മഞ്ചേരി പോളിടെക്നിക്കില്‍ ആദ്യബാച്ച് പ്രവേശം തുടങ്ങി

മഞ്ചേരി: മഞ്ചേരിയിലെ പുതിയ പോളിടെക്നിക്കില്‍ വിദ്യാര്‍ഥികള്‍ പ്രവേശം നേടി. നേരത്തെ ഓപ്ഷന്‍ നല്‍കിയത് വഴി മഞ്ചേരി പോളിടെക്നിക്കിനെ തെരഞ്ഞെടുത്ത മുഴുവന്‍ വിദ്യാര്‍ഥികളും കേന്ദ്രത്തിലത്തെി സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും നല്‍കി പഠനത്തിന് ചേര്‍ന്നു. മെക്കാനിക് എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്‍റല്‍ എന്‍ജിനീയറിങ് എന്നിവയിലേക്കാണ് പ്രവേശം നല്‍കിയത്. മൂന്നിലും 60 സീറ്റാണുള്ളത്. ഏറെ കാത്തിരുന്ന് മഞ്ചേരിയില്‍ പുതിയ പോളിടെക്നിക്കില്‍ ക്ളാസ് തുടങ്ങാന്‍ നടപടിയായെങ്കിലും ഇതുവരെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. ക്ളാസ് മുറികള്‍ മാത്രമാണുള്ളത്. ഇതില്‍ ബെഞ്ചും ഡെസ്കും ഒരുക്കിയിട്ടില്ല. വിദ്യാര്‍ഥികള്‍ക്ക് പ്രാഥമികാവശ്യത്തിനുള്ള സൗകര്യവുമില്ല. മഞ്ചേരി നഗരസഭയുടെയും സ്ഥലം എം.എല്‍.എയുടെയും പങ്കാളിത്തത്തില്‍ ഇത് യാഥാര്‍ഥ്യമാക്കാനാണ് ആലോചന. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ തിങ്കളാഴ്ച പോളിടെക്നിക്കില്‍ എത്തി നടപടികള്‍ വിലയിരുത്തി. പുതിയ പോളിയില്‍ ഇപ്പോള്‍ ആകെയുള്ളത് സര്‍ക്കാര്‍ നേരത്തെ നിയമിച്ച സ്പെഷല്‍ ഓഫിസര്‍ തിരൂരങ്ങാടി പോളിടെക്നിക് പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫയാണ്. അദ്ദേഹത്തിന്‍െറ നേതൃത്വത്തിലാണ് തിങ്കളാഴ്ച പ്രവേശ നടപടികള്‍ പൂര്‍ത്തിയാക്കിയത്. അധ്യാപകരെ താല്‍കാലികമായി വെക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നേരിട്ടാണ് പൂര്‍ത്തിയാക്കുക. കുറഞ്ഞത് വിവിധ ട്രേഡുകളിലേക്കായി 20 അധ്യാപകരെയെങ്കിലും വേണം. അതിനുപുറമെ നോണ്‍ടീച്ചിങ് സ്റ്റാഫും ആവശ്യമായുണ്ട്. സംസ്ഥാനത്ത് പുതുതായി ആറു പോളിടെക്നിക്കുകള്‍ അനുവദിക്കാന്‍ തീരുമാനിച്ച് ഒരുക്കങ്ങള്‍ നടത്തിയെങ്കിലും മഞ്ചേരിയിലും മാനന്തവാടിയിലും മാത്രമാണ് കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍െറ അനുമതി ലഭിച്ചത്. ന്യൂനപക്ഷ പരിഗണനയിലായിരുന്നു രണ്ടിടത്തും അംഗീകാരം. തിങ്കളാഴ്ച പ്രവേശം നേടിയ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് തെരഞ്ഞെടുത്ത വിഷയവും സ്ഥാപനവും മാറാനുള്ള ഓപ്ഷന്‍ നല്‍കാന്‍ ഇനിയും അവസരമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.