അവഗണനക്ക് സ്റ്റോപ്പിട്ട് ബസുകളത്തെി; മിഠായിയുമായി നഗരസഭ ‘കൈകാണിച്ചു’

മലപ്പുറം: നഗരസഭയും ട്രാഫിക് പൊലീസും വീണ്ടും പിടിമുറുക്കിയപ്പോള്‍ കോട്ടപ്പടിയിലെ ബസ്സ്റ്റാന്‍ഡിനോടുള്ള അവഗണന ബസുകള്‍ക്ക് അവസാനിപ്പിക്കേണ്ടി വന്നു. എല്ലാ ബസുകളും ഇവിടെ പ്രവേശിക്കണമെന്ന ഗതാഗത കമ്മിറ്റി തീരുമാനവും ഗൗനിക്കാതെ തിങ്കളാഴ്ച പതിവ് പോലെ സര്‍വിസ് നടത്തിയെങ്കിലും ചൊവ്വാഴ്ച കഥ മാറി. ദീര്‍ഘദൂര ബസുകളും ചരിത്രത്തിലാദ്യമായി കെ.എസ്.ആര്‍.ടി.സിയും സ്റ്റാന്‍ഡില്‍ കയറിയപ്പോള്‍ നഗരസഭ ഈ മുഹൂര്‍ത്തം മിഠായി വിതരണം ചെയ്ത് ആഘോഷമാക്കി. തിങ്കളാഴ്ച നടപ്പാവേണ്ടിയിരുന്ന ഗതാഗത കമ്മിറ്റിയുടെ തീരുമാനവും പാഴ്വാക്കായതിനത്തെുടര്‍ന്നാണ് അധികൃതര്‍ പ്രശ്നത്തില്‍ ഗൗരവമായി ഇടപെട്ടത്. ബസുകള്‍ സ്റ്റാന്‍ഡിലേക്ക് തിരിച്ചുവിടാന്‍ ട്രാഫിക് പൊലീസുകാരെ നിയോഗിച്ചു. കുന്നുമ്മല്‍ ഭാഗത്തേക്ക് പോവുന്ന ദീര്‍ഘദൂര ബസുകളുള്‍പ്പെടെ പൊലീസ് സ്റ്റേഷന്‍ സര്‍ക്കിളില്‍നിന്ന് തിരിഞ്ഞ് സ്റ്റാന്‍ഡിലത്തെി. തിരിച്ച് സര്‍ക്കിളിലൂടെ തന്നെ ഇവ ലക്ഷ്യസ്ഥാനത്തേക്ക് പോവുകയും ചെയ്തു. കുന്നുമ്മലില്‍നിന്ന് വരുന്ന ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാതെ പുറത്ത് ആളെയിറക്കുകയും കയറ്റുകയുമായിരുന്നു ഇതുവരെ. 1994ല്‍ ബസ്സ്റ്റാന്‍ഡ് നിലവില്‍ വന്ന ശേഷം ഇതാദ്യമാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇവിടെ കയറുന്നതെന്നാണ് നഗരസഭയുടെ അവകാശവാദം. ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ചെയര്‍പേഴ്സന്‍ സി.എച്ച് ജമീല മിഠായി വിതരണം ചെയ്തു. ട്രാഫിക് എസ്.ഐ സി.എ. ബാലഗംഗാധരന്‍, അഡീഷനല്‍ എസ്.ഐമാരായ വിനോദ് കുമാര്‍, കെ.വി. ഭാസ്കരന്‍, സ്ഥിരംസമിതി അധ്യക്ഷന്‍ പി.എ. അബ്ദുസ്സലീം, കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, സലീന ടീച്ചര്‍, ഇ.കെ. മൊയ്തീന്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ കെ. ഉമ്മര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.