ജില്ലയില്‍ 12 സര്‍ക്കാര്‍ സ്കൂളുകളില്‍ ശമ്പളം നല്‍കുന്നത് ഫീസ് ഈടാക്കി

മലപ്പുറം: ജില്ലയിലെ 12 സര്‍ക്കാര്‍ ഹൈസ്കൂളുകളിലെ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കിയും നാട്ടുകാരില്‍നിന്ന് സംഭാവന സ്വീകരിച്ചും. 2013-14 വര്‍ഷം ആര്‍.എം.എസ്.എ പ്രകാരം ഹൈസ്കൂളുകളാക്കി ഉയര്‍ത്തിയ അഞ്ചച്ചവിടി, നീലാഞ്ചേരി, മരുത, ആതവനാട്, കുറുക, കരിപ്പോള്‍, മീനടത്തൂര്‍, ചാലിയപ്പുറം, ചേരിയം, നെടുവ, കൊളപ്പുറം, തൃക്കുളം ഗവ. ഹൈസ്കൂളുകള്‍ക്കാണ് ഈ ദുരവസ്ഥ. കഴിഞ്ഞദിവസം നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ അംഗം ടി.പി. അഷ്റഫലി ഈ വിഷയം പ്രമേയത്തിലൂടെ ഉന്നയിച്ചിരുന്നു. 12ല്‍ ഒമ്പത് സ്കൂളുകളും ഈവര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ സ്കൂളുകളാണെന്നതാണ് ശ്രദ്ധേയം. 2013-14 വര്‍ഷം ഹൈസ്കൂളാക്കി ഉയര്‍ത്തിയത് മുതല്‍ ഇന്നുവരെ ഈ സ്കൂളുകളില്‍ മുഴുവന്‍ തസ്തികകളിലും സര്‍ക്കാര്‍ അധ്യാപകരെ നിയമിച്ചിട്ടില്ല. അധ്യാപകരുടെ തസ്തിക സൃഷ്ടിക്കാന്‍ നടപടിയായിട്ടില്ലാത്തതിനാല്‍ ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനം പോലും അസാധ്യമാണ്. പകരം ചുരുങ്ങിയ വേതനത്തിന് താല്‍ക്കാലിക അധ്യാപകരെ നിയമിച്ചാണ് അധ്യയനം നടത്തുന്നത്. വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് പിരിച്ചും നാട്ടുകാരില്‍നിന്ന് സംഭാവന സ്വീകരിച്ചുമാണ് പി.ടി.എ ഇവര്‍ക്ക് ശമ്പളം നല്‍കാനുള്ള തുക കണ്ടത്തെുന്നത്. ചില സ്കൂളുകളില്‍ ഒരു വിദ്യാര്‍ഥി 200ഉം 300ഉം രൂപ വരെ പ്രതിമാസം ഫീസായി നല്‍കുന്നു. ശരാശരി 5,000 രൂപയാണ് അധ്യാപകര്‍ക്ക് ശമ്പളമായി നല്‍കുന്നത്. ആവശ്യമായ യോഗ്യതയുള്ളവരെ ഈ ശമ്പളത്തിന് കിട്ടാത്ത അവസ്ഥയുമുണ്ട്. സ്കൂളുകളുടെ വിദ്യാഭ്യാസ നിലവാരത്തെ കൂടി ഇത് പ്രതികൂലമായി ബാധിക്കുന്നു. താല്‍ക്കാലിക അധ്യാപകര്‍ക്കുള്ള ശമ്പളം കണ്ടെത്തേണ്ടതിനാല്‍ സ്കൂള്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പോലും പി.ടി.എകള്‍ക്ക് കഴിയുന്നില്ല. ഇക്കാരണങ്ങളാല്‍ വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുന്ന സ്ഥിതിയുമുണ്ട്. അധ്യാപകര്‍ ഉണ്ടായിട്ടും കുട്ടികള്‍ ഇല്ലാത്തതിനാല്‍ അനാദായകരമെന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി സ്കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കാലത്താണ് അധ്യാപകരില്ലാത്തിന്‍െറ ദുരിതം വിദ്യാര്‍ഥികള്‍ നേരിടുന്നത്. ഹൈസ്കൂളുകളുടെയും ഹയര്‍ സെക്കന്‍ഡറികളുടെയും നടത്തിപ്പ് ചുമതല ജില്ലാ പഞ്ചായത്തിനാണ്. എന്നാല്‍, അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ നിലവിലെ പദ്ധതി മാര്‍ഗരേഖയില്‍ വ്യവസ്ഥയില്ല. താല്‍ക്കാലിക പരിഹാരമെന്നോണം ജില്ലാ പഞ്ചായത്തിനുള്ള പദ്ധതി മാര്‍ഗരേഖയില്‍ ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അധ്യാപകരെ അനുവദിച്ച് പ്രശ്നം പൂര്‍ണമായും പരിഹരിക്കണമെന്നുമാണ് സ്കൂളുകളുടെ ആവശ്യം. സ്കൂളുകളില്‍ അനിവാര്യമായും വേണ്ട തസ്തികകള്‍. വിഷയം, എണ്ണം എന്ന ക്രമത്തില്‍ എച്ച്.എം -12, ഇംഗ്ളീഷ് -21, അറബിക് -ഏഴ്, മലയാളം -ഒമ്പത്, ഹിന്ദി -ആറ്, ഫിസിക്സ് -12, ബയോളജി -ഏഴ്, സോഷ്യല്‍ സയന്‍സ് -15, മാത്തമാറ്റിക്സ് -14, ഉര്‍ദു -രണ്ട്, സംസ്കൃതം -രണ്ട്, ക്ളര്‍ക്ക് -12, ഒ.എ -13, എഫ്.ടി.സി -14, പി.ടി -രണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.