സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; വിദ്യാര്‍ഥിനിക്ക് പരിക്ക്

മണ്ണാര്‍ക്കാട്: സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു. ബസിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ഥിനികള്‍ പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. കുളപ്പാടം ഒഴുകുപാറ ചിറക്കല്‍ വീട്ടില്‍ രാമദാസന്‍െറ മകളും സെന്‍ട്രല്‍ സ്കൂള്‍ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിനിയുമായ അമൃതക്കാണ് (11) പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ അമൃതയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര സര്‍ജറി നടത്തി. ബസിലുണ്ടായിരുന്ന ശേഷിക്കുന്ന വിദ്യാര്‍ഥികളെയും വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലത്തെിച്ച് പരിശോധിച്ച് വിട്ടയച്ചു. വട്ടമ്പലം-തോട്ടര-എം. എല്‍.എ റോഡില്‍ കുളപ്പാടം പൂന്തുരിത്തിക്ക് സമീപം വെള്ളിയാഴ്ച രാവിലെ 9.15നാണ് സംഭവം. കോട്ടപ്പുറം സെന്‍ട്രല്‍ ഇംഗ്ളീഷ് മീഡിയം സ്കൂളിന്‍െറ മിനി ബസാണ് പൂന്തുരുത്തിയിലെ കയറ്റം കയറുന്നതിനിടെ പിന്നോട്ട് നീങ്ങി കൊക്കയിലേക്ക് മറിഞ്ഞത്. കയറ്റം കയറുന്നതിനിടെ ബസിന്‍െറ പിന്‍ഭാഗത്തെ ആക്സില്‍ പൊട്ടിയതാണ് അപകട കാരണമെന്നാണ് പറയപ്പെടുന്നത്. നൂറോളം മീറ്റര്‍ പിന്നോട്ട് നീങ്ങിയ ബസ് പിന്നീട് റോഡരികിലെ കൊക്കയിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ പ്രദേശവാസികളാണ് ബസിനകത്ത് കുടുങ്ങിയ വിദ്യാര്‍ഥികളെ പുറത്തെടുക്കാനും ആശുപത്രിയില്‍ എത്തിക്കാനും നേതൃത്വം നല്‍കിയത്. വട്ടമ്പലത്തുനിന്ന് ഫയര്‍ഫോഴ്സും സ്ഥലത്തത്തെി. 18 വിദ്യാര്‍ഥികളും അധ്യാപികയും ക്ളീനറുമടക്കം 21 പേരാണ് ബസിലുണ്ടായിരുന്നത്. മണ്ണാര്‍ക്കാട് ട്രാഫിക് പൊലീസും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും സ്ഥലത്തത്തെി പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.