കുട്ടികളെ ശിക്ഷിക്കല്‍: നിയമങ്ങള്‍ ഓര്‍മപ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്

മഞ്ചേരി: കുട്ടികളുടെ അവകാശ സംരക്ഷണവും വിദ്യാഭ്യാസ അവകാശനിയമവും മുന്‍നിര്‍ത്തി വിദ്യാലയങ്ങളിലെ ശിക്ഷാനടപടികള്‍ക്കെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഇക്കാര്യത്തിലെ നിയമങ്ങള്‍ ലംഘിച്ചാലുണ്ടാവുന്ന വകുപ്പുതല നടപടികളും പ്രോസിക്യൂഷന്‍ ശിക്ഷയുമടക്കം ചേര്‍ത്താണ് അധ്യാപകര്‍ക്കും വിദ്യാലയങ്ങള്‍ക്കുമായി ഉത്തരവിറക്കിയത്. 2009ലെ സൗജന്യവും നിര്‍ബന്ധിതവുമായ അവകാശനിയമം, ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷിക്കാനുള്ള 2012ലെ നിയമം (പോക്സോ), 2015ലെ ബാലനീതി നിയമം തുടങ്ങിയവ മുന്‍നിര്‍ത്തിയാണിത്. ഇവയുടെ അടിസ്ഥാനത്തില്‍ മുമ്പും സര്‍ക്കാര്‍ അധ്യാപകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കിയതായ പരാതികള്‍ പിന്നെയുമുണ്ടായി. 2009ലെ അവകാശ നിയമത്തിന്‍െറ 17ാം വകുപ്പില്‍ ശിക്ഷാനടപടിക്കെതിരെ കൃത്യമായ താക്കീതുണ്ട്. കുട്ടിയെ ശാരീരിക ശിക്ഷണത്തിനോ മാനസിക പീഡനത്തിനോ വിധേയമാക്കാന്‍ പാടില്ളെന്നും ഉപവകുപ്പിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ അച്ചടക്കനടപടിക്ക് വിധേയരാവുമെന്നും ചൂണ്ടിക്കാണിക്കുന്നു. 2012ലെ നിയമത്തിലും ഇക്കാര്യം പറയുന്നു. 2015ലെ നിയമത്തിന്‍െറ രണ്ടാം അധ്യായത്തിലാണ് കുട്ടികളോടുള്ള പെരുമാറ്റരീതികള്‍ വ്യക്തമാക്കിയിരിക്കുന്നത്. ശിക്ഷയെകുറിച്ച് ഈ നിയമത്തിലെ 75ാം വകുപ്പിലും 82ാം വകുപ്പിലും വിശദമാക്കുന്നു. ഇവയുടെ അടിസ്ഥാനത്തില്‍ അധ്യാപകരുടെ ഭാഗത്തുനിന്ന് ഒരുവിധ ശിക്ഷയോ മാനസിക പീഡനമോ ഉണ്ടാവരുതെന്നാണ് പുതിയ ഉത്തരവിന്‍െറ ഉദ്ദേശ്യമെന്നാണ് അറിയിച്ചിരിക്കുന്നത്. അധ്യാപകര്‍ക്ക് ബോധവത്കരണം നല്‍കേണ്ടത് പ്രധാനാധ്യാപകന്‍െറയും പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കേണ്ടത് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരുടെയും ബാധ്യതയാണെന്നും ഡി.പി.ഐ അറിയിച്ചു. പരാതി ഉയര്‍ന്നാല്‍ ഗൗരവത്തിലെടുക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.