എടരിക്കോട് വൈദ്യുതി സെക്ഷന്‍ ഓഫിസിന് ശാപമോക്ഷമാകുന്നു

കോട്ടക്കല്‍: വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എടരിക്കോട് വൈദ്യുതി സെക്ഷന്‍ ഓഫിസിന് ശാപമോക്ഷമാകുന്നു. എടരിക്കോട് അരീക്കലിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍ വളപ്പില്‍ പുതിയ കെട്ടിടം നിര്‍മിക്കാന്‍ അനുമതിയായി. ഒറ്റനിലയില്‍ ആധുനിക രീതിയിലായിരിക്കും കെട്ടിട നിര്‍മാണം. 20 ലക്ഷം രൂപയാണ് കെട്ടിടത്തിനായി ഫണ്ട് അനുവദിച്ചിരിക്കുന്നത്. സൂപ്രണ്ട്, എ.ഇ, ഓവര്‍സിയര്‍ എന്നിവര്‍ക്കുള്ള മുറികളും, കാഷ്, ബില്‍ സെക്ഷന്‍, സ്റ്റോര്‍ എന്നീ റൂമുകളും ഉള്‍പ്പെടുത്തിയായിരിക്കും നിര്‍മാണം. നിരോധിത മേഖലയായതിനാല്‍ സബ് സ്റ്റേഷന് സമീപം കേന്ദ്രത്തിനായി പുതിയ വഴിയും ചുറ്റുമതിലും നിര്‍മിക്കും. സ്ഥലം നേരത്തേ ലഭ്യമായിരുന്നുവെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ മൂലം വൈകുകയായിരുന്നു. ആറുമാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. 1990ലാണ് തിരൂര്‍ ബസ് സ്റ്റോപ്പിനു മുന്‍വശത്തെ വാടക കെട്ടിടത്തില്‍ ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചത്. പ്രതിമാസം 5750 രൂപയാണ് വാടക. അസിസ്റ്റന്‍റ് എന്‍ജിനീയറുടെ കാര്യാലയം കൂടിയാണ് എടരിക്കോട് ഓഫിസ്. മഴ പെയ്താല്‍ ഫയലുകളില്‍ വെള്ളം കയറുകയും ചിതലരിക്കുകയും ചെയ്യും. വനിതകളടക്കമുള്ള ജോലിക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമായിരുന്നില്ല. ജീവനക്കാരുടെ കുറവും തിരിച്ചടിയായി. തസ്തികകള്‍ ഒരു വിധം നികത്തിയെങ്കിലും കാഷ്യര്‍ (രണ്ട്), സീനിയര്‍ സൂപ്രണ്ട്(ഒന്ന്), സീനിയര്‍ അസി. (ഒന്ന്) തുടങ്ങി നാലെണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. തിരൂരങ്ങാടി ഡിവിഷനു കീഴില്‍ എടരിക്കോട്, പെരുമണ്ണ ക്ളാരി എന്നീ ഭാഗങ്ങളില്‍ മുഴുവനായും തെന്നല, കോട്ടക്കല്‍, പറപ്പൂര്‍, ഒഴൂര്‍ എന്നിവിടങ്ങളില്‍ ഭാഗികമായുമാണ് ഓഫിസിന്‍െറ പ്രവര്‍ത്തനം. എടരിക്കോട്, ചങ്കുവെട്ടി ഉള്‍പ്പെടുന്ന ഭാഗങ്ങളിലേയും കെല്‍, സ്പിന്നിങ് മില്‍, വനിതപോളി തുടങ്ങിയ സര്‍ക്കാര്‍, ഇതര വ്യവസായ സ്ഥാപനങ്ങളുമുള്ളതാണ് സെക്ഷന്‍. ഒരു കോടിയിലേറെയാണ് ഇവിടെ അടക്കുന്ന ഒരു മാസത്തെ വൈദ്യുതി തുക. പ്രവൃത്തികള്‍ക്കാവശ്യമായ മെറ്റീരിയലുകള്‍ സൂക്ഷിക്കാനും വിശ്രമമുറി, മൂത്രപ്പുര തുടങ്ങിയ സൗകര്യങ്ങള്‍ ഇല്ലാത്തതും കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.