മൂന്ന് ഡോക്ടര്‍മാര്‍ക്കും സൂപ്രണ്ടിനുമെതിരെ നടപടിക്ക് ശിപാര്‍ശ

തിരൂര്‍: തിരൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാതെ രോഗികള്‍ വലഞ്ഞ സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കും ആശുപത്രി സൂപ്രണ്ടിനുമെതിരെ നടപടിക്ക് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ ശിപാര്‍ശ. ഡോക്ടര്‍മാര്‍ക്കെതിരെ സൂപ്രണ്ട് നിയോഗിച്ചിട്ടും ഡ്യൂട്ടിക്ക് വരാത്തതിനും സൂപ്രണ്ടിനെതിരെ അനുമതി തേടാതെയും പകരംചാര്‍ജ് നല്‍കാതെയും ദിവസങ്ങളോളം ആശുപത്രിയില്‍ നിന്ന് വിട്ടു നിന്നതിനുമാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്. സംസ്ഥാന ഹെല്‍ത്ത് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ഡി.എം.ഒ വി. ഉമ്മറുല്‍ഫാറൂക്ക് അറിയിച്ചു. ഡ്യൂട്ടിക്ക് നിയോഗിച്ച നാലു ഡോക്ടര്‍മാര്‍ വരാത്തതിനാലാണ് ആശുപത്രി പ്രവര്‍ത്തനം അവതാളത്തിലായതെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. പി.എം. ഉസ്മാന്‍കുട്ടി ഡി.എം.ഒക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഡോക്ടര്‍മാരില്‍ നിന്ന് വിശദീകരണം തേടിയ ശേഷമായിരുന്നു സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയത്. ഇവരില്‍ ഗൈനക്കോളജിസ്റ്റ് മഞ്ജു നല്‍കിയ മറുപടി തൃപ്തികരമാണെന്ന് ഡി.എം.ഒ വിലയിരുത്തി. രോഗം മൂലം ശനിയാഴ്ച രാവിലെ ഒമ്പതിന് അവധിക്കായി സൂപ്രണ്ടിനെ വിളിച്ചതായും അവധി അറിയിച്ചതായുമാണ് ഡോക്ടര്‍ മറുപടി നല്‍കിയത്. ഇവര്‍ വിളിച്ചിരുന്നതായി സൂപ്രണ്ട് റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുള്ളത് കൂടി കണക്കിലെടുത്താണ് ഡോക്ടറുടെ മറുപടി ഡി.എം.ഒ അംഗീകരിച്ചത്. രാവിലെ ഒമ്പത് മണിക്ക് വിവരം അറിഞ്ഞിട്ടും 30ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ ബദല്‍ സംവിധാനം ഒരുക്കാന്‍ കഴിയാതിരുന്നത് സൂപ്രണ്ടിന്‍െറ വീഴ്ചയാണെന്ന് ഡി.എം.ഒ വ്യക്തമാക്കി. ഒ.പിയില്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ നൂറു കണക്കിന് രോഗികളാണ് മണിക്കൂറുകളോളം വലഞ്ഞത്. ഏഴ് ഡോക്ടര്‍മാര്‍ ഉണ്ടാകേണ്ടിയിരുന്ന ഒ.പിയില്‍ മൂന്നു പേര്‍ മാത്രമാണുണ്ടായിരുന്നത്. മണിക്കൂറുകളോളം കാത്തു നിന്നിട്ടും ചികിത്സ ലഭിക്കാതെ രോഗികള്‍ ബഹളം വെച്ചതോടെ സംഭവം വിവാദമാകുകയും ഡി.എച്ച്.എസ് നിര്‍ദേശ പ്രകാരം ഡി.എം.ഒ സൂപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെടുകയുമായിരുന്നു. പ്രത്യേക മെസഞ്ചര്‍ മുഖേന ചൊവ്വാഴ്ചയാണ് ഡി.എം.ഒക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ജില്ലക്ക് പുറത്ത് പോകുമ്പോള്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ അനുമതി ആവശ്യമാണെന്നിരിക്കെ സൂപ്രണ്ട് അഞ്ച് ദിവസമാണ് അനുമതിയില്ലാതെ പോയതെന്ന് ഡി.എം.ഒ അറിയിച്ചു. ഡല്‍ഹിയില്‍ പോയിരുന്നതായി സൂപ്രണ്ട് സ്വയം ഡി.എം.ഒയെ അറിയിച്ചതോടെയാണ് അദ്ദേഹത്തിനെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുള്ളത്. സ്ഥലത്തില്ലാത്തതിനാല്‍ ആര്‍.എം.ഒയുടെ വിശദീകരണം തേടാനായിട്ടില്ളെന്ന് സൂപ്രണ്ട് ഡി.എം.ഒയെ അറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.