മങ്കട: വിവാദമായ മങ്കട എ.ഇ.ഒ ഓഫിസ് മാറ്റം വിദ്യാഭ്യാസ മന്ത്രിയുടെ അടുത്തേക്ക്. മങ്കട ജി.എല്‍.പി സ്കൂള്‍ പി.ടി.എയും സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റിയും ചേര്‍ന്നാണ് സ്കൂള്‍ കെട്ടിടത്തിലെ എ.ഇ.ഒ ഓഫിസ് മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയത്. താല്‍ക്കാലികമായി ഒഴിഞ്ഞുകൊടുത്ത സ്കൂള്‍ കെട്ടിടം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒഴിഞ്ഞു കൊടുക്കാത്തതിനാല്‍ പുതിയ കെട്ടിടം സ്കൂള്‍ മുറ്റത്ത് നിര്‍മിക്കേണ്ടി വന്നതായും പരാതിയില്‍ പറയുന്നു. പ്രീ പ്രൈമറി, എല്‍.പി വിഭാഗങ്ങളിലായി മുന്നൂറോളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനം കേവലം 43 സെന്‍റിലാണ് പ്രവര്‍ത്തിക്കുന്നത്. എ.ഇ.ഒ ഓഫിസ് ഒഴിഞ്ഞുകൊടുക്കാത്തതിനാല്‍ സ്കൂളില്‍ ആവശ്യത്തിന് പാചകപ്പുര, മൂത്രപ്പുര, മലിനജലം ശേഖരിക്കാനുള്ള കുഴി എന്നിവ നിര്‍മിക്കാനാകാത്തതിനാല്‍ എ.ഇ.ഒ ഓഫിസ് മങ്കടയില്‍ തന്നെ ഉചിതമായ കെട്ടിടത്തിലേക്ക് മാറ്റണമെന്നും പരാതിയില്‍ പറയുന്നു. പുതിയ മങ്കട ഗ്രാമപഞ്ചായത്ത് ഭരണസമിതി എ.ഇ.ഒ ഓഫിസ് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച രേഖകള്‍ പഞ്ചായത്ത് ഭരണസമിതി മങ്കട എ.ഇ.ഒക്ക് കൈമാറി. കഴിഞ്ഞ ഡിസംബറില്‍ സ്കൂള്‍ പി.ടി.എയുടെ അപേക്ഷ പരിഗണിച്ച് എ.ഇ.ഒ ഓഫിസ് മാറ്റാന്‍ ഭരണസമിതി തീരുമാനിച്ചിരുന്നെങ്കിലും ഒരു വിഭാഗം എതിര്‍ത്തതോടെ നടപ്പായില്ല. ഓഫിസ് മങ്കടക്ക് പുറത്തേക്ക് മാറ്റാനുള്ള തീരുമാനമാണ് പഞ്ചായത്ത് ഭരണസമിതി എടുത്തിട്ടുള്ളതെന്ന രീതിയിലാണ് പ്രചാരണം നടക്കുകയും വിവാദമാകുകയും ചെയ്തിരുന്നു. അങ്ങാടിപ്പുറത്ത് പ്രവര്‍ത്തിച്ചിരുന്ന എ.ഇ.ഒ ഓഫിസ് 2005ലാണ് മങ്കട ജി.എല്‍.പി സ്കൂള്‍ കെട്ടിടത്തിലേക്ക് മാറ്റിയത്. സ്കൂളിന് ആവശ്യം വരുമ്പോള്‍ തിരിച്ചുനല്‍കാം എന്ന വ്യവസ്ഥയില്‍ താല്‍ക്കാലികമായാണ് സൗകര്യം നല്‍കിയത്. പത്തുവര്‍ഷമായി കെട്ടിടം ഒഴിഞ്ഞുതരണമെന്ന് സ്കൂള്‍ പി.ടി.എ നിരന്തരം ആവശ്യപ്പെട്ടിട്ടും കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന ഡി.ഡിയുടെ നിര്‍ദ്ദേശമുണ്ടായിട്ടും പഞ്ചായത്ത് തയാറായില്ളെന്നും പി.ടി.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.