നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണം: എട്ടുവര്‍ഷത്തിനുശേഷം ഡാറ്റാബാങ്ക് തയാറാക്കല്‍ സങ്കീര്‍ണ നടപടി

മഞ്ചേരി: അനുകൂലമായ ഒട്ടേറെ സാഹചര്യങ്ങളുണ്ടായിട്ടും മുന്‍ ഇടത് സര്‍ക്കാറിന്‍െറ കാലത്ത് പൂര്‍ത്തിയാക്കാതെ പോയ നെല്‍വയല്‍ തണ്ണീര്‍തട നിയമത്തിന്‍െറ ഭാഗമായ ഡാറ്റാബാങ്ക് തയാറാക്കല്‍ ഒരുവര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കാന്‍ വീണ്ടും പദ്ധതി. ഒട്ടേറെ സങ്കീര്‍ണതകള്‍ കാത്തിരിക്കുന്നതാണ് നെല്‍വയല്‍ തണ്ണീര്‍തട നിയമം. 2008 ആഗസ്റ്റ് 12ന് ഇത് നിയമമാകുമ്പോള്‍ അടുത്ത മൂന്നുമാസത്തിനകം സംസ്ഥാനത്ത് മുഴുവന്‍ കൃഷിഭൂമിയും ചേര്‍ത്ത് ഡാറ്റാബാങ്ക് തയാറാക്കുമെന്നായിരുന്നു പ്രഖ്യാപനം. സംസ്ഥാനത്തു തന്നെ ആദ്യ ഡാറ്റാബാങ്ക് തയ്യാറാക്കി ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നത് 2010 ഫെബ്രുവരി 14 ന് മലപ്പുറം കാവനൂരിലായിരുന്നു. പിന്നീട് ഇടത് സര്‍ക്കാര്‍ ഇറങ്ങുന്നത് വരേക്കായി ഇരുനൂറോളം പഞ്ചായത്തുകളാണ് ഡാറ്റാബാങ്ക് തയാറാക്കിയതെങ്കിലും പലതും അപൂര്‍ണമാണ്. ഇനി ഒരുവര്‍ഷത്തിനിടയില്‍ ഡാറ്റാബാങ്ക് തയാറാക്കാന്‍ പഴയ കൃഷിഭൂമിയുടെ എട്ടുവര്‍ഷം മുമ്പത്തെ സ്ഥിതി പരിശോധിക്കണം. എട്ടുവര്‍ഷത്തിനിടയില്‍ മണ്ണിനടിയിലായ വയലുകളാണെങ്കിലും ഡാറ്റാബാങ്കില്‍ വരണം. കൃഷിയോഗ്യമായ നിലം അനുമതി കൂടാതെ നികത്തിയാല്‍ ഉടമയെ പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമം അനുവദിക്കുന്നുണ്ട്. ഇതു പ്രകാരം ഏറ്റവും കൂടുതല്‍ കേസുകള്‍ ആ കാലയളവില്‍ റിപ്പോര്‍ട്ടു ചെയ്ത് മലപ്പുറത്തുനിന്നായിരുന്നു. രണ്ടു വര്‍ഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് നിര്‍ദേശിച്ച ശിക്ഷ. ചീഫ്ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്ന മുറക്ക് എതിര്‍കക്ഷികള്‍ ഹൈകോടതിയെ സമീപിച്ച് നെല്‍വയല്‍, തണ്ണീര്‍തട സംരക്ഷണ നിയമത്തിന്‍െറ പോരായ്മകള്‍ ചൂണ്ടിക്കാട്ടി. നിയമത്തില്‍ പറയുന്നതു പ്രകാരം കരഭൂമിയും കൃഷിഭൂമിയും വേര്‍തിരിച്ച് ഡാറ്റാബാങ്ക് പ്രസിദ്ധപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ളെന്നായിരുന്നു പ്രധാനമായി ചൂണ്ടിക്കാട്ടിയിരുന്നത്. ഇതോടെ കേസുകള്‍ ഹൈകോടതി റദ്ദാക്കി. ഡാറ്റാബാങ്കോ കരട് ഡാറ്റാബാങ്കോ പ്രസിദ്ധപ്പെടുത്താനാണ് നിയമത്തില്‍ നിര്‍ദേശം. കോടതിയില്‍ എത്തിയ പല കേസുകളുള്ള ഭൂമിയും കരട് ഡാറ്റാബാങ്കില്‍ എത്തിയതായിരുന്നിട്ടും അക്കാര്യം സര്‍ക്കാര്‍ വേണ്ടവിധം കോടതിയെ ബോധിപ്പിക്കാനും തയാറായില്ല. പഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷനും കൃഷി ഓഫിസര്‍ കണ്‍വീനറും വില്ളേജ് ഓഫിസര്‍, മൂന്നു കര്‍ഷകര്‍ തുടങ്ങിയവര്‍ അംഗങ്ങളുമായ സമിതിയാണ് ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുത്തുന്ന ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ തീര്‍പ്പാക്കിയിരുന്നത്. ശേഖരിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തേണ്ട ചുമതല പഞ്ചായത്ത് സെക്രട്ടറിക്കും നല്‍കി. താഴേതട്ടില്‍ കൃഷി വകുപ്പിനു പുറമെ തദ്ദേശ വകുപ്പിനെയും റവന്യൂ വകുപ്പിനെയും ഒരുമിപ്പിച്ച് പദ്ധതി പൂര്‍ത്തിയാക്കാന്‍ ശ്രമം നടന്നെങ്കിലും കൃഷി മന്ത്രിയുടെ മാത്രം ചുമതലയിലായിരുന്നു ഉത്തരവാദിത്തങ്ങള്‍. മറ്റു രണ്ടു വകുപ്പില്‍ പേരിനു പോലും മോണിറ്ററിങ്ങോ പുരോഗതി വിലയിരുത്തലോ നടന്നതുമില്ല. മൂന്നു വകുപ്പുകളുടെയും കൂട്ടുത്തരവാദിത്തത്തില്‍ കൃത്യമായ മോണിറ്ററിങ്ങോടെയാണെങ്കില്‍ സങ്കീര്‍ണതകള്‍ക്കിടയിലും പദ്ധതി പൂര്‍ത്തിയാക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 1965 ലെ കേരള ലാന്‍ഡ് യൂട്ടിലൈസേഷന്‍ ഓഡര്‍ പ്രകാരം കൃഷിയോഗ്യമായ ഭൂമി നികത്തുന്നത് കുറ്റകരമാണെങ്കിലും 2008ല്‍ വരേക്കുള്ള കാലത്തെ അനധികൃത വയല്‍ നികത്തലുകള്‍ ഭൂമിയുടെ ഫെയര്‍വാല്യുവിന്‍െറ 25 ശതമാനം പിഴവാങ്ങി നിയമസാധുത നല്‍കാനായി മുന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇത് റദ്ദാക്കി. വീണ്ടും ഭൂമിയുടെ ഡാറ്റാബാങ്ക് തയാറാക്കുമ്പോള്‍ ഇത്തരത്തില്‍ കൃഷിയോഗ്യമല്ലാതായ ഭൂമി ഏത് ഇനത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആശങ്കയും ഉയരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.