കടം കയറി നഗരസഭ

നിലമ്പൂര്‍: നഗരസഭയുടെ കടത്തെ കുറിച്ച് ഭരണസമിതി യോഗത്തില്‍ ഭരണ-പ്രതിപക്ഷ ബഹളം. കോടികളുടെ കടക്കെണി മൂലം നഗരസഭയുടെ പ്രവര്‍ത്തനം നിശ്ചലമായിരിക്കുകയാണെന്നും വികസനപ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ കഴിയാത്ത സ്ഥിതിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. മുന്‍ ഭരണസമിതി വരുത്തിവെച്ച കോടികളുടെ കടത്തെ കുറിച്ച് ധവളപത്രം ഇറക്കണമെന്നത് അടിയന്തര പ്രമേയമായി ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം യോഗത്തില്‍ ആവശ്യപ്പെട്ടു. സി.പി.ഐ കൗണ്‍സിലര്‍ പി.എം. ബഷീറാണ് അടിയന്തിര പ്രമേയ നോട്ടീസ് കൊണ്ടുവന്നത്. നഗരസഭയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മുന്‍പദ്ധതികളായ സ്നേഹപത്തായം, വിശപ്പുരഹിതഗ്രാമം, പകല്‍വീട്, വഴികാട്ടി കോളജ് തുടങ്ങി പല പദ്ധതികളും നിര്‍ജീവമായി. കരാറുകാര്‍ക്ക് കുടിശ്ശികയായി കോടികള്‍ കൊടുക്കാനുള്ളത് കാരണം പലരും കോടതിയെ സമീപിച്ചു. നഗരസഭക്ക് കീഴില്‍ പ്രവൃത്തി നടന്നുവരുന്ന 22 പൊതുമരാമത്ത് റോഡുകളില്‍ 15 റോഡുകളുടെ പ്രവൃത്തി നിര്‍ത്തിവെക്കാനാണ് നഗരസഭ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഈ ഇനത്തില്‍ കരാറുകാര്‍ക്ക് നാലരകോടി രൂപയാണ് കുടിശ്ശികയായി നല്‍കാനുള്ളതെന്നും സി.പി.എം കൗണ്‍സിലര്‍ എന്‍. വേലുകുട്ടി കുറ്റപ്പെടുത്തി. കടം മൂലം അടിസ്ഥാന വികസനപ്രവര്‍ത്തനങ്ങള്‍ പോലും നടപ്പാക്കാന്‍ കഴിയുന്നില്ല. കടക്കെണി മൂലം പുതിയ നഗരസഭ ഭരണസമിതിക്ക് നാളിതുവരെ എലിവിഷം മാത്രമാണ് ജനങ്ങള്‍ക്ക് നല്‍കാനായതെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ മുസ്തഫ കളത്തുംപടിക്കല്‍ ആരോപിച്ചു. നഗരസഭയുടെ ബാധ്യതയെ കുറിച്ച് കൗണ്‍സിലര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും അറിയാനുള്ള അവകാശമുണ്ട്. അതുകൊണ്ട് തന്നെ നഗരസഭയുടെ മുഴുവന്‍ ബാധ്യതകളെ കുറിച്ചുമുള്ള ധവളപത്രം പുറത്തിറക്കണമെന്ന് മറ്റ് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടു. എന്നാല്‍, കടം മൂലം ഭരണസ്തംഭനമില്ളെന്നും അതേസമയം ചെറിയ പ്രതിസന്ധിയുണ്ടെന്നും നഗരസഭ ചെയര്‍പേഴ്സന്‍ പത്മിനി ഗോപിനാഥ് പറഞ്ഞു. നികുതി വരുമാനം വര്‍ധിപ്പിച്ചും കുടിശ്ശികകള്‍ പിരിച്ചെടുത്തും പ്രതിസന്ധിക്ക് പരിഹാരം കാണും. ധവളപത്രം പുറത്തിറക്കേണ്ട സാഹചര്യം നിലവിലില്ല. നഗരസഭയുടെ കടബാധ്യതകളെ കുറിച്ചുള്ള കണക്ക് കൗണ്‍സിലര്‍മാര്‍ക്ക് ലഭ്യമാക്കുമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. നിലമ്പൂരിലെ ഗവ. കോളജ് ഈ വര്‍ഷം തന്നെ തുടങ്ങാനുള്ള നടപടി വേണമെന്ന് നഗരസഭ പ്രമേയം പാസാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.