കാരും മറ്റും ഉപേക്ഷിക്കുന്ന ഖര-ദ്രാവക മാലിന്യങ്ങളാണ് ടൗണില്‍ പരന്ന് കിടക്കുന്നത്. ദിനംപ്രതി വൃത്തിയാക്കുന്ന ബസ്സ്റ്റാന്‍ഡിലെ മാലിന്യം നിക്ഷേപിക്കാനിടമില്ലാത്തതിനാല്‍ ഭാരതപ്പുഴയിലാണ് തള്ളുന്നത്. ഇത് പകര്‍ച്ചവ്യാധികള്‍ വര്‍ധിപ്പിക്കാന്‍ കാരണമാകും. 2013ല്‍ 80 ലക്ഷം രൂപ ചെലവില്‍ മാലിന്യ സംസ്കരണ പ്ളാന്‍റ് നിര്‍മിക്കാനുള്ള പദ്ധതിയുണ്ടായിരുന്നെങ്കിലും ഉദ്യോഗസ്ഥ തല ഇടപെടലോടെ നഷ്ടപ്പെട്ടെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.