പെരിന്തല്‍മണ്ണ: താലൂക്കിലെ ഏഴ് സ്വകാര്യ ബസുകളുടെ ബുധനാഴ്ചയിലെ വരുമാനം ഇരുവൃക്കകളും തകര്‍ന്ന അവിവാഹിത യുവതിയുടെ വൃക്ക മാറ്റിവെക്കല്‍ ചികിത്സാ ഫണ്ടിലേക്ക് നല്‍കും. പൂഴിക്കുന്നത്ത് പത്മനാഭന്‍ നായരുടെ ഏക മകള്‍ പ്രിയയുടെ ചികിത്സക്കായാണ് സ്വകാര്യ ബസുടമകള്‍ ഒരു ദിവസത്തെ വരുമാനം കൈമാറുക. പിതാവ് കിഡ്നി നല്‍കാന്‍ തയാറായെങ്കിലും ചികിത്സക്കായി 25 ലക്ഷമെങ്കിലും വേണം. ഭാരിച്ച ചികിത്സ ചെലവുകള്‍ താങ്ങാനാവാത്ത കുടുംബം ഉദാരമനസ്കരുടെ സഹായം തേടുകയാണ്. കഴിഞ്ഞ മേയ് 26ന് പ്രിയയുടെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹത്തിന് രണ്ടാഴ്ച മുമ്പ് കാലില്‍ നീര് വന്നതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് ഇരുവൃക്കകളും തകരാറിലാണെന്ന് കണ്ടത്തെിയത്. ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും എം.എഡും നേടിയ പ്രിയ പി.എസ്.സി പരീക്ഷകള്‍ക്ക് തയാറെടുക്കുന്നതിനിടയിലാണ് രോഗവിവരം അറിയുന്നത്. പിതാവ് അടുത്തുള്ള വില്ളേജ് ഓഫിസിലെ താത്കാലിക ശുചീകരണ ജീവനക്കാരനാണ്. ചികിത്സാ സഹായത്തിനായി ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് സി.വി സിനി ചെയര്‍മാനും കരയങ്ങാട്ടില്‍ ശങ്കരനാരായണന്‍ കണ്‍വീനറുമായി സഹായകമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ-ചെര്‍പ്പുളശ്ശേരി റൂട്ടിലെ തെയ്യല്‍, വിഷ്ണുജ്യോതി, സഫാന, ഒറ്റപ്പാലം-മലപ്പുറം റൂട്ടിലെ വെസ്റ്റാര്‍, ഒറ്റപ്പാലം-പെരിന്തല്‍മണ്ണ റൂട്ടിലെ രാജപ്രഭ, പെരിന്തല്‍മണ്ണ-കൊപ്പം റൂട്ടിലെ അപ്പു, ചെര്‍പ്പുളശ്ശേരി-എടത്തനാട്ടുകര റൂട്ടിലെ ശ്രീപദം എന്നീ ബസുകളാണ് ചികിത്സാ ഫണ്ടിനായി ബുധനാഴ്ച സര്‍വിസ് നടത്തുക. ബസ് ഉടമസ്ഥ സംഘം പ്രതിനിധികള്‍ ലക്ഷ്മി, രാജു, മുഹമ്മദലി, തൊഴിലാളി പ്രതിനിധികളായ മാടാല മുഹമ്മദലി, അനില്‍ കുറുപ്പത്ത്, ഹനീഫ തയ്യില്‍, കെ.ടി ഹംസ എന്നിവരാണ് സഹായ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.