ആയുര്‍വേദ കോളജില്‍ പഠനാവശ്യത്തിന് മൃതദേഹം സ്വീകരിക്കാന്‍ അനുമതി

കോട്ടക്കല്‍: കോട്ടക്കല്‍ ആയുര്‍വേദ കോളജിന് പഠനാവശ്യത്തിനായി മൃതദേഹം സ്വീകരിക്കാന്‍ അനുമതിയായി. അനാട്ടമി ആക്ടനുസരിച്ച് മൃതശരീരം കൈമാറ്റം ചെയ്യുന്നത് നിലവില്‍ മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍ എന്നിവര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുള്ളത്. ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും അനാട്ടമി പഠിക്കാന്‍ മൃതദേഹം ആവശ്യമായതിനാല്‍ ഇത് പരിഗണിച്ചാണ് അനാട്ടമി ആക്ട് അനുസരിച്ച് മൃതദേഹം സ്വീകരിക്കാന്‍ കോട്ടക്കല്‍ ആയുര്‍വേദ കോളജിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. അവയവദാനം, രക്തദാനം, ശരീരദാനം എന്നിവയില്‍ അവബോധം സൃഷ്ടിക്കുന്നതില്‍ സജീവപങ്കാളിത്തം വഹിക്കുന്ന മലപ്പുറം ചെറാട്ടുകുഴിയിലെ പുനര്‍ജനി സാന്ത്വന വേദി കോളജിലേക്ക് മൃതദേഹം എത്തിക്കുന്നതിനും ബോധവത്കരണം നടത്തുന്നതിനും ഫെസിലിറ്റേറ്ററായി പ്രവര്‍ത്തിക്കാമെന്ന് ധാരണയായിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ സാന്ത്വന വേദിയുടെ ആംബുലന്‍സ്, ഫ്രീസര്‍ എന്നിവ ആവശ്യമെങ്കില്‍ കോളജിന് ഉപയോഗിക്കാം. മൃതദേഹം ദാനം ചെയ്യാനുള്ള ബോധവത്കരണവും മരണാനന്തരം മൃതദേഹം കോളജിലേക്ക് മാറ്റാനുള്ള പ്രവര്‍ത്തനവും സാന്ത്വനം വേദി സൗജന്യമായി ചെയ്യും. ഇതുസംബന്ധിച്ച യോഗത്തില്‍ സി.ഇ.ഒ എം. ബാലകൃഷ്ണ കുറുപ്പ്, എക്സിക്യൂട്ടിവ് ഡയറക്ടര്‍ രാജഗോപാല്‍, പ്രിന്‍സിപ്പല്‍ ഡോ. എ.പി. ഈശ്വരശര്‍മ, ശരീരവകുപ്പ് മേധാവി ഡോ. കെ.കെ. ബിന്ദു, പുനര്‍ജനി സാന്ത്വനവേദി സെക്രട്ടറി ഇ.എ. ജലീല്‍, ട്രഷറര്‍ കെ. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.